കലാഭവൻ ഷാജോണിന്റെ സിനിമാജീവിതത്തിൽ 2018 സമ്മാനിക്കുന്നതു മൂന്ന് അവിസ്മരണീയ മുഹൂർത്തങ്ങളാണ്. ശങ്കർ -രജനി ബ്രഹ്മാണ്ഡചിത്രം 2.0 യിൽ അക്ഷയ്കുമാറിനൊപ്പമുള്ള കോംബിനേഷൻ റോളാണ് അതിൽ ആദ്യത്തേത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ മാസ് ത്രില്ലർ ‘ലൂസിഫറി’ൽ മോഹൻലാലിനൊപ്പം നിർണായകവേഷം – 2018 ഷാജോണിനു സമ്മാനിച്ച മറ്റൊരു സന്തോഷം.
അടുത്തിടെ ആ വാർത്തയുമെത്തി…നടൻ ഷാജോണ് സംവിധായകനാകുന്നു. ഷാജോണ് കഥയെഴുതി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘ബ്രദേഴ്സ് ഡേ’ അടുത്ത വർഷം തിയറ്ററുകളിലെത്തും. “ എന്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും പ്ലാൻ ചെയ്തിട്ടുള്ളവയല്ല. ഞാൻ ഇപ്പോഴും ഒരു കാര്യവും പ്ലാൻ ചെയ്തു ചെയ്യുന്ന ഒരാളല്ല. എന്തൊക്കെയാണോ വരുന്നത് അതു നമ്മൾ നന്നായി ചെയ്യുക എന്നതു മാത്രമേയുള്ളൂ. ചെയ്യുന്ന ജോലി 100 ശതാമാനം ആത്മാർഥമായി ചെയ്യുക. അതുമാത്രമാണ് എന്റെ പോളിസി…” കലാഭവൻ ഷാജോണ് സംസാരിക്കുന്നു.
2.0 യിലേക്ക് എത്തിയത്….?
2016 മാർച്ചിൽ ഒരു ദിവസം ഉച്ചതിരിഞ്ഞ് വീട്ടുകാർക്കൊപ്പം ടിവി കണ്ട് ഇരിക്കുകയായിരുന്നു. അപ്പോൾ പ്രകാശ് കോലേരി എന്ന ആർട്ട് ഡയറക്ടർ എന്നെ വിളിച്ച് ‘യന്തിര’ന്റെ ആളുകൾ വിളിച്ചില്ലേ എന്നു ചോദിച്ചു. ഇല്ലെന്നു ഞാൻ. അതിൽ എനിക്കൊരു വേഷമുണ്ടെന്നും അവർ വിളിക്കുമെന്നും പ്രകാശ് തുടർന്നുപറഞ്ഞു. സത്യം പറയട്ടെ, അപ്പോൾ ഞാനതു വിശ്വസിച്ചില്ല. അതുകൊണ്ടുതന്നെ വീട്ടിൽ ആരോടും പറഞ്ഞില്ല.
കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ പ്രകാശിനെ തിരിച്ചുവിളിച്ചു. പ്രൊഡക്ഷൻ കണ്ട്രോളർ വിളിക്കുമെന്ന് പ്രകാശ് വീണ്ടും ഉറപ്പിച്ചു പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ലൈക പ്രൊഡക്ഷൻസിന്റെ മാനേജർ പവിത്ര എന്നെ വിളിച്ചു. ശങ്കർ സാറിന്റെ നിർദേശപ്രകാരമാണു വിളിക്കുന്നതെന്നും പറഞ്ഞു. യന്തിരൻ സെക്കൻഡ് പാർട്ട് ചെയ്യുന്നതായും അതിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്നും ചോദിച്ചു. തീർച്ചയായും താത്പര്യമുണ്ടെന്നു ഞാൻ. ശങ്കർ സാറിനോടു സംസാരിച്ച ശേഷം വിളിക്കാമെന്ന് പറഞ്ഞ് ഫോണ്വച്ചു. അപ്പോഴാണു ഞാൻ വീട്ടിൽ അമ്മച്ചിയോടും വൈഫിനോടും പിള്ളേരോടുമെല്ലാം കാര്യം പറഞ്ഞത്.
എല്ലാവരും ഏറെ ഹാപ്പിയായി. പക്ഷേ, തൊട്ടുപിന്നാലെ എന്നെ വിഷമിപ്പിച്ചത് അവർ ആവശ്യപ്പെട്ട ഡേറ്റാണ്. മേയ് മാസത്തിലെ ഡേറ്റാണ് അവർ ആവശ്യപ്പെട്ടത്. മേയ് ആദ്യവാരം അമേരിക്കയിൽ സ്റ്റേജ് പരിപാടിക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു ഞാൻ. ആവിവരം ഞാൻ പവിത്രയോടു പറഞ്ഞു. ‘അതു ബുദ്ധിമുട്ടാവും. അക്ഷയ് കുമാർ സാറുമായി കോംബിനേഷൻ ഉള്ളതാണ്. ശങ്കർ സാറുമായി സംസാരിച്ചശേഷം വിളിക്കാം’ – പവിത്ര അറിയിച്ചു.
അക്ഷയ് സാറിന്റെ ഡേറ്റുമായി ക്ലാഷ് ആവുകയാണെങ്കിൽ അവർ ഒരിക്കലും നമുക്കു വേണ്ടി കാത്തിരിക്കില്ലല്ലോ. അതിനാൽ അതു നടക്കില്ല എന്ന് ഞാൻ വിചാരിച്ചു. ഒരു സീനാണെങ്കിലും എന്നെ വിളിക്കണം, എനിക്കു താത്പര്യമുണ്ടെന്നു ഞാൻ വീണ്ടും പവിത്രയെ വിളിച്ചു പറഞ്ഞു. ശങ്കർ സാറുമായി സംസാരിച്ചശേഷം അറിയിക്കാമെന്ന് പവിത്ര. ദീലീപേട്ടന്റെ വെൽകം ടു സെൻട്രൽ ജയിൽ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് പവിത്ര എന്നെ തിരിച്ചുവിളിച്ചത്. അമേരിക്കയിൽ പോയി തിരിച്ചു വന്നശേഷം ജൂണ് ആദ്യവാരം ലൊക്കേഷനിലെത്താൻ ശങ്കർ സാർ പറഞ്ഞതായി അവർ അറിയിച്ചു.
