തലയോലപ്പറന്പ്: ദീർഘനാളായി രോഗവും, ദാരിദ്ര്യവും വേട്ടയാടിയ ഷാജിക്ക് സ്വന്തമായി വീടായി. തലയോലപ്പറന്പ് പഴന്പട്ടി മുരുകാലയത്തിൽ ഷാജി 10 വർഷമായി അപൂർവ രോഗത്തിന്റെ തടവറയിലായിരുന്നു. മൂക്കിൽ ക്രമാതീതമായി ദശവളരുകയും, കാലിൽ ഉണങ്ങാത്ത വ്രണവുമായി ഒരു ദശാബ്ദമായി ഷാജി ചികിത്സ തേടാത്ത ഇടമില്ല. ഓപ്പറേറ്റ് ചെയ്താലും വീണ്ടും മൂക്കിൽ ദശവളരും.
പൊട്ടിയൊലിക്കുന്ന കാലിലെ വ്രണം ഈ മനുഷ്യന്റെ സ്വൈര്യം കെടുത്തി. കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയും ഷാജിക്ക് തുണയായില്ല. ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന് തലചായ്ക്കാൻ ഒരു വീടില്ലായിരുന്നു. പഞ്ചായത്തിൽനിന്ന് അനുവദിച്ച 1,60,000 രൂപയ്ക്ക് തറയും, ഭിത്തിയും കെട്ടി. കട്ടിള വച്ചു.
പക്ഷേ പിന്നീടുള്ള പണി സ്തംഭനാവസ്ഥയിലായി. ഏഴുവർഷമായി വീടുപണി മുടങ്ങിയപ്പോൾ ഭിത്തിയും, തറയും കാടുകയറി നശിച്ചു. കട്ടിള ഉൾപ്പെടെയുള്ളവ ദ്രവിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് തലയോലപ്പറന്പ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഷാജിയുടെ കുടുംബത്തിന്റെ സഹായത്തിനെത്തിയത്.കാരുണ്യ പ്രവർത്തകർ സുമനസുകളിൽ നിന്ന് സമാഹരിച്ച രണ്ടുലക്ഷത്തി നാൽപതിനായിരം രൂപ ഉപയോഗപ്പെടുത്തി മുടങ്ങിക്കിടന്ന വീടുപണി പൂർത്തിയാക്കി.
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സിബി വടക്കേമയ്യോട്ടിൽ, സെക്രട്ടറി എം. ദിലീപ്, ട്രഷറർ ജോയി ജോണ് നടുവിലേക്കുറിച്ചിയിൽ, രക്ഷാധികാരി ഡോ. ടോമി ജോസഫ് വലിയവീട്ടിൽ, ബെന്നി കരോട്ട്കുന്നക്കാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വീടുനിർമാണം. ഒരിക്കലും പ്രതീക്ഷിക്കാത്ത വീടെന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സംതൃപ്തിയിലാണ് ഷാജി. നിർമാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽദാന കർമം ഇന്നു രാവിലെ 10ന് സി.കെ. ആശ എംഎൽഎ നിർവഹിക്കും. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.