കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രിയും എംഎല്‍എയുമായ വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരേയുള്ള വിജിലന്‍സ് നടപടിയില്‍ യുഡിഎഫിന് ആശങ്ക.
അറസ്റ്റുള്‍പ്പെടെയുള്ള നടപടി വിജിലന്‍സ് സ്വീകരിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പിനെ ഇതെല്ലാം പ്രതികൂലമായി ബാധിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. വിജിലന്‍സിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന ആരോപണം ഇതിനകം തന്നെ യുഡിഎഫ് നേതാക്കള്‍ ഉന്നയിച്ചിരുന്നു.
സ്വര്‍ണക്കള്ളക്കടത്തും ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേസും കിഫ്ബി വിവാദവും സര്‍ക്കാറിനെതിരേയുള്ള തെരഞ്ഞെടുപ്പ് ആയുധമാക്കാനിരിക്കെയാണ് വിജിലന്‍സിന്റെ അപ്രതീക്ഷിതമായ നീക്കം.
നിലവില്‍ പ്രതിപക്ഷത്തുള്ള മിക്ക നേതാക്കള്‍ക്കെതിരേയും വിജിലന്‍സില്‍ പരാതിയുണ്ട്. ഇതില്‍ ചില കേസുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിയിട്ടുണ്ട്. മറ്റു ചിലതില്‍ അന്വേഷണം നടക്കുന്നുമുണ്ട്.
ഈ കേസുകളുടെ ഭാവി ഇനിയെന്താവുമെന്നാണ് കോണ്‍ഗ്രസും ഘടക കക്ഷികളും ഉറ്റുനോക്കുന്നത്. കെ.എം.ഷാജി എംഎല്‍എക്കെതിരേയുള്ള കേസിലും അനുമതി തേടി വിജിലന്‍സ് കാത്തിരിക്കുകയാണ്.
വരും ദിവസങ്ങളില്‍ ഈ കേസുകളില്‍ വിജിലന്‍സ് സ്വീകരിക്കുന്ന നടപടികള്‍ എന്താവുമെന്ന ആകാംക്ഷയിലാണ് യുഡിഎഫ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസിലുള്‍പ്പെട്ട ഷാജിക്കെതിരേയുള്ള നടപടികളിലാണ് ആശങ്ക കൂടുതലായുമുള്ളത്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് എസ്പിയോടെ പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
കോഴിക്കോട് മാലൂര്‍കുന്നിലെ ഷാജിയുടെ വീട് 1,62,60,000 രൂപയാണ് ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ മൂല്യം. ഇത്രയും തുക ഷാജി എങ്ങനെ കരസ്ഥമാക്കിയെന്നാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത്.
പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇതിനു പുറമേയാണ് വീണ്ടും പരാതി നല്‍കിയത്. ഈ കേസില്‍ മാര്‍ച്ച് ഒന്‍പതിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നിയമസഭാ സ്പീക്കറില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം പ്രാഥമികാന്വേഷണം ആരംഭിക്കും.