കൊച്ചി: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിക്കെതിരായ തന്റെ മൊഴി പിൻവലിക്കാൻ ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്.
മുഖ്യമന്ത്രിക്കായി ഷാജി കിരണ്‍ എന്നൊരാൾ സമീപിച്ചു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിക്കണമെന്നും പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പ് നൽകിയെന്നും സ്വപ്ന കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
മൊഴി പിൻവലിച്ചില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. കെ.പി. യോഹന്നാന്റെ സംഘടനയുടെ ഡയറക്ടർ ആണെന്നാണ് ഷാജി പരിചയപ്പെടുത്തിയത്.
ഷാജി കിരണുമായി സംസാരിച്ചതിന്റെ ശബ്ദരേഖ കൈയിലുണ്ടെന്നും സ്വപ്ന പറഞ്ഞു.
ഇന്ന് രാവിലെ പത്തിന് മുൻപ് മൊഴി പിൻവലിക്കുന്നതായി വിഡീയോ ചിത്രീകരിച്ച് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
താൻ ഇന്ന് മുഖ്യമന്ത്രിയെ കാണുന്നുണ്ടെന്നും അതിനു മുൻപ് വിഡീയോ പുറത്തുവിടണമെന്നും ഷാജി ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു.
യുപി രജിസ്ട്രേഷനിലുള്ള കാറിലാണ് ഇയാൾ വന്നതെന്നും സ്വപ്ന വെളിപ്പെടുത്തി.
കേന്ദ്ര ഏജൻസികളോട് ഇത് വെളിപ്പെടുത്താതിരിക്കാൻ കടുത്ത സമ്മർദം നേരിട്ടു. പോലീസിൽനിന്നും തനിക്ക് ജീവന് ഭീഷണിയുണ്ടായി.
തന്റെ രഹസ്യമൊഴിയിൽ തുടർനടപടികൾ എടുക്കാതെ കസ്റ്റംസ് പൂഴ്ത്തിയെന്നും സ്വപ്ന ആരോപിച്ചു.
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു.