കൊച്ചി: മുഖ്യമന്ത്രിയുടെ ദൂതനെന്നു സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ച ഷാജ് കിരണ്‍ നിർണായകമായ മൊബൈൽ രേഖകൾ നശിപ്പിച്ചെന്നു സംശയം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഫോണും മൊബൈൽ രേഖകളും ആവശ്യപ്പെട്ടെങ്കിലും ഇയാൾ അത് കൈമാറിയിട്ടില്ല.
ക്രൈംബ്രാഞ്ചിന് സമർപ്പിച്ചിരിക്കുകയാണെന്നാണ് ഇയാൾ ഇഡിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഫോണും രേഖകളും പോലീസ് കൈപ്പറ്റിയതിനുള്ള രസീതുകൾ ഷാജ് ഇഡിക്കു മുന്നിൽ ഹാജരാക്കിയിട്ടില്ല.
സ്വർണക്കടത്ത് കേസ് ഒത്തു തീർപ്പാക്കാനെന്ന രീതിയിൽ സ്വപ്നയുമായി ഷാജ് നടത്തിയ സംഭാഷണം വിവാദമായതിനെത്തുടർന്ന് ഇയാൾ ചെന്നൈയിലേക്ക് കടന്നിരുന്നു.
ഇത് ഫോണ്‍ രേഖകൾ നശിപ്പിക്കാനാണെന്നും ഇഡി സംശയിക്കുന്നുണ്ട്. ഷാജിനെ പോലീസ് മാപ്പുസാക്ഷിയാക്കിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും അറിയുന്നു.