അമേരിക്കൻ പരിപാടി കഴിഞ്ഞപ്പോൾ അവർ പറഞ്ഞപ്രകാരം ചെന്നൈയിലെ ലൊക്കേഷനിലേക്കാണു പോയത്. ശങ്കർ സാർ എനിക്കുവേണ്ടി ഒരു ഷെഡ്യൂൾ മൊത്തമായി മാറ്റിവയ്ക്കുകയായിരുന്നുവെന്ന് അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്. എനിക്കു സിനിമയിൽ അഭിനയിക്കാൻ ശരിക്കും താത്പര്യമുണ്ടോ എന്ന് ശങ്കർസാർ പവിത്രയോടു ചോദിച്ചുവത്രേ. ഒരു സീനാണെങ്കിലും മതിയെന്നു പറഞ്ഞ് ഞാൻ വിളിച്ചിരുന്നതായി പവിത്രയുടെ മറുപടി. ‘എങ്കിൽ ഷെഡ്യൂൾ ഫുൾ അങ്ങോട്ടു ഷിഫ്റ്റ് ചെയ്യൂ, അദ്ദേഹം വന്നിട്ടു ചെയ്യാം’ എന്നു ശങ്കർ സാർ.
എനിക്കുവേണ്ടി മാത്രമല്ല ഒരുപാടു പേർക്കുവേണ്ടി ശങ്കർസാർ മുന്പ് ഇതുപോലെ ചെയ്തിട്ടുള്ളതായി ഞാൻ പിന്നീടാണ് അറിഞ്ഞത്. അതിൽ ഒരു സംഭവം ഇങ്ങനെയാണ്… യന്തിരനിൽ അഭിനയിക്കാൻ പുറപ്പെട്ട മണിച്ചേട്ടനു ഫ്ളൈറ്റ് മിസ് ആയി. സമയത്തു വരാനാവില്ല, വേറെ ആരെയെങ്കിലും വച്ച് ചെയ്തോളൂ എന്ന് മണിച്ചേട്ടൻ അവരെ അറിയിച്ചു. എപ്പോൾ എത്താനാവും എന്നു ശങ്കർസാറിന്റെ ചോദ്യം. രാത്രി വണ്ടിക്കു പുറപ്പെട്ടാൽ പിറ്റേന്നു പതിനൊന്നു മണിക്ക് എത്തുമെന്നു മണിച്ചേട്ടന്റെ മറുപടി. ഓകെ, വണ്ടിക്കു പോരൂ എന്ന് ശങ്കർ സാർ.
മണിച്ചേട്ടൻ അവിടെച്ചെല്ലുന്പോൾ രജനി സാറും ഐശ്വര്യറായിയുമൊക്കെ മേയ്ക്കപ്പിട്ട് അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ശങ്കർ സാർ ആരെവച്ച് ചെയ്യാൻ ഉദ്ദേശിക്കുന്നുവോ അവരെവച്ചു തന്നെയാണ് അദ്ദേഹം അതു ചെയ്യുന്നത്. അദ്ദേഹത്തിന് അതിനുള്ള ഒരു മനസുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം എനിക്കുവേണ്ടി അങ്ങനെ ചെയ്തതെന്നു ഞാൻ വിശ്വസിക്കുന്നു.
2.0 യിലെ വേഷത്തെക്കുറിച്ച്….?
കഥാപാത്രത്തിന്റെ പേര് വൈരമൂർത്തി. തമിഴ്നാട് ടെലികോം മന്ത്രി. വലിയ സസ്പെൻസോ മറ്റോ ഉള്ള കഥാപാത്രമൊന്നുമല്ല. ഒരു ബ്രഹ്മാണ്ഡ സിനിമയിൽ ഒരു ഭാഗമാകാനായതു വലിയ ഭാഗ്യമായിട്ടാണു ഞാൻ കരുതുന്നത്.
സംവിധായകൻ ശങ്കറിനൊപ്പമുള്ള അനുഭവങ്ങൾ…?
ആദ്യദിവസം ചെന്നൈയിലെ സെറ്റിലെത്തിയപ്പോൾ ഉത്സവസ്ഥലത്തു ചെല്ലുന്ന പ്രതീതിയായിരുന്നു. പത്തു പന്ത്രണ്ടു കാരവാൻ. പ്രവർത്തനമില്ലാത്ത ഒരു വാട്ടർ തീം പാർക്ക് വാടകയ്ക്ക് എടുത്ത് 100 ഏക്കറിൽ സെറ്റിട്ടിരിക്കുകയാണ്. പെട്രോൾ പന്പ്, ഹോട്ടലുകൾ, റോഡ്…എല്ലാം സെറ്റിട്ടിരിക്കുകയാണ്. കാരണം, രജനി സാറിന്റെ സീനാണു ചിത്രീകരിക്കേണ്ടിയിരുന്നത്. പുറത്തുനിന്നുള്ള ആളുകളുടെ ബഹളം ഉണ്ടാകാതിരിക്കാനാണു സെറ്റിട്ടത്.
