പാറശ്ശാല : ഭാര്യയെ വെട്ടികൊന്നശേഷം ഭർത്താവു പോലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി 11 മണിയോടെ കാരോട് പഞ്ചായത്തിലെ വടൂർകോണം വാർഡിൽ ചൂരക്കുഴി മേക്കേക്കര വീട്ടിൽ ഷാജിയാണ് ഭാര്യ മീന (33 )യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങിയത്.
മദ്യപാനിയായ ഷാജി മീന ലോണെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് മക്കൾ പറയുന്നു. മർദ്ദനത്തെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങി ഓടിയ മീനയെ മുറ്റത്തുവച്ചാണ് വെട്ടികൊലപ്പെടുത്തിയത്.
ഷാജി മദ്യപിച്ചിട്ടുവന്നു സ്ഥിരമായി മീനയെ മർദിക്കാറുണ്ടെന്നും മക്കൾ പറയുന്നു. പഞ്ചായത്തിൽ നിന്നുള്ള ലോണെടുത്തു വീട് നിർമാണം നടത്തിയെങ്കിലും പണത്തിന്റെ സിംഹഭാഗവും ഷാജി ചീട്ടുകളിച്ചും മദ്യപിച്ചു തീർത്തു. അതിനു ശേഷം ശുചിമുറിക്കുവേണ്ടി ലഭിച്ച അറുപതിനായിരം രൂപയും മദ്യപിച്ചു തീർക്കുകയായിരുന്നു.
ഒരാഴ്ച മുന്നേ സ്വകാര്യ ബാങ്കിൽ നിന്നും നാൽപ്പതിനായിരം രൂപയും വായ്പ്പയെടുത്തിരുന്നു.അമ്മയുമായി വഴക്കിടുന്നത് തടയാൻ ശ്രമിക്കുന്ന മക്കളെ ഷാജി മർദ്ദിക്കുമായിരുന്നു. അതിനാൽ മദ്യപിച്ചെത്തുന്നതിനു ശേഷം വഴക്കുണ്ടാക്കുകയാണെകിൽ ഭയം കാരണം തടയാൻ ശ്രമിക്കാറില്ലെന്നും മക്കൾ പറയുന്നു.
ഇന്നലെ രാത്രി ഏഴു മണിയോടെ മീനയുമായി ഷാജി വഴക്കുകൂടുകയും മർദിക്കുകയും ചെയ്തിരുന്നു. തുടർന്ന് രാത്രിയിൽ ഭക്ഷണം കഴിക്കായി തുടങ്ങിയപ്പോൾ വീണ്ടും മർദിച്ചു. എന്നിട്ടു മക്കളോട് കിടന്നുറങ്ങിക്കൊള്ളാൻ പറയുകയായിരുന്നു.
രാത്രിയിൽ ഉറങ്ങിക്കിടന്ന മകന്റെ മുഖത്തു മൊബൈൽ ഫോൺ വലിച്ചെറിഞ്ഞിട്ടു നിന്റെ അമ്മയെ ഞാൻ വെട്ടിക്കൊന്നു കഴിയുമെങ്കിൽ രക്ഷപ്പെടുത്തിക്കൊ എന്ന് പറഞ്ഞു ഷാജി ബൈക്കുമെടുത്തുപുറത്തുപോകുകയായിരുന്നുവത്രേ. പുറത്തു പോയ ഷാജി പാറശ്ശാല പോലീസിൽ കീഴടങ്ങി വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ നാട്ടുകാർ മീനയെ പാറശ്ശാല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മക്കൾ ഷാരോൺ , ശ്യാം .മൃത ദേഹം പാറശ്ശാല താലൂക് ആശുപത്രി മോർച്ചറിയിൽ.