കോട്ടയം: മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോന്റെ സ്ഥാപനത്തിനു മുന്നിലെ സമരത്തിനെത്തിയ പരിസ്ഥിതി പ്രവർത്തകരും ഷാജി മോനും തമ്മിൽ തർക്കം. തന്റെ സ്ഥാപനത്തിന് മുൻപിൽ നിന്നുകൊണ്ട് സമരം ചെയ്യരുതെന്ന നിലപാടിൽ ഷാജി.
ഇയാളുടെ സ്ഥാപനത്തിനു മുൻപിലുണ്ടായിരുന്ന പ്ലാവ് കരിഞ്ഞു പോയതിനെ ചൊല്ലി സമരത്തിനെത്തിയതാണ് പരിസ്ഥിതി പ്രവർത്തകർ. മരം നശിപ്പിച്ചതിനെതിരേ പോസ്റ്ററുകളും സ്ഥാപനത്തിനു മുന്നിൽ ഇവർ പതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമരത്തിനെത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം പ്ലാവ് കരിഞ്ഞു പോയതല്ല, മറിച്ച് എന്തോ വിഷ ദ്രാവകം തളിച്ചതു മൂലമാണ് പ്ലാവ് ഉണങ്ങി പോയതെന്ന് ആരോപിച്ചാണ് പരിസ്ഥിതി പ്രവർത്തകർ സമരം ചെയ്യുന്നത്.
എന്നാൽ ഈ സമരത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ഷാജിമോനും കുറ്റപ്പെടുത്തി. തന്റെ സ്ഥാപനത്തിനു മുന്നിലുണ്ടായിരുന്ന പ്ലാവിനെ ഒരു തണൽ മരമായി പരിപാലിച്ചു വരിയയായിരുന്നു. എന്നാൽ തന്നോട് വിരോധമുള്ള ആരോ ആണ് മരംനശിപ്പിച്ചത്. കള്ളകുറ്റം കെട്ടിച്ചമച്ച് തന്റെ മേൽ അത് അടിച്ചേൽപ്പിക്കുകയാണെന്ന് ഇയാൾ ആരോപിച്ചു. തന്റെ സ്ഥാപനത്തെയും തന്നേയും തകർക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്ന് ഷാജി മോൻ ഉന്നയിച്ചു.
സംഘർഷം ശക്തമായതോടെ പോലീസ് സംഭവ സ്ഥലത്തെത്തി ഇരു കൂട്ടരേയും അവിടെ നിന്നു മാറ്റാനുള്ള ശ്രമം തുടരുന്നു.
വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാത്തിനെ തുടര്‍ന്ന് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലും പിന്നീട് റോഡില്‍ കിടന്നും ഷാജി മോൻ നടത്തിയ ഒറ്റയാൾ സമരം വലിയ വാർത്തയായിരുന്നു. സമരത്തിനൊടുവിൽ നീതി ലഭിച്ച ഇയാൾ മികച്ച രീതിയിൽ സ്ഥാപനം നടത്തിക്കൊണ്ട് വരുന്നതിനിടയിലാണ് പരിസ്ഥിതി പ്രവർത്തരെത്തി സമരം നടത്തുന്നത്.