കോഴഞ്ചേരി: പന്പാനദിയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥിയെ ഒഴുക്കിൽപെട്ടു കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പോലീസ് നിരീക്ഷണത്തിൽ. കാട്ടൂർ പേട്ട മഞ്ചുപറന്പിൽ ഷാജിയുടെ മകൻ ഷാജിതിനെ (14)യാണ് കാണാതായത്.
ഇന്നലെ രാവിലെ സുഹൃത്തുക്കൾക്കൊപ്പം ചെറുകോൽ വള്ളപ്പുര കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഷാജിത് ഒഴുക്കിൽപെട്ടതായി പറയുന്നു. സമീപവാസികളായ അനിൽ, ഗോകുൽ എന്നിവർക്കൊപ്പമാണ് ഷാജിത് കുളിക്കാനിറങ്ങിയതെന്നു പറയുന്നു. അനിലും ഷാജിതും ഒഴുക്കിൽപെട്ടുവെങ്കിലും കരയിലുണ്ടായിരുന്നവർ ചേർന്ന് അനിലിനെ രക്ഷിച്ചു. ഷാജിതിനെ രക്ഷിക്കാനായില്ല.
സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപിച്ച ഷാജിതിന്റെ മാതാവ് ഷീബ ആറ·ുള സിഐയ്ക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ അനിലും ഗോകുലും ചേർന്ന് ബൈക്കിലെത്തി ഷാജിതിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് മാതാവ് പറയുന്നു.
കോഴഞ്ചേരിയിൽ തയ്യൽക്കട നടത്തുന്ന ഷീബയ്ക്കൊപ്പം അവിടേക്ക് പോകാനിറങ്ങിയ ഷാജിതിനെ സമീപവാസികളായ യുവാക്കൾ കടവിലേക്കു കൂട്ടിക്കൊണ്ടുപോയെന്നും കുളിക്കാനിറങ്ങിയപ്പോൾ അപടകടമുണ്ടായെന്നുമാണ് വിവരം. ഇതേക്കുറിച്ച് വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. അനിലും ഗോകുലും നിരീക്ഷണത്തിലുള്ളതായി പോലീസ് പറഞ്ഞു.
ഷാജിതിനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സിന്റെയും ദുരിതനിവാരണസംഘത്തിലെയും മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഇന്നു രാവിലെ തെരച്ചിൽ തുടങ്ങി. നേവിയുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. നാരങ്ങാനം ഗവണ്മെന്റ് ഹൈസ്കൂൾ ഒന്പതാംക്ലാസ് വിദ്യാർഥിയായിരുന്നു ഷാജിത്.