തീക്കട്ടയില്‍ ഉറുമ്പരിക്കുക എന്നു കേട്ടിട്ടില്ലേ…കഞ്ചാവ് പിടികൂടാന്‍ സഹായിക്കാമെന്ന് പറഞ്ഞ് എക്സൈസ് സംഘത്തെ റെയ്ഡിനിറക്കുകയും പ്രിവന്റീവ് ഓഫീസറുടെ സ്കൂട്ടര്‍ മോഷ്ടിച്ചു സ്ഥലം വിടുകയും ചെയ്യുന്നതിനെ പിന്നെ എങ്ങനെ വിശേഷിപ്പിക്കണം. ചിറ്റാര്‍ കുമരംകുന്ന് പുത്തന്‍പറമ്പില്‍ അച്ചായി എന്ന ഷാജി തോമസ്(43) ആണ് മുണ്ടക്കയത്ത് അറസ്റ്റിലായത്. മലയാലപ്പുഴ പോലീസും എസ്പിയുടെ ഷാഡോ പോലീസും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഷാജിയെ പൊക്കിയത്.
മുമ്പ് പോലീസിന്റെ ഉറക്കം കെടുത്തിയിരുന്ന ചിറ്റാര്‍ തോമസ് എന്ന കള്ളന്റെ അനന്തിരവനാണ് ഷാജി. കഞ്ചാവടിച്ചാല്‍ പിന്നെ മോഷണം ഷാജിയ്ക്ക് നിര്‍ബന്ധമാണ്. എറണാകുളത്ത് പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസും പത്തനംതിട്ടയിലെ പെട്രോള്‍ പമ്പില്‍ നിന്ന് സ്വകാര്യ ബസും മോഷ്ടിച്ച ചരിത്രവും ഷാജിയ്ക്കുണ്ട്. പലതവണ ജയില്‍ വാസം അനുഭവിച്ച ഷാജി ഇന്‍ഫോര്‍മറുടെ വേഷത്തില്‍ എക്സൈസിനെ സമീപിച്ച് കഞ്ചാവിന്റെ സാമ്പിള്‍ വാങ്ങാന്‍ പണം ആവശ്യപ്പെട്ടതടക്കമുള്ള തട്ടിപ്പുകളാണ് നടത്തി വന്നിരുന്നത്.
ഇങ്ങനെ നിരവധി തവണ ഇയാള്‍ എക്സൈസുകാരില്‍ നിന്ന് പണം തട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇതേ തന്ത്രം വീണ്ടുമിറക്കിയ ഷാജി വടശ്ശേരിയ്ക്കരയ്ക്കടുത്ത് നരിക്കുഴിയില്‍ കഞ്ചാവ് കൈമാറ്റം നടക്കുന്നുണ്ടെന്നും തനിക്കൊപ്പം വന്നാല്‍ അത് പിടിച്ചു തരാമെന്നും എക്സൈസ് സംഘത്തെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് എക്സൈസ് സംഘം കാറിലും ഷാജി പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാറിന്റെ സ്കൂട്ടറിലുമായി കഞ്ചാവ് വേട്ടയ്ക്കിറങ്ങി.
നരിക്കുഴിയിലെത്തിയപ്പോള് എക്സൈസ് സംഘത്തെ തടഞ്ഞ ഷാജി ഇനി പ്രിവന്റീവ് ഓഫീസറും താനും മാത്രം മതിയെന്നു പറഞ്ഞ് അനില്‍കുമാറിനെയും കൂട്ടി മുമ്പോട്ടു പോയി. ഇടയ്ക്ക് 1000 രൂപ കഞ്ചാവ് സാമ്പിളിനായി വാങ്ങിയ ശേഷം അനില്‍കുമാറിനെ വഴിയിലിറക്കിവിട്ടു.പിന്നീട് സ്കൂട്ടറുമായി മുങ്ങുകയായിരുന്നു.ഇയാള്‍ മുണ്ടക്കയത്ത് സ്വകാര്യ ബസില്‍ ഡ്രൈവറായി ജോലി നോക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പോലീസ് സംഘം മുണ്ടക്കയത്തെത്തുന്നതും ഇയാളെ പൊക്കുന്നതും.