ഏതോ ലൊക്കേഷനിൽ പെർമിഷൻ സംബന്ധിച്ച പ്രശ്നം വന്നതിനാൽ ഞാൻ ഉൾപ്പെട്ട സീൻ അന്നു ഷൂട്ട് ചെയ്തില്ല. തുടർന്നു ഞാൻ ശങ്കർ സാറിനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം ഷൂട്ടിലായിരുന്നു. ഞാൻ കാരവാനിൽ വെയ്റ്റ് ചെയ്തു. പത്തു മിനിറ്റിനുശേഷം അദ്ദേഹത്തെ കാണമെന്ന് അറിയിപ്പു കിട്ടി. വലിയ ക്യാപ്പ് ധരിച്ച് കൈയിൽ മൈക്കുമായി സെറ്റിൽ ഒച്ചയുണ്ടാക്കി നടക്കുന്ന ഒരാളെയാണു പ്രതീക്ഷിച്ചത്. എന്നാൽ, ഒരു സാധാരണക്കാരനെപ്പോലെ കുറേ ആളുകളുടെ ഇടയിൽ ജീൻസും ടീഷർട്ടുമൊക്കെയിട്ട് കൈയും കെട്ടി നിൽക്കുന്ന ശങ്കർ സാറിനെയാണ് ഞാൻ കണ്ടത്. ‘സർ, വരൂ’ എന്നു പറഞ്ഞ് അദ്ദേഹം എനിക്കു ഷേക്ക് ഹാൻഡ് നല്കി. ഞാൻ ഞെട്ടി നില്ക്കുകയാണ്. ‘കാണാനായതിൽ സന്തോഷം, സർ’ എന്നു ഞാൻ.
എന്റെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം ഏകദേശരൂപം നല്കി; ഗെറ്റപ്പ്, കോസ്റ്റ്യൂം, സീക്വൻസുകൾ എന്നിവയെക്കുറിച്ചും. രണ്ടാഴ്ചയ്ക്കുശേഷം ഷൂട്ടിംഗിനു വരുന്പോൾ ബാക്കി കാര്യങ്ങൾ പറഞ്ഞുതരാമെന്നും പറഞ്ഞു. അരമണിക്കൂർ നേരം അദ്ദേഹവുമായി ചെലവഴിച്ചശേഷമാണ് നാട്ടിലേക്കു മടങ്ങിയത്. നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ തമിഴ് ഡയലോഗുകളൊക്കെ ഇംഗ്ലീഷിലാക്കിയതു മെയിൽ ചെയ്തു തന്നു. ഷൂട്ടിംഗിനു ചെന്നപ്പോൾ പ്രോംപ്റ്റിംഗ് വേണോ എന്നു സാർ തിരക്കി. വേണമെന്നു പറഞ്ഞപ്പോൾ അതിനുവേണ്ടി ഒരാളെ ഏർപ്പാടാക്കി.
ശങ്കർ സാർ ഉഗ്രൻ ആക്ടറും കൂടി ആയതിനാൽ എന്താണുവേണ്ടതെന്ന് അദ്ദേഹം നമ്മളെ ആക്ട് ചെയ്തു കാണിക്കും. നമ്മൾ അതു ഫോളോ ചെയ്താൽ മാത്രം മതി. ഇവിടത്തെ ഡയറക്ടേഴ്സിനെപ്പോലെ തന്നെ ഞാൻ ഇംപ്രോവൈസ് ചെയ്ത് എന്തെങ്കിലും ചെയ്യുന്നതു കണ്ടാൽ മോണിട്ടറിനു മുന്നിലിരുന്നു ചിരിച്ചു കൈയടിച്ചു നന്നായി എന്നു പറഞ്ഞ് ശങ്കർ സാറും പ്രോത്സാഹിപ്പിച്ചിരുന്നു. ഞാൻ ചെയ്ത സീൻ രണ്ടാമതും പ്ലേ ചെയ്തു കാണിച്ചിരുന്നു. അങ്ങനെ ലൊക്കേഷനിലും സിംപിളായ ഒരാളായിരുന്നു ശങ്കർ സാർ. അതിനാൽ ഞാൻ ഏറെ കംഫർട്ടായിരുന്നു.
രജനീകാന്തിന് ഒപ്പമുള്ള അനുഭവങ്ങൾ….?
രജനി സാറുമായി എനിക്കു കോംബിനേഷൻ ഇല്ലായിരുന്നു. പക്ഷേ, രജനി സാറിനെ കാണാനുള്ള ഭാഗ്യമുണ്ടായി. അമേരിക്കയിൽ പോയി വന്നതിനുശേഷം ഒരു ദിവസം അദ്ദേഹം ലൊക്കേഷൻ സന്ദർശിച്ചിരുന്നു. അന്നു ഞാൻ ലൊക്കേഷനിൽ ഉണ്ടായിരുന്നു. ശങ്കർ സാർ ആളെവിട്ട് എന്നെ വിളിപ്പിച്ചു. ഞാൻ ചെന്നു. അദ്ദേഹം എന്നെ രജനിസാറിനു പരിചയപ്പെടുത്തി. കുറച്ചുനേരം അദ്ദേഹം എന്നോടു സംസാരിച്ചു. രജനി സാറിനെ യാത്രയാക്കിയശേഷമാണ് ഷൂട്ടിംഗ് തുടർന്നത്.
2.0 യിലെ ഹീറോയിൻ എമി ജാക്സണുമായും കോംബിനേഷനില്ല. നേരിട്ടു കാണാനുമായില്ല. ആദിൽ ഹുസൈൻ, മയിൽ സ്വാമി എന്നിവരുമായി എനിക്കു കോംബിനേഷൻ ഉണ്ടായിരുന്നു. 2.0 ൽ മലയാളത്തിൽ നിന്നു റിയാസ് ഖാൻ ഉണ്ടെന്നു വാർത്തകളിലൂടെ അറിഞ്ഞു. പക്ഷേ ഞങ്ങൾ തമ്മിൽ കോംബിനേഷനുകൾ ഇല്ലാത്തതിനാൽ റിയാസ് ഖാന്റെ കാരക്ടർ സംബന്ധിച്ച് ഒന്നുമറിയില്ല.
ഒപ്പം ഫോട്ടോയെടുക്കാൻ ഷാജോണിനുവേണ്ടി ഒരു മണിക്കൂർ അക്ഷയ്കുമാർ വെയ്റ്റ് ചെയ്തു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. അതിന്റെ വാസ്തവമെന്താണ്….?
