നിശാന്ത് ഘോഷ്
കണ്ണൂർ: ഇത്തവണ നിയസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് മുന്നണിയിൽ പിടിമുറുക്കുന്നു.
അഴീക്കോടിന് പകരം കണ്ണൂർ വേണമെന്നാണ് ആവശ്യം. രണ്ടു തവണ അഴീക്കോട് നിന്നും മത്സരിച്ചു ജയിച്ച കെ.എം. ഷാജിക്ക് ഇത്തവണ സുരക്ഷിത മണ്ഡലം വേണമെന്നതിനാലാണ് ലീഗ് കണ്ണൂർ ആവശ്യപ്പെടുന്നത്. കണ്ണൂരിന് പകരം അഴീക്കോട് കോൺഗ്രസിനു വിട്ടു നൽകാമെന്ന് ലീഗ് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്.
സിപിഎം കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഴീക്കോട് രണ്ടു മത്സരങ്ങളിലും കടുത്ത പോരാട്ടത്തിലൂടെയാണ് കെ.എം. ഷാജി വിജയിച്ചത്.
അഴീക്കോടിനു പകരം കണ്ണൂരിൽ കെ.എം. ഷാജിയെ മത്സരിപ്പിക്കണമെന്ന് ശാഖാ, മണ്ഡലം കമ്മിറ്റികൾ ജില്ലാ നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.
പ്രവർത്തകരുടെ നിർദേശം കണക്കിലെടുത്ത് ജില്ലാ നേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.
ഐശ്വര്യ കേരള യാത്രാ വേളയിൽ ഇക്കാര്യം ജില്ലാ നേതൃത്വം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും അറിയിച്ചിരുന്നു.
അതേ സമയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂരിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആലോചനയിലുള്ളത്.
മുല്ലപ്പള്ളിയെ മത്സരിപ്പിച്ചാൽ സ്വാഭാവികമായും ലീഗ് തങ്ങളുടെ ആവശ്യത്തിൽ നിന്നും പിന്നോട്ടു പോകുമെന്നും സീറ്റ് ഉറപ്പാക്കുന്നതിനൊപ്പം കണ്ണൂർ തിരിച്ചു പിടിക്കാനാകുമെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ. കെ. സുധാകരന് കെപിസിസി പ്രസിഡന്റാകണമെങ്കിൽ മുല്ലപ്പള്ളി മാറേണ്ടതുണ്ട്.
നേരത്തെയുള്ള ശീതസമരം അവസാനിപ്പിച്ച് തന്റെ തട്ടകമായകണ്ണൂരിൽ മുല്ലപ്പള്ളിയെ ജയിപ്പിച്ച് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വഴി സുഗമമാക്കാനാണ് കെ. സുധാകരന്റെയും കണ്ണൂർ കോൺഗ്രസിന്റെയും ശ്രമം.
എന്നാൽ എഐസിസി പ്രസിഡന്റിനെ രംഗത്തിറക്കിയാലും കണ്ണൂർ സീറ്റ് ഇത്തവണ തങ്ങൾക്കു വേണമെന്ന നിലപാടാണ് ലീഗിന്റേതെന്ന് മുതിർന്ന ലീഗ് നേതാവ് പറഞ്ഞു. കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസ് വിജയിക്കുന്നത് ലീഗിന്റെ വോട്ടു കൊണ്ടാണെന്നും ഇദ്ദേഹം പറഞ്ഞു.
മണ്ഡലത്തിൽ പെടുന്ന കോർപറേഷനിലെ കണ്ണൂർ സിറ്റി, പഴയ ചേലോറ പഞ്ചായത്ത്, ഇപ്പോഴത്തെ മുണ്ടേരി പഞ്ചായത്ത്, എന്നിവിടങ്ങളിലെ ലീഗ് വോട്ടാണ് യുഡിഎഫിന്റെ വിജയം നിശ്ചയിക്കുന്നത്.
കെപിസിസി പ്രസിഡന്റിനെ പോലെ തന്നെ ആദരണീയനാണ് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. കണ്ണൂർ കോർപറേഷൻ വിഷയങ്ങളിൽ ഉൾപ്പെടെ പരമാവധി വിട്ടു വീഴ്ച ചെയ്ത പാർട്ടിയാണ്.
മുന്നണി സംവിധാനത്തിലാണ് കോർപറേഷനിൽ മത്സരിച്ചതെങ്കിലും കോൺഗ്രസിന് ലഭിച്ച മേയർ സ്ഥാനം പോലും ലീഗിന്റെ വിട്ടുവീഴ്ചയാണ്.
ലീഗിന്റെ കോട്ടയായ ഡിവിഷനുകൾ പോലും കോൺഗ്രസിന് വിട്ടു കൊടുക്കുകയായിരുന്നു. ഒടുവിൽ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്തു. ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ രണ്ടെണ്ണം മാത്രമാണ് ലീഗിന് ലഭിച്ചത്.
മുന്നണി സംവിധാനത്തിൽ വിള്ളലുണ്ടാകരുതെന്ന ലീഗിന്റെ പ്രത്യയശാസ്ത്രമാണ് ഈ വിട്ടു വീഴ്ചകൾക്ക് പ്രേരിപ്പിച്ചത്. എന്നാൽ ഇതു സംബന്ധിച്ച് അണികളിൽ ശക്തമായ പ്രതിഷേധമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വാശി പിടിച്ചാൽ ഗുരുതരമായ പ്രത്യാഘാതത്തിന് ഇടയാക്കും.
ഒരു പക്ഷേ കണ്ണൂർ സീറ്റ് ഇനി ഒരിക്കലും യുഡിഎഫിന് ലഭിക്കാത്ത അവസ്ഥയിലേക്കു വരെ കാര്യങ്ങളെത്തിയേക്കും.
അഴീക്കോട് മണ്ഡലത്തിലാണെങ്കിൽ കോൺഗ്രസ് സംഘടനാ പ്രവർത്തനം ദുർബലമാണെന്നും ഇദ്ദേഹം പറഞ്ഞു.