കരുനാഗപ്പള്ളി : സമൂഹത്തെ നിയന്ത്രിക്കുന്ന പ്രബല ശക്തിയായി പണം മാറുകയാണെന്ന് ചലച്ചിത്രകാരനും പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റുമായ ഷാജി എൻ കരുൺ പറഞ്ഞു.നവകേരള സാംസ്കാരിക യാത്രയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹൃദയത്തിന്റെ ശബ്ദത്തിനു പകരം പണത്തിന്റെ ശബ്ദമാണ് മതവിശ്വാസങ്ങളെ പോലും ഭരിക്കുന്നത്.
നല്ല മനുഷ്യരായി ജീവിക്കാനാണ് എല്ലാ മതങ്ങളും നിഷ്കർഷിച്ചത്. എന്നാൽ പണം കൊണ്ട് ഉണ്ടാക്കുന്ന ശക്തിയായി മതത്തെ ഇന്ന് മാറ്റി തീർക്കുകയാണ്. നല്ല മനുഷ്യനായി മാറുന്നതിനുള്ള ഔചിത്യ ങ്ങളായി മതത്തെ മാറ്റി തീർക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ജീവതാളം വേദിയിലാണ് സാംസ്കാരിക യാത്രയ്ക്ക് സ്വീകരണം ഒരുക്കിയത്.
സ്വീകരണസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി കെ ബാലചന്ദ്രൻ അധ്യക്ഷനായി. ടി എൻ വിജയകൃഷ്ണൻ, പുരോഗമനകലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡി സുരേഷ് കുമാർ, ജാഥാ അംഗം ഡോ എം എ സിദ്ധിഖ്, ജാഥാകൺവീനർ പ്രഫ. വി എൻ മുരളി, മാനേജർ എ ഗോകുലേന്ദ്രൻ, അംഗങ്ങളായ ഡോ. എം എം നാരായണൻ, വി സീതമ്മാൾ, വിനോദ് വൈശാഖി, വിഎസ് ബിന്ദു, ഡോ. സി ഉണ്ണികൃഷ്ണൻ, രാധാ കാക്കനാടൻ, പുരോഗമന കലാസാഹിത്യ സംഘം ഏരിയാ പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ എന്നിവർ പ്രസംഗിച്ചു.
കരുനാഗപ്പള്ളി, കുന്നത്തൂർ, ശൂരനാട്, ചവറ മേഖലകളിലെ കലാസാഹിത്യ രംഗത്തെ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. ജാഥാ അംഗങ്ങളെ കരുനാഗപ്പള്ളി ടൗണിൽനിന്നും ഘോഷയാത്രയോടു കൂടിയാണ് ജാഥാകേന്ദ്രത്തിലേക്ക് ആനയിച്ചത്. കേരളത്തിന്റെ അതിജീവനം പ്രമേയമാക്കിയ ചലച്ചിത്രങ്ങളുടെ പ്രദർശനവും നടന്നു.