ലൊക്കേഷനിൽ ഞാൻ കാണുന്പോൾ അക്ഷയ്കുമാർ സാർ ഓൾഡ് ഗെറ്റപ്പിലായിരുന്നു. ആ ഗെറ്റപ്പിൽ അദ്ദേഹത്തിന് കാര്യമായി സംസാരിക്കാൻ പറ്റുമായിരുന്നില്ല. ഡയലോഗുകൾ മാത്രമാണ് പറഞ്ഞിരുന്നത്. അത്തരം ഒരു മേക്കപ്പിലായിരുന്നു അദ്ദേഹം. അക്ഷയ്സാറിനൊപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണമെന്ന ആഗ്രഹം ഞാൻ അസോസിയേറ്റുമായി പങ്കുവച്ചു. ഈ ഗെറ്റപ്പിൽ ഫോട്ടോയെടുക്കാൻ ശങ്കർ സാർ അനുവദിക്കില്ലെന്നായിരുന്നു മറുപടി. ഞാൻ ആ ആഗ്രഹം ഉപേക്ഷിച്ചു. അതിനുശേഷം ഞങ്ങളുടെ കോംബിനേഷൻ സീക്വൻസുകളെടുത്തു. അക്ഷയ്കുമാർ സാറിന്റെ ക്ലോസെടുത്തു. അദ്ദേഹം ആദ്യം ലൊക്കേഷനിൽ നിന്നു പോയി.
പിന്നീട് എന്റെ ക്ലോസ് എടുത്തുകൊണ്ടിരിക്കുന്പോഴാണ് ഒന്നിച്ചു ഫോട്ടോ എടുക്കുന്നതിനായി അക്ഷയ്സാർ കാത്തിരിക്കുന്നതായി അസോസിയേറ്റ് ഡയറക്ടർ അറിയിച്ചത്. ‘വേഗം പോയി എടുത്തിട്ടു വരൂ’എന്ന് ശങ്കർ സാർ. അങ്ങനെ ഞാൻ അക്ഷയ്കുമാർ സാറിന്റെ അടുത്തേക്കു ചെന്നു. രണ്ടു മണിക്കൂറെടുത്ത് മേക്കപ്പ് റിമൂവ് ചെയ്തശേഷം അദ്ദേഹം ഒരുമണിക്കൂറായി എന്റെ ആഗ്രഹമറിഞ്ഞ് എനിക്കു വേണ്ടി അവിടെ കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വലുപ്പമാണ് അതു കാണിക്കുന്നത്. എന്നെയൊന്നും അദ്ദേഹം അറിയുന്നതുപോലുമുണ്ടാവില്ല.
അദ്ദേഹം ഇപ്പോഴും ഇൻഡസ്ട്രിയിൽ നന്പർ വണ് ആയിനിൽക്കുന്നത് ഇത്തരം എളിമ, ലാളിത്യം എന്നിവയുള്ളതുകൊണ്ടാണെന്ന് ഓർത്തുപോയി. ഏകദേശം പത്തു മിനിട്ടു നേരം അദ്ദേഹവുമായി പേഴ്സണലായി സംസാരിച്ചു. എന്റെ സിനിമകളെക്കുറിച്ചു ചോദിച്ചു. തുടർന്ന് ഒന്നിച്ചു ഫോട്ടോയുമെടുത്തശേഷമാണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹവുമായുള്ള കോംബിനേഷൻ ഒരു ദിവസം കൊണ്ടുതന്നെ തീർത്തു.
‘ഒപ്പം ഫോട്ടോയെടുക്കാൻ ഷാജോണിനുവേണ്ടി ഒരു മണിക്കൂർ അക്ഷയ്കുമാർ വെയ്റ്റ് ചെയ്തു’ എന്നാണ് ഏതോ ഒരു ഓണ്ലൈൻ മാധ്യമം വാർത്ത കൊടുത്തത്. അതുമായി ബന്ധപ്പെടുത്തി ട്രോൾ ഇറങ്ങിയതായും കേട്ടിരുന്നു. ഞാനുദ്ദേശിച്ചത് അതല്ല. വാസ്തവത്തിൽ അദ്ദേഹത്തെപ്പോലെ വലിയ ഒരാളുടെ മനസ് മറ്റുള്ളവരെ അറിയിക്കാനാണ് ആ സംഭവം ഞാൻ മീഡിയയുമായി പങ്കുവച്ചത്. അക്ഷയ്കുമാർ സാർ എനിക്കുവേണ്ടി വെയ്റ്റ് ചെയ്തു എന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നില്ല ഉദ്ദേശ്യം. വാസ്തവത്തിൽ അദ്ദേഹം എന്റെ ആഗ്രഹമറിഞ്ഞ് എനിക്കു വേണ്ടി തന്ന ഒരു ഫേവറായിരുന്നു അത്. അതുവഴി അദ്ദേഹത്തിന്റെ മഹത്വം ആളുകളെ അറിയിക്കാനാണ് ഞാൻ ഉദ്ദേശിച്ചത്.
തമിഴിലെത്തിയപ്പോൾ ടെൻഷൻ തോന്നിയോ…?
വലിയ ഒരു സിനിമയാണല്ലോ 2.0. ആകപ്പാടെ ഉണ്ടായിരുന്നത് അതിന്റെയൊരു ടെൻഷനാണ്. ആക്ടിംഗും ഷൂട്ടിംഗ് പ്രോസസുമെല്ലാം എകദേശം ഒരുപോലെയാണ്. തമിഴിലെ ആദ്യ ത്രീഡി സിനിമയാണല്ലോ 2.0. അതിനാൽ ത്രീഡി കാമറയും നമ്മൾ ഇതുവരെ കാണാത്ത ചില സംവിധാനങ്ങളുമൊക്കെയാണ് ഉപയോഗിച്ചത്. പക്ഷേ, അവരുടെയൊക്കെ സ്നേഹവും ബഹുമാനവുമൊക്കെ അനുഭവിച്ചറിഞ്ഞപ്പോൾ രണ്ടു മണിക്കൂറിനുള്ളിൽ ടെൻഷനെല്ലാം മാറി.
