വെള്ളറട(തിരുവനന്തപുരം): ദിവസങ്ങളായി കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ കണ്ടെത്തി. കീഴാറൂര്‍ ഇടപ്പറക്കോണം മേക്കുംകര പുത്തന്‍വീട്ടില്‍ വിൻസെന്റിന്റെ മകന് ഷാജി (30) യുടെ മൃതദേഹമാണ് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കൂട്ടുകാരന് സുരേഷിന്റെ വീട്ടുവളപ്പിലെ കിണറില്‍ നിന്നും കിട്ടിയത്.
ഷാജിയെ തിങ്കളാഴ്ച്ച മുതലാണ് കാണാതായത്. കിണറിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടര്ന്ന്ഫയര്ഫോഴ്സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
സുരേഷിന്റെ വീട്ടിലിരുന്ന് ഷാജി ഉൾപ്പെടെ മൂന്ന് അംഗ സംഘം മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഷാജി വീട്ടിലെത്താത്തതിനെത്തുടർന്ന് വീട്ടുകാർ ആര്യങ്കോട് പോലീസിൽ പരാതി നൽകിയിരുന്നു.
പൊലിസിന്റെ നേതൃത്വത്തില്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ അപകടവിവരം അറിയന്‍ കഴിയൂവെന്ന് ആര്യന് കോട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രദീപ് പറഞ്ഞു. കൂട്ടംകൂടി മദ്യപിച്ച സുഹൃത്തു ക്കള്‍ പോലീസ് നിരീക്ഷണത്തിലാണ്.