ജയസൂര്യയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളില്‍ ഒന്നായിരുന്നു ആട് സീരീസിലെ ഷാജി പാപ്പന്.
ആദ്യ ഭാഗം തിയറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് ഡിവിഡി റിലീസിന് ശേഷം ചിത്രം തരംഗമായി മാറി.
എന്നാല്‍ രണ്ടാം ഭാഗം തിയറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയവും നേടി. ജയസൂര്യ തന്റെ കരിയറില്‍ ചെയ്ത വേറിട്ട വേഷം കൂടിയായിരുന്നു ഷാജി പാപ്പന്.
മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിന്റെ ആദ്യ ഭാഗം 2015-ലാണ് പുറത്തിറങ്ങിയത്. ഷാജി പാപ്പനൊപ്പം തന്നെ സിനിമയിലെ മറ്റു കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു.
ഡ്യൂഡും സര്‍ബത്ത് ഷമീറും സാത്താന് സേവ്യറും അറയ്ക്കല്‍ അബുവുമൊക്കെ മലയാളികള്‍ നെഞ്ചിലേറ്റിയ ആടിലെ കഥാപാത്രങ്ങളാണ്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നായിരുന്നു ആട് ആദ്യ ഭാഗം നിര്‍മിച്ചത്.
അതേസമയം ആടില്‍ ജയസൂര്യ ശരിക്കും ചെയ്യാന്‍ ആഗ്രഹിച്ച റോള്‍ ഷാജി പാപ്പന് ആയിരുന്നില്ലെന്ന് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
സാന്ദ്ര തോമസും മേനക കാന്തന് എന്ന കഥാപാത്രമായി ആട് ആദ്യ ഭാഗത്തില്‍ അഭിനയിച്ചിരുന്നു. വിജയ് ബാബു അവതരിപ്പിച്ച സര്‍ബത്ത് ഷമീറിനെ അവതരിപ്പിക്കാനാണ് ജയസൂര്യ ആദ്യം ആഗ്രഹിച്ചതെന്ന് സാന്ദ്ര തോമസ് പറയുന്നു.
ആടിലെ കഥാപാത്രം ജയസൂര്യയോട് പറഞ്ഞപ്പോള്‍ ഷാജി പാപ്പന് എന്ന കഥാപാത്രം എങ്ങനെയുണ്ടാവും എന്നൊരു ചിന്ത നടന്റെ മനസിലുണ്ടായിരുന്നു.
ആ സമയത്ത് അദ്ദേഹം ശരിക്കും ചെയ്യാന്‍ ആഗ്രഹിച്ചത് സര്‍ബത്ത് ഷമീറിനെ ആയിരുന്നു. എന്നാല്‍ ഈ റോള്‍ നിര്‍മാതാവ് വിജയ് ബാബുവിലെത്തി.
അതേസമയം ഹാസ്യ സിനിമകള്‍ വീണ്ടും ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്ന കാര്യം ജയസൂര്യ പങ്കുവച്ചിരുന്നു.
-പിജി