ശങ്കർ സാർ, കാമാറാമാൻ നീരവ് ഷാ, അസോസിയേറ്റ് ഡയറക്ടേഴ്സ്…എല്ലാവരും വളരെ സിംപിളാണ്. അവരുടെയൊന്നും മുഖങ്ങളിലോ പ്രവൃത്തിയിലോ ഇതുപോലെ ഒരു ബ്രഹ്മാണ്ഡ സിനിമയാണ് ചെയ്യുന്നത് എന്നുള്ള യാതൊരു പ്രശ്നവുമില്ല. അതുകൊണ്ടുതന്നെ എനിക്കും അതൊന്നും ഫീൽ ചെയ്തില്ല. തിരിച്ചു നാട്ടിൽ വന്നശേഷം ഈ സിനിമയുമായി ബന്ധപ്പെട്ട ഓരോ ന്യൂസും പുറത്തുവന്നപ്പോഴാണ് ഒരു ബ്രഹ്മാണ്ഡ സിനിമയാണ് അവിടെ മെയ്ക്ക് ചെയ്തുകൊണ്ടിരുന്നതെന്നും ഇത്രയധികം ആർട്ടിസ്റ്റുകളും ടെക്നീഷൻസുമുള്ള സിനിമയാണെന്നും ഇത്രയധികം സംഭവങ്ങൾ ഉൾപ്പെട്ട സിനിമയാണെന്നും വിദേശത്തു നിന്നുള്ള ടെക്നീഷൻസ് വരെ ഇതിൽ വർക്ക് ചെയ്തിട്ടുണ്ടെന്നുമൊക്കെ അറിഞ്ഞത്. അതിനാൽ ഷൂട്ടിംഗ് സമയത്ത് ഇതൊന്നുമോർത്തു ടെൻഷനടിക്കേണ്ടി വന്നിട്ടില്ല. എല്ലാവരും വളരെ സിംപിളായതിനാൽ ഞാൻ ആ ലൊക്കേഷനിൽ വളരെ കംഫർട്ടായിരുന്നു. ലൊക്കേഷനിൽ എല്ലാം ഫീൽഗുഡ് അനുഭവങ്ങൾ തന്നെയായിരുന്നു.
മലയാളത്തിലെ ആക്ടിംഗ് അനുഭവങ്ങൾ ഈ വേഷം ചെയ്തപ്പോൾ തുണയായി. അല്ലേ…?
തീർച്ചയായും. മമ്മൂക്ക, ലാലേട്ടൻ എന്നിവർക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളുണ്ട്. മാമുക്കോയ, നെടുമുടി വേണുച്ചേട്ടൻ തുടങ്ങി നമ്മൾ ഏതു ഭാഷയിൽ ചെന്നാലും ആളുകൾ ബഹുമാനത്തോടെ മാത്രം സംസാരിക്കുന്ന ധാരാളം വലിയ അഭിനേതാക്കൾ മലയാളത്തിലുണ്ട്. അവർക്കൊപ്പം സ്ക്രീൻ സ്പേസ് പങ്കിടാനായി എന്നു പറയുന്നതു തന്നെയാണ് ഏറ്റവും വലിയ എക്സ്പീരിയൻസ്.
അതുകൊണ്ടുതന്നെ വേറെ ആരു മുന്നിൽ വന്നുനിന്നാലും എന്തൊക്കെ ടെക്നിക്സ് ആണെന്നു പറഞ്ഞാലും എന്നെ സംബന്ധിച്ച് ഒരാക്ടർ എന്ന രീതിയിൽ എനിക്ക് ഒരു ടെൻഷനും ഫീൽ ചെയ്യാറില്ല. ലാലേട്ടനോടും മമ്മൂക്കയോടുമൊക്കെ നല്ല സൗഹൃദവും അവരുമൊക്കെയായി ഒരുപാടു സിനിമകൾ ചെയ്തിട്ടുള്ള എക്സ്പീരിയൻസും ഉള്ളതുകൊണ്ടാവാം അത്.
വേഷങ്ങൾ തെരഞ്ഞെടുക്കുന്പോൾ താങ്കളെ പ്രചോദിപ്പിക്കുന്നത്…?
ഒരു സിനിമ തെരഞ്ഞെടുക്കുന്പോൾ തീർച്ചയായും നമ്മുടെ കഥാപാത്രമാണ് ആദ്യം നോക്കുന്നത്. നമ്മളോട് ഒരാൾ ഒരു കഥ പറയാൻ വരുന്പോൾ അതു പുതുമുഖ സംവിധായകനാണെങ്കിലും പുതിയ റൈറ്റർ ആണെങ്കിലും നമ്മുടെ കാരക്ടറിന് ആ സിനിമയിൽ എന്താണു സ്പേസ്, എന്താണു ചെയ്യാനുള്ളത് എന്നാണു നോക്കുന്നത്. സിനിമ പുറത്തിറങ്ങുന്പോൾ ‘ഷാജോണിന് അതിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല’ എന്ന് ആളുകൾ പറയാനിടയുള്ള സിനിമകൾ ഒഴിവാക്കാറാണു പതിവ്.
പക്ഷേ, ഈയടുത്തു വരുന്ന സിനിമകളിലൊക്കെ നല്ല കഥാപാത്രങ്ങളാണ് എന്നെ തേടിവരുന്നത്. പിന്നെ, ചില സിനിമകൾ നമ്മുടെ ചില ബന്ധങ്ങളുടെ പുറത്തു ചെയ്യുന്നുണ്ട്. ചേട്ടൻ അതിൽ ഉണ്ടെങ്കിൽ നമുക്കു ഗുണമാണ്, പക്ഷേ, നമ്മുടെ കൈയിൽ അത്ര പൈസ ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞാണു പുതിയ ആളുകൾ വരാറുള്ളത്.
പരീത് പണ്ടാരി പോലെയുള്ള ചില സിനിമകളും താങ്കൾ ചെയ്തിട്ടുണ്ടല്ലോ..?
