കടുത്തുരുത്തി: ജീവിക്കാൻ ഓക്സിജൻ സിലിണ്ടറിന്റെയും ഓക്സിജൻ കോണ്സ്ട്രേറ്ററിന്റെയും സഹായം ആവശ്യമുള്ള വീട്ടമ്മ കാൽനൂറ്റാണ്ടിലേറേയായുള്ള സ്വപ്നം പൂർത്തിയാക്കാൻ പ്ലസ്ടു തുല്യത പരീക്ഷയെഴുതാനെത്തി.
വൈക്കപ്രയാർ മനയിൽ വീട്ടിൽ പി.പി. സിമിമോളാ (50)ണു കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിൽ നടക്കുന്ന തുല്യതാ പരീക്ഷയിൽ ഓക്സിജൻ സിലിണ്ടറിന്റെയും ഓക്സിജൻ കോണ്സ്ട്രേറ്ററിന്റെയും സഹായത്തോടെ പങ്കെടുത്തത്.
പ്ലസ്ടു ഹ്യുമാനിറ്റീസ് വിഭാഗത്തിലെ പരീക്ഷയാണ് കഴിഞ്ഞ ദിവസം സിമിമോൾ എഴുതിയത്.
അമ്മ സരോജിനിക്കും സഹോദരി സിനിമോൾക്കുമൊപ്പമാണ് സിമിമോൾ പരീക്ഷയെഴുതാനെത്തിയത്.
രാവിലെ 9.30ന് ആരംഭിക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ എട്ടിനു തന്നെ ഇവർ സ്കൂളിലെത്തിയിരുന്നു.
ഇങ്ങനെയൊരു ബുദ്ധിമുട്ടുള്ളതിനാൽ മറ്റു വിദ്യാർഥികൾക്കൊപ്പമല്ലാതെ സ്റ്റാഫ് റൂമിൽ തനിച്ചിരുത്തിയാണ് അധികൃതർ പരീക്ഷയെഴുതാൻ സാഹചര്യമൊരുക്കിയത്.
സാക്ഷരതാ മിഷന്റെ വൈക്കത്തെ സെന്ററിൽ പഠിച്ചാണ് സിമി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതാനെത്തിയത്.
157 പേരാണ് ഇവിടെ ഹയർ സെക്കൻഡറി ബോർഡ് നടത്തുന്ന പ്ലസ്ടു പരീക്ഷയെഴുതുന്നത്. ശനിയാഴ്ച ആരംഭിച്ച പരീക്ഷ 20നാണ് സമാപിക്കുന്നത്.
2019 ലാണ് സിമിയുടെ ഭർത്താവ് ജ്യോതിരാജ് (റിട്ട. എയർ ഫോഴ്സ് ജീവനക്കാരൻ) മരിച്ചത്. ഇവരുടെ ഏകമകൾ അമൃത മാംഗളൂരുവിൽ ബിഡിഎസിനു പഠിക്കുകയാണ്.
ഭർത്താവിന്റെ മരണശേഷം സിമിക്കു ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖം (ഹണികോംബ് ഡിസീസ്) ഗുരുതരമായതോടെ ഡോക്ടറുടെ നിർദേശമനുസരിച്ച് ഒരു വർഷമായി ഓക്സിജൻ സിലിണ്ടറിന്റെയും ഓക്സിജൻ കോണ്സ്ട്രേറ്ററിന്റെയും സഹായം തേടുകയായിരുന്നു.
അങ്കണവാടി അധ്യാപികയായിരുന്ന സിമിക്കു രോഗംമൂലം ജോലിക്കു പോകാനാകാതെ വരികയായിരുന്നു.
ആലപ്പുഴ പെരുന്പളം സ്വദേശിനിയായ സിമി പത്താം ക്ലാസ് പാസായ ശേഷം ചേർത്തലയിൽ പ്രീഡിഗ്രി പഠനത്തിനു ചേർന്നിരുന്നെങ്കിലും പൂർത്തിയാക്കാനായില്ല.
വിവാഹിതയായ ശേഷം ഭർത്താവിനൊപ്പം പോരേണ്ടി വന്നതിനാൽ തുടർപഠനം നടന്നില്ല. അന്നുമുതലുള്ള ആഗ്രഹമായിരുന്നു പ്ലസ് ടു പാസാകുകയെന്നത്.
ജീവിതത്തോട് പടവെട്ടി സിമിമോൾ തന്റെ സ്വപ്നം യാഥാർഥ്യമാക്കുന്പോൾ ഏവർക്കും അതൊരു മാതൃകയാവുകയാണ്.