മലയാളികള്‍ സാക്ഷ്യം വഹിച്ച നിരവധി താര, പ്രണയ വിവാഹങ്ങളില്‍ ഒന്നായിരുന്നു, ഷാജി കൈലാസ്- ആനി ദമ്പതികളുടേത്. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും സൂപ്പര്‍ഹിറ്റ് നായികയും ഇന്നും അന്നത്തെ അതേ സ്നേഹത്തോടെ തന്നെയാണ് മുന്നോട്ട് കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നതും.
1996 ലാണ് ഇവര്‍ വിവാഹിതരായത്. തങ്ങളുടെ പ്രണയം പിന്നിട്ട വഴികളെക്കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് വിവരിച്ചിരിക്കുന്നത് രസകരമാണ്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…
‘ആനിയെ ആദ്യമായി കാണുന്നത് അമ്മയാണ്. സത്യത്തിന്റെ ഡബ്ബിങ് സ്റ്റുഡിയോയിലാണ്. അതിന് മുന്‍പ് പല മാഗസിനുകളിലും മുഖം കണ്ടിരുന്നു. അതിന് ശേഷമാണ് ‘രുദ്രാക്ഷം’ എന്ന സിനിമയിലേക്ക് ആനിയെ ഞാന്‍ ക്ഷണിക്കുന്നത്. സെറ്റില്‍ ഗൗരവക്കാരനായിരുന്നതിനാല് എന്നെ പേടിച്ച് അവള് പലപ്പോഴും മൂഡോഫായി ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഞങ്ങള്‍ ഒരിക്കല്‍ പോലും കത്ത് അയക്കുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിരുന്നില്ല. ഒരു ഗോസിപ്പുകളിലും ഞങ്ങളുടെ പ്രണയം വന്നിട്ടുമില്ല. അവളോടുള്ള പ്രണയം തുറന്ന് പറഞ്ഞത് മുതല്‍ അവളുടെ വിരലില്‍ ഇടാന്‍ ഒരു മോതിരവുമായിട്ടായിരുന്നു ഞാന്‍ നടക്കുന്നത്.
പിന്നീട് ഫ്ലൈറ്റില്‍ വെച്ചാണ് വിരലില്‍ ഞാന്‍ മോതിരമണിയിച്ചത്. ഒരു സിനിമയുടെ ആവശ്യവുമായി ബോംബെയില്‍ പോവണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ബാഗുമായി ഇറങ്ങിയെങ്കിലും വണ്ടി ചെന്ന് നിന്നത് ആനിയുടെ വീടിന്റെ പുറകിലായിരുന്നു. ചക്ക പഴുത്തോ എന്ന് നോക്കാനെന്ന് പറഞ്ഞ് എന്നെയും കാത്ത് പറമ്പില്‍ നില്‍ക്കുകയായിരുന്നു. അവിടെ നിന്നും അവളെ കൂട്ടി നേരെ പോയത് സുരേഷ് ഗോപിയുടെ വീട്ടിലേക്ക്. വിവരങ്ങളെല്ലാം തുറന്ന് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ പ്രണയത്തിലാണെന്ന് സുരേഷ് പോലും അറിയുന്നത്. അവിടെ വെച്ചായിരുന്നു രജിസ്റ്റര്‍ വിവാഹം നടക്കുന്നത്’.