ടിവി ഷോ ചെയ്തിരുന്നപ്പോൾ ഒപ്പം അസിസ്റ്റന്റായി നിന്നയാളാണ് പരീത് പണ്ടാരിയുടെ ഡയറക്ടർ ഗഫൂർ ഇല്യാസ്. അദ്ദേഹം ഒരു നല്ല സിനിമയുമായി വന്നപ്പോൾ ഞാൻ അതു ചെയ്താൽ അദ്ദേഹത്തിന് എന്തെങ്കിലും ഗുണം ഉണ്ടാകുമെന്നുണ്ടെങ്കിൽ, ഒരു നല്ല സിനിമയുണ്ടാകുമെന്നുണ്ടെങ്കിൽ തീർച്ചയായും അതു നല്ലതാണല്ലോ എന്നു കരുതി ചെയ്ത സിനിമയാണു പരീത് പണ്ടാരി. അതൊരിക്കലും മോശമായി എന്ന് എനിക്കു തോന്നിയിട്ടില്ല.
നടനായി തിളങ്ങിനിൽക്കുന്പോൾത്തന്നെ സംവിധായകനാകാനുള്ള തയാറെടുപ്പിലാണല്ലോ….?
ബ്രദേഴ്സ് ഡേ എന്നാണു സിനിമയുടെ പേര്. പൃഥ്വിരാജാണ് ആ സിനിമയിലെ നായകൻ. ഞാൻ ഈ സ്ക്രിപ്റ്റ് എഴുതുന്പോൾ മറ്റാരെയെങ്കിലും കൊണ്ട് ഡയറക്ട് ചെയ്യിപ്പിക്കാം എന്നാണു വിചാരിച്ചിരുന്നത്. എന്നാൽ, ഈ സ്ക്രിപ്റ്റ് ഞാൻ രാജുവിനോടു പറഞ്ഞപ്പോൾ ഞാൻ തന്നെ ഡയറക്ട് ചെയ്യണമെന്ന് രാജുവാണ് എന്നോടു പറഞ്ഞത്. ഞാൻ അഭിനയിക്കുന്ന കുറേ സിനിമകളുണ്ട്. അതിനിടയിൽ സംവിധാനം സാധ്യമാകുമോ എന്നാണ് ഞാൻ അപ്പോഴും രാജുവിനോടു പറഞ്ഞത്.
‘ചേട്ടൻ ആ കഥ പറയുന്നതു കേൾക്കുന്പോൾ തന്നെ അതു സാധ്യമാകുമെന്ന് അറിയാം. ചേട്ടൻ ഡയറക്ട് ചെയ്താൽ ഞാൻ ഈ സിനിമയ്ക്കു ഡേറ്റ് തരാം’ – രാജു പറഞ്ഞു. മലയാളത്തിൽ ഒരുപാടു പ്രഗല്ഭരായ സംവിധായകരും റൈറ്റേഴ്സും പുറകേ നടക്കുന്ന ഒരാളാണു രാജു. രാജുവിനെപ്പോലെ ഒരാൾ അത്ര ആത്മവിശ്വാസത്തോടെ ‘ചേട്ടനിതു ചെയ്യാനാവും, ചേട്ടൻ ഇതു ചെയ്യണം’ എന്നു പറഞ്ഞപ്പോൾ അതു ദൈവനിശ്ചയമായിരിക്കും എന്ന് എനിക്കു തോന്നി. അടുത്ത വർഷം മാർച്ചിലായിരിക്കും അതിന്റെ ചിത്രീകരണം. ഓണത്തിനു റിലീസ് ചെയ്യാം എന്നു വിചാരിക്കുന്നു.
ബ്രദേഴ്സ് ഡേ വിശേഷങ്ങൾ….?
ഫുൾ കളർഫുൾ ഫാമിലി എന്റർടെയ്നറായിരിക്കും ബ്രദേഴ്സ് ഡേ. അതിൽ തമാശയുണ്ടാവും. എന്നാൽ അതൊരു മുഴുനീള തമാശസിനിമ ആയിരിക്കില്ല. അതിൽ നല്ല പാട്ടുകളുണ്ടാവും, ഡാൻസുണ്ടാവും, ഫൈറ്റുണ്ടാവും. എന്റെ കുടുംബവുമൊത്താണ് ഞാൻ 99 ശതമാനം സിനിമകളും പോയി കാണാറുള്ളത്. എന്റെ അമ്മച്ചിയുണ്ടാവും, ഭാര്യയുണ്ടാവും, എന്റെ രണ്ടു മക്കളുണ്ടാവും… ഞങ്ങൾ ഒരുമിച്ചിരുന്നാണ് സിനിമ കാണാറുള്ളത്. അതുകൊണ്ടു തന്നെ കുടുംബവുമായി ഇരുന്നു കാണാൻ പറ്റുന്ന തമാശകളുള്ള കളർഫുൾ ഫാമിലി ത്രില്ലർ എന്റർടെയ്നർ ആയിരിക്കും ബ്രദേഴ്സ് ഡേ.
നാലു ഹീറോയിൻസ് ഉണ്ടാവും. മൂന്നുപേർ നിലവിൽ ഉള്ളവർ തന്നെയാണ്. അവരെല്ലാം കമിറ്റ് ചെയ്തു കഴിഞ്ഞു. ഒരാൾ പുതുമുഖമാകാൻ സാധ്യതയുണ്ട്. ഒപ്പം, മലയാളത്തിലെ പ്രഗല്ഭരും പ്രശസ്തരുമായ കുറേ താരങ്ങളുമുണ്ടാവും. കാസ്റ്റിംഗ് അനൗണ്സ്മെന്റ് ജനുവരി ആദ്യ ആഴ്ചയിയിലുണ്ടാവും.
വളരെ യാദൃച്ഛികമായാണോ പൃഥ്വിരാജിനോടു കഥ പറഞ്ഞത്….?
നേരത്തേ എഴുതിത്തുടങ്ങിയ സ്ക്രിപ്റ്റാണ്. എന്റെ സിനിമയുടെ തിരക്കുകൾ കാരണം ഇടയ്ക്കിടെ ഗ്യാപ്പ് വന്നു. 2014 – 15 ലാണ് സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്. അപ്പോൾ രാജുവിനോട് പറയണമെന്നു തോന്നി. രാജുവിന് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നൊന്നും അറിയില്ലായിരുന്നു. വിവരം പറഞ്ഞപ്പോൾ ‘എപ്പോൾ വേണമെങ്കിലും നമുക്കു കേൾക്കാം. ചേട്ടന് എപ്പോഴാണു വരാനാവുക’ എന്നാണ് രാജു എന്നോടു ചോദിച്ചത്. ഉൗഴം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കോയന്പത്തൂരാണെന്നും ബുദ്ധിമുട്ടില്ലെങ്കിൽ ഇവിടേയ്ക്കു വന്നു കഥ പറയാമെന്നും രാജു തുടർന്നുപറഞ്ഞു.
