പത്തനാപുരം: മരക്കാലുകളില്‍ തകരഷീറ്റും ചാക്കും ടാര്‍പ്പയും കൊണ്ട് മറച്ച ഒറ്റമുറി കൂരയിൽ തൊഴുത്തിനേക്കാള്‍ ദയനീയമായി ഒരു കുടുംബം.
പിറവന്തൂര്‍ പഞ്ചായത്തിലെ എലിക്കാട്ടൂര്‍ ചിറാണിക്കല് ഷാജി വിലാസത്തില്‍ ഷാജിയും ഭാര്യ ബിന്ദുവും രണ്ട് മക്കളും എട്ടുവര്‍ഷമായി ഇവിടെ കഴിയുന്നു.
ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി ടെലിവിഷന്‍ നല്‍കാനെത്തിയപ്പോഴാണ് വൈദ്യുതി കണക്ഷന്‍പോലും നല്കാന് കഴിയാത്ത കൂരയിലാണിവരെന്ന് മനസിലാക്കിയത്.
പാചകവും പഠനവും ഉറക്കവുമെല്ലാം ഈ ഒറ്റമുറിക്കുള്ളിലാണ്. ഇരിയ്ക്കാന്‍ ഒരു കസേര പോലുമില്ല. തടിപ്പണിയും കൂലിപ്പണിയുമൊക്കെ ചെയ്യുന്ന ഷാജിയ്ക്ക് ലോക്ക് ഡൗണിന് ശേഷം പണിയുള്ളത് വല്ലപ്പോഴുമാണ്. റേഷന്‍കാര്‍ഡ് പോലുമില്ല.
നാലാം ക്ലാസില്‍ പഠിക്കുന്ന അനന്തുവും ഒന്നാം ക്ലാസുകാരി ആദിലക്ഷ്മിയും വൈദ്യുതി വെളിച്ചം പോലുമില്ലാതെയാണ് പഠനം നടത്തുന്നത്.
പിതൃസ്വത്തായി ഷാജി ഉള്‍പ്പെടെ മൂന്ന് മക്കള്ക്ക്കൂടി ആകെ ലഭിച്ചത് നാല് സെന്റ് ഭൂമിയാണ്. മൂന്നായി ഭാഗിച്ചാല്‍ ഒരാള്‍ക്ക് ഒന്നര സെന്റ് പോലും ലഭിക്കില്ല. വീടിന് വേണ്ടി ഏറെ അലഞ്ഞെങ്കിലും അധികൃതരാരും കനിഞ്ഞില്ലെന്ന് ഷാജിയുടെ ഭാര്യ ബിന്ദു പറയുന്നു.
നാല് വര്‍ഷം മുന്‍പ് മഴക്കാലത്ത് ഷെഡ് തകര്‍ന്നുവീണെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു. വീണ്ടും കെട്ടിയ കൂര ഏത് നിമിഷവും നിലം പൊത്താറായ അവസ്ഥയിലുമാണ്. മക്കളുടെ പഠനവും സുരക്ഷിതമായി കഴിയാനുള്ള അടച്ചുറപ്പുള്ള സ്വന്തമായി ഒരു വീടും മാത്രമാണിവരുടെ സ്വപ്നം.