നമ്മൾ പ്ലാൻ ചെയ്ത് മാറിപ്പോയ സിനിമകളുണ്ട്. കുഞ്ഞിക്കൂനൻ സിനിമയിൽ സായിച്ചേട്ടൻ ചെയ്ത വാസു എന്ന കഥാപാത്രം ആദ്യം വന്നത് എനിക്കാണ്. ഞാൻ ചെന്ന് മേക്കപ്പ് ടെസ്റ്റ് വരെ കഴിഞ്ഞതാണ്. പട്ടണം റഷീദിക്കയായിരുന്നു മേക്കപ്പ്. ദിലീപേട്ടൻ പറഞ്ഞിട്ടാണ് സംവിധായകനെ ചെന്ന് കാണുന്നത്.
ബെന്നി ചേട്ടനാണ് തിരക്കഥ. ശശിശങ്കർ സാറായിരുന്നു സംവിധാനം. ആദ്യം പേരു പറഞ്ഞപ്പോൾ ശശി സാറിനെന്നെ മനസിലായില്ലായിരുന്നു. നേരിട്ട് കണ്ടപ്പോൾ, എന്നെ അറിയാം ഇയാൾ ഓക്കെയാണ് എന്ന് പറഞ്ഞു. ഞാൻ ദിലീപേട്ടനെയും വിളിച്ച് കാര്യം പറഞ്ഞു. അതിനുശേഷം റഷീദിക്ക വന്ന് മേക്കപ്പ് ഇട്ടു നോക്കി.
കോസ്റ്റ്യൂമർ ഡ്രസിന്റെ അളവൊക്കെ എടുത്തു. ഞാൻ ഭയങ്കര സന്തോഷത്തോടെയാണ് അന്ന് വീട്ടിൽ പോയത് പക്ഷേ അതിനുശേഷം വിളിയൊന്നും വന്നില്ല. പിന്നീടു ഞാൻ ദിലീപേട്ടനെ വിളിച്ചു ചോദിച്ചപ്പോഴാണ് ഒരു ചെയ്ഞ്ച് വന്നെന്ന് അദ്ദേഹം പറയുന്നത്. കുഴപ്പമില്ലടാ, നമുക്ക് അടുത്ത തവണ പിടിക്കാമെന്നും ദിലീപേട്ടൻ പറഞ്ഞു.
ഞാൻ അങ്ങനെ ഒരുപാട് സങ്കടപ്പെടുന്ന ഒരാളൊന്നുമല്ല. കുറച്ച് ദിവസം ഒരു സങ്കടമുണ്ടായിരുന്നു. അതുകഴിഞ്ഞ് റഷീദിക്ക ആ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള സായിച്ചേട്ടന്റെ ഒരു ഫോട്ടോ കാണിച്ചു. അപ്പോൾ എനിക്കു തോന്നി ഇത് സായിച്ചേട്ടൻ തന്നെ ചെയ്യേണ്ട കഥാപാത്രമാണെന്ന്. സിനിമ കണ്ടപ്പോൾ അത് ഒന്നുകൂടി ഉറപ്പിച്ചു. -കലാഭവൻ ഷാജോൺ