അങ്ങനെ ഞാൻ കോയന്പത്തൂരിൽ രാജുവിന്റെ റൂമിലെത്തി കഥ പറഞ്ഞു. ‘നന്നായിട്ടുണ്ട്, നമുക്ക് ഈ സിനിമ ചെയ്യണം. പക്ഷേ, എന്നു ചെയ്യാൻ പറ്റുമെന്ന് എനിക്കു പറയാൻ പറ്റില്ല ’- രാജു പറഞ്ഞു. ഡേറ്റ് എപ്പോഴാണെന്നു തീരുമാനിച്ചു പറഞ്ഞോളൂ എന്ന് ഞാൻ. 2016 ലാണ് രാജു ഇതു ചെയ്യാം എന്നു പറഞ്ഞത്. രാജുവിനു ചെയ്തു തീർക്കേണ്ട സിനിമകളും കമിറ്റ് ചെയ്യുന്ന സിനിമകളുമൊക്കെയുണ്ടായിരുന്നു. ഒടുവിൽ രാജു ഡയറക്ട് ചെയ്യുന്ന ലൂസിഫർ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് അടുത്ത വർഷം മാർച്ചിൽ ഈ സിനിമ ചെയ്യാം എന്ന് രാജു എന്നോടു പറഞ്ഞത്. തുടർന്നാണ് പ്രീപ്രൊഡക്ഷൻ ജോലികൾ തുടങ്ങിയത്.
ലൂസിഫർ വിശേഷങ്ങൾ….?
ലൂസിഫറിലും ഞാൻ ഒരു വേഷം ചെയ്യുന്നുണ്ട്. ലാലേട്ടന്റെ കൂടെ ത്രൂഒൗട്ട് ഉള്ള അദ്ദേഹത്തിന്റെ വലംകൈ ആയ ഒരു കഥാപാത്രമാണ് എന്റേത്. അത്രമാത്രമേ അതിനെപ്പറ്റി ഇപ്പോൾ പറയാനാവൂ. അതൊരു ഗംഭീരസിനിമയായിരിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം. കാരണം, പൃഥ്വിരാജ് എന്നെ ഞെട്ടിച്ചുകളഞ്ഞു. ഹീറോ ആയിട്ടുള്ള രാജുവിനെയാണ് നമ്മൾ ലൊക്കേഷനിൽ പ്രതീക്ഷിച്ചത്. പക്ഷേ, 100 സിനിമ ചെയ്ത എക്സ്പീരിയൻസ് ഉള്ള ഒരു ഡയറക്ടർ ചെയ്യുന്ന ലാഘവത്തോടെയാണ് ലാലേട്ടനെവച്ച് രാജു ഇതുപോലെ ഒരു സിനിമ ചെയ്യുന്നത്.
മലയാളത്തിൽ അടുത്തിടെ ഇത്രയും ജൂണിയർ ആർട്ടിസ്റ്റുകൾ പങ്കെടുത്ത മറ്റൊരു സിനിമ ഉണ്ടെന്നു തോന്നുന്നില്ല. ഓരോ സീനിലും 10 -200 പേർ വരെ. രണ്ടായിരം പേരെ വച്ച് ഷൂട്ട് ചെയ്ത സീനുകളുമുണ്ട്. പക്ഷേ, ഒരു ടെൻഷനും കൂടാതെ വളരെയധികം എക്സ്പീരിയൻസ്ഡ് ആയ ഡയറക്ടർ ചെയ്യുന്ന ലാഘവത്തോടെയാണ് രാജു ചെയ്യുന്നത്. ലാലേട്ടൻ ആ സിനിമയ്ക്കുവേണ്ടി വെയ്റ്റ് ചെയ്യുന്നു, ത്രില്ലിലാണ് എന്നു പറയുന്പോൾ അറിയാമല്ലോ ആ സിനിമ എത്രത്തോളം ഗംഭീരമായിരിക്കുമെന്ന്.
ഓരോ സീൻ കണ്ടുകഴിയുന്പൊഴും ലാലേട്ടനും മോണിട്ടറിന്റെ മുന്പിലിരുന്ന് ഒത്തോ എന്ന മട്ടിൽ എന്റെ മുഖത്തേക്കു നോക്കും. ഓരോ സീൻ കണ്ടുകഴിയുന്പൊഴും അത്രയധികം എഗ്സൈറ്റ്മെന്റുണ്ട് ലാലേട്ടന്. നമ്മളെല്ലാം വളരെയധികം എഗ്സൈറ്റ്മെന്റിലാണ്. മാർച്ച് 28നു ലൂസിഫർ തിയറ്ററുകളിലെത്തും.
പൊളിറ്റിക്കൽ ത്രില്ലറാണോ ലൂസിഫർ…?
തീർച്ചയായും പൊളിറ്റിക്സ് ഉണ്ട് ആ സിനിമയിൽ. ഒരു പൊളിറ്റിക്കൽ സിനിമ എന്നു പറയാൻ പറ്റില്ല. കാരണം, പൊളിറ്റിക്സ് മാത്രമല്ല അതിൽ. മൂന്നാലു ലെയർ ഉള്ള ഒരു സിനിമയാണത്. പൊളിറ്റിക്കൽ ഡ്രാമ എന്നു പറയാനാകുമോ എന്ന് എനിക്കറിയില്ല.
സംവിധാനം ചെയ്യണമെന്നത് മുന്പേയുള്ള ആഗ്രഹമായിരുന്നോ…?
