മൂവാറ്റുപുഴ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ഒരു മാസത്തിലേറെയായി വായ് മൂടിക്കെട്ടി ഓട്ടോറിക്ഷയോടിച്ചിരുന്ന എം.ജെ. ഷാജി ഹർത്താൽ ദിനത്തിൽ സൗജന്യ യാത്രയൊരുക്കി. ഓട്ടോറിക്ഷ തൊഴിലാളിയും സാമൂഹ്യ പ്രവർത്തകനുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജി ഇന്നലെ തന്റെ ഓട്ടോറിക്ഷയിൽ സൗജന്യ യാത്രയെന്നു വാഹനത്തിൽ പ്രദർപ്പിച്ചിരുന്നു.
പെട്രോൾ, ഡീസൽ വിലവർധനയ്ക്കെതിരേ 38 ദിവസമായി കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടിയും ഇന്ധന വിലവർധനയ്ക്കെതിരേ പ്രതിഷേധ സമരമെന്ന ബാഡ്ജും ധരിച്ചാണ് സമരം നടത്തിവന്നിരുന്നത്. ഹർത്താൽ ജനങ്ങൾക്കു സമ്മാനിക്കുന്ന ദുരിതം ചെറുതല്ലെന്നു വ്യക്തമാക്കാനാണു സൗജന്യയാത്രസംഘടിപ്പി ച്ചതെന്നു ഷാജി പറഞ്ഞു.
ജനറൽ ആശുപത്രിയിലെത്തിയ രോഗികളടക്കം വാഹനം കിട്ടാതെ വലഞ്ഞ നിരവധി പേർക്കു ഷാജിയുടെ സൗജന്യ ഓട്ടോ സർവീസ് ആശ്വാസമായി. ഹർത്താൽ ദിനത്തിൽ ഷാജിയൊരുക്കുന്ന സൗജന്യ യാത്ര വർഷങ്ങളായി നൂറുകണക്കിനാളുകൾക്ക് പ്രയോജനമായിട്ടുണ്ട്.
ആശുപത്രിയിൽ പോകേണ്ട രോഗികൾക്കം മറ്റും സഹായമായികൊണ്ടിരിക്കുന്ന ഈ സൗജന്യ സർവീസ് ജനമനസുകളിൽ ഇതിനോടകം സ്ഥാനം പിടിച്ചിട്ടുണ്ട്.