മുഗൾ ചക്രവർത്തി ഷാജഹാന്റെ കഠാരയടക്കം ഇന്ത്യയിലെ വിവിധ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട നാനൂറോളം വസ്തുക്കൾ ലേലത്തിനെത്തുന്നു. 500 വർഷത്തെ ഇന്ത്യൻ ചരിത്രവുമായി അടുത്ത ബന്ധമുള്ള വസ്തുക്കളാണിവയെന്ന് ലേലം നടത്തുന്ന ക്രിസ്റ്റീസ് കന്പനി പറഞ്ഞു. മഹാരാജാക്കന്മാരുടെയും മുഗളന്മാരുടെയും പ്രൗഢി എന്നു പേരിട്ടിരിക്കുന്ന ലേലം ജൂൺ 19നാണ്.
ഷാജഹാന്റെ കഠാരയ്ക്ക് 15 മുതൽ 25 വരെ ലക്ഷം ഡോളർ വില പ്രതീക്ഷിക്കുന്നു. കപൂർത്തലയിലെ ജഗ്ജീത് സിംഗ് മഹാരാജാവിന്റെ ഉടവാളാണ് ലേലത്തിലെ മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രം. വജ്രവും മറ്റു പലവിധത്തിലുള്ള രത്നങ്ങളും പിടിപ്പിച്ചിട്ടുള്ള ഇതിന് ഒന്നു മുതൽ ഒന്നര വരെ ലക്ഷം ഡോളർ വില പ്രതീക്ഷിക്കുന്നു. ഹൈദരാബാദിലെ നൈസാമിന്റെ വാളും ലേലത്തിനുണ്ട്. പ്രതീക്ഷിക്കുന്ന വില 10- 15 ലക്ഷം ഡോളർ.
ജയ്പൂരിലെ സ്വാമി മാൻസിംഗ് രണ്ടാമന്റെ ഭാര്യ രാജമാതാ ഗായത്രീ ദേവിയുടെ വജ്രവും മുത്തും ഘടിപ്പിച്ച നെക്ലെസിന് പത്തു മുതൽ 15 വരെ ലക്ഷം വിലയാകും. ടിപ്പു സുൽത്താന്റെ ഒരു പതക്കവും ലേലത്തിനെത്തും. ഈ വസ്തുക്കളെല്ലാം ജൂൺ 14 മുതൽ 18 വരെ പ്രദർശനത്തിനു വയ്ക്കും.