എന്നെങ്കിലും ഒരു സിനിമ ഡയറക്ട് ചെയ്യണമെന്ന് സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവർക്കും ആഗ്രഹമുണ്ടാവും. അങ്ങനെ എനിക്കും ഒരാഗ്രഹം ഉണ്ടായിരുന്നു. കാരണം, നമ്മുടെ പ്രഫഷൻ ഇതാണ്. എനിക്കറിയാവുന്ന ജോലി ഇതാണ്. സിനിമയിൽ തന്നെ നിൽക്കുക, ജീവനുള്ളിടത്തോളം കാലം സിനിമയുമായി ബന്ധപ്പെട്ടു നിന്ന് ജോലി ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം.
കാരണം, മറ്റു ബിസിനസുകളോ കാര്യങ്ങളോ പറ്റുമെന്ന് എനിക്കു തോന്നിയിട്ടില്ല. സിനിമയിൽ അഭിനയിക്കുന്നുണ്ട്. അതിനൊപ്പം എഴുത്ത് നമുക്ക് പറ്റുന്ന പണിയാണോ എന്നത് സിനിമ ഇറങ്ങിക്കഴിഞ്ഞശേഷം ജനങ്ങൾ തീരുമാനിക്കട്ടെ. സംവിധാനം പറ്റുന്ന പണിയാണോ എന്നും ജനങ്ങൾ തീരുമാനിക്കട്ടെ.
‘ഇനിയും എഴുതണം, സംവിധാനം ചെയ്യണം’എന്ന് സിനിമ ഇറങ്ങിയശേഷം ജനങ്ങൾ പറഞ്ഞാൽ ഞാൻ അതിനുവേണ്ടി വീണ്ടും നക്കെടും. മറിച്ചാണെങ്കിൽ ആ ഒറ്റ സിനിമ കൊണ്ട് അതെല്ലാം നിർത്തും, അഭിനയവുമായി മുന്നോട്ടു പോകും. നമുക്കു പറ്റുമെന്നു തോന്നുന്നു. നമ്മൾ അതിനുവേണ്ടി 100 ശതമാനവും കഷ്ടപ്പെടുന്നുണ്ട്. റിസൾട്ട് തരുന്നതു ദൈവമാണ്. അതിന് അഭിപ്രായം പറയേണ്ടതു ജനങ്ങളാണ്. അത് അവർക്കു വിട്ടുകൊടുത്തിരിക്കുന്നു.
‘ദൃശ്യ’മല്ലേ താങ്കളുടെ കരിയറിലെ ടേണിംഗ് പോയിന്റ്…?
ഒരു സംശയലുമില്ല, ദൃശ്യം തന്നെയാണ്. അതിനു തൊട്ടുമുന്പു വന്ന ‘മൈ ബോസും’ ഒരു ടേണിംഗ് പോയിന്റ് ആയിരുന്നു. കാരണം, അതുവരെയും വേഷങ്ങളുണ്ടായിരുന്നുവെങ്കിലും അതൊക്കെ ചെറിയ വേഷങ്ങളായിരുന്നു. തുടർച്ചയായി ഒരു ഹീറോയുടെ കൂടെ കൂട്ടുകാരൻ എന്നൊക്കെ പറഞ്ഞു നിന്ന് ഹിറ്റായ പടം മൈ ബോസ് ആണ്.
തൊട്ടുപുറകേയുള്ള വർഷമാണ് ദൃശ്യം എന്ന സിനിമ വരുന്നത്. അതിലെ സഹദേവൻ പൂർണമായും വ്യത്യസ്തതയുള്ള കഥാപാത്രമാണ്. മറ്റു കാരക്ടർ റോളുകൾ ചെയ്യാൻ അതൊരു ഡോർ ഓപ്പണിംഗ് ആയിരുന്നു. ഈ രണ്ടു സിനിമകൾ തന്ന ജിത്തു ജോസഫ് എന്ന ഡയറക്ടറോടാണ് എപ്പോഴും നന്ദി പറയാനുള്ളത്. കാരണം, ഈ രണ്ടു സിനിമകളിലൂടെ പൂർണമായും വ്യത്യസ്തതയുള്ള രണ്ടു കഥാപാത്രങ്ങളെയാണ് അദ്ദേഹം എനിക്കു തന്നത്.
എന്റെ കോമഡി ബാക്ക് ഗ്രൗണ്ട് നോക്കിയാൽ മൈ ബോസിൽ അങ്ങനെ ഒരു വേഷം തരാൻ അദ്ദേഹത്തിന് ഒരുപാട് ആലോചിക്കേണ്ട കാര്യമില്ല. പക്ഷേ, ദൃശ്യത്തിൽ അദ്ദേഹമെടുത്തതു വലിയ റിസ്ക്കാണ്. കാരണം, എന്നപ്പോലെയുള്ള ഒരു കൊമേഡിയനെക്കൊണ്ട് അതുപോലെയുള്ള ഒരു വേഷം ചെയ്യിപ്പിച്ചു. അതുകൊണ്ട് ജിത്തുജോസഫിനോട് എന്നും നന്ദിയും കടപ്പാടുമുണ്ടാവും.
2.0 യിലെ വേഷവും സമ്മാനിച്ചതു ദൃശ്യം തന്നെയല്ലേ…?
തീർച്ചയായും. താൻ മലയാളം സിനിമകൾ ഒരുപാടു കാണുന്ന ആളല്ലെന്നും പക്ഷേ, ദൃശ്യം കണ്ടിരുന്നതായും ശങ്കർ സാർ എന്നോടു പറഞ്ഞിരുന്നു. എന്നെക്കുറിച്ചു ശങ്കർ സാറിന് നല്ല ഒരാമുഖം നല്കിയതും ദൃശ്യം കാണണമെന്നു പറഞ്ഞതും 2.0യുടെ രചനയിൽ പങ്കാളിയും മലയാളിയുമായ ജയമോഹൻ സാറാണ്. അങ്ങനെയാണ് ശങ്കർ സാർ ദൃശ്യം കാണുന്നതും 2.0യിലെ ആ കാരക്ടറിനുവേണ്ടി അവർ എന്നെ ഫിക്സ് ചെയ്തതും.
ടി.ജി.ബൈജുനാഥ്