തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരൻ ഷാജി എന്.കരുണി(73)ന് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി.രാവിലെ 10 മുതല് 12.30 വരെ കലാഭവനില് പൊതുദര്ശനത്തിനുശേഷം സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
ഇന്നലെ വഴുതക്കാട് വസതിയില് എത്തി വിവിധ മേഖലയിലുള്ളവര് അന്തിമോപചാരം അര്പ്പിച്ചു. ഏറെ നാളായി അര്ബുദ രോഗത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന ഷാജി എന് കരുണ് ഇന്നലെ വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്തെ വീട്ടിലാണ് അന്തരിച്ചത്.കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
മലയാള സിനിമയുടെ വളർച്ചയ്ക്കായി ഇനിയുമേറെ ചെയ്യാനുണ്ടെന്ന് തുറന്നു പറഞ്ഞും അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയും, എഴുപതുകളിലും കർമനിരതനായിരിക്കവേയാണ് രോഗത്തിന്റെ പിടിമുറുക്കലും അതേ തുടർന്നുള്ള ഷാജി എൻ. കരുണിന്റെ അപ്രതീക്ഷിത വിയോഗവും.
2011 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഷാജി എൻ. കരുണിന് സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ ജെ.സി. ഡാനിയേൽ പുരസ്കാരം ദിവങ്ങൾക്കു മുൻപ് സമ്മാനിച്ചിരുന്നു. ജി. അരവിന്ദൻ, കെ.ജി ജോർജ്, എം.ടി വാസുദേവൻ നായർ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം നാൽപതോളം സിനിമകൾക്കായി കാമറ ചലിപ്പിച്ചു.
അരവിന്ദൻ സിനിമകൾക്കു വേണ്ടി പകർത്തിയ അവിസ്മരണീയ ഫ്രയിമുകളിലൂടെ അദ്ദേഹം തുടക്ക കാലത്ത് തന്നെ ദേശീയ അന്തർദേശീയ ശ്രദ്ധനേടി. കാഞ്ചനസീത, തന്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രാഹണം നിർവഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാകനെന്ന നിലയിൽ ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും സ്വന്തമാക്കി.
1988 ൽ ’പിറവി’ എന്ന ചലച്ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്നു. 1989 ലെ കാൻ ചലച്ചിത്രമേളയിൽ ചിത്രം പ്രത്യേക പരാമർശം നേടി. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏക മലയാള ചിത്രമായി. 1999 ൽ പുറത്തിറങ്ങിയ വാനപ്രസ്ഥവും കാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ കാൻ ചലച്ചിത്രമേളയുടെ ഒദ്യോഗിക വിഭാഗത്തിലേക്ക് തുടർച്ചയായ മുന്നു സിനിമകൾ തെരഞ്ഞെടുക്കപ്പെട്ട ലോക സിനിമയിലെ തന്നെ അപൂർവം സംവിധായകരിലൊരാളായി ഷാജി എൻ. കരുണ് ഖ്യാതി നേടി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റു സിനിമകൾ.
ചലച്ചിത്ര ജീവിതത്തിൽ ഏഴ് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാന പുരസ്കാരങ്ങളും നേടിയ ഷാജി എൻ. കരുണ്, സംവിധാനം ചെയ്ത സിനിമകളെല്ലാം ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തു.