കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയെക്കുറിച്ച് ഒന്നുമറിയുമായിരുന്നില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും കൊലപാതകം സംബന്ധിച്ച് ഷാജുവിന് അറിവുണ്ടായിരുന്നതായി ക്രൈംബ്രാഞ്ച്. ജോളിയേയും പിതാവ് സക്കറിയയേയും ഭയമായിരുന്നതിനാലാണ് ഷാജു കാര്യങ്ങള്‍ തുറന്നുപറയാതിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
ഷാജുവിന്റെ ഭാര്യ സിലിയുടേയും മകളുടേയും മരണം കൊലപാതകമാണെന്ന സംശയം ഷാജുവിനുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പുറത്തുപറയുകയാണെങ്കില് ജീവന് തന്നെ അപകടത്തിലാവുമെന്ന് കരുതിയാണ് ഷാജു ഇക്കാര്യം പോലീസിനോടും മറ്റു ബന്ധുക്കളോടും പറയാതിരുന്നതെന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച്. കേസില്‍ ഷാജുവിനേയും പ്രതിചേര്‍ക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
അതേസമയം പോലീസിനോട് കുറ്റം സമ്മതിച്ച് മൊഴി കൊടുത്തിട്ടില്ലെന്നാണ് ഷാജു പറയുന്നത്. ജോളി തന്നെയും കൊല്ലുമായിരുന്നുവെന്നാണിപ്പോള് മാധ്യമങ്ങളോട് ഷാജു പറയുന്നത്. ഭാര്യയുടെയും കുഞ്ഞിന്റെയും മരണങ്ങളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്നാണ് ഷാജു മാധ്യമങ്ങളോട് പറഞ്ഞത് .
“വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. കൊലപാതകങ്ങളില്‍ എനിക്കും പങ്കുണ്ടെന്ന് ജോളി പോലീസിനോട് പറയുന്നത് പ്ലോട്ടാണ് ( കുരുക്ക്) . ജോളിയുടെ പൂര്‍ണമായ പ്ലോട്ടാണ്. ഇപ്പോഴീ കുറ്റത്തിലും കേസിലും അവള് ഒറ്റയ്ക്കാണല്ലോ. ജോളിയുടെ കൂടെ ഒരാളെക്കൂടി കുരുക്കണമെന്ന താത്പര്യത്തിലാണ് ഇതൊക്കെ പറയുന്നതെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു.
ജോളിയ്ക്ക് ഏതൊക്കെ തരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നു എന്നൊന്നും അറിയില്ലെന്നും സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ടായിരുന്നില്ലെന്നും ഷാജു പറഞ്ഞു. ജോളിയ്ക്ക് ജോളിയുടേതായ സ്വാതന്ത്ര്യമുണ്ടായിരുന്നു. എനിക്ക് എന്റേതും. അതിലപ്പുറത്തേക്ക് അവരുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ കൈ കടത്തിയിരുന്നില്ല. ജോളിയുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചോ രേഖകളെക്കുറിച്ചോ ഒന്നുമറിയില്ലെന്നും ഷാജു പറഞ്ഞു .
സിലിയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ഒന്നും പറയാന്‍ കഴിയില്ല. കുഞ്ഞായ ആല്ഫൈന് അസുഖങ്ങളുണ്ടായിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ സിലിയ്ക്ക് ചിക്കന്‍ പോക്സ് വന്നിരുന്നു. അതിന്റേതായ അസുഖങ്ങള്‍ കുഞ്ഞിനുമുണ്ടായിരുന്നു.
അതാണോ കുഞ്ഞിന് അപസ്മാരം അടക്കമുള്ള അസുഖങ്ങള്‍ വരാന്‍ കാരണമെന്നറിയില്ല. അതോ, ഭക്ഷണം കഴിച്ചപ്പോള്‍ നെറുകയിൽ കയറിയതാണോ എന്നും അറിയില്ല. പിഞ്ചു ശരീരമല്ലേ? ഒന്നും പറയാനാകില്ലെന്നാണ് അന്ന് ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞത്’, ഷാജു പറഞ്ഞു. മരണകാരണം എന്താണെന്ന് പരിശോധിക്കാമായിരുന്നെന്ന് ഷാജു പറയുന്നു. ‘അന്ന് ഇതിലെല്ലാം ഇത്രയും ദുരൂഹത തോന്നിയിരുന്നില്ല.
സംശയങ്ങളും ഉയര്‍ന്നിരുന്നില്ല. എന്നാലിപ്പോള്‍ ഇതിത്ര പ്രശ്നമായ നിലയ്ക്ക് എല്ലാം പരിശോധിക്കാമായിരുന്നു എന്ന് തോന്നുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം നടത്താമായിരുന്നു എന്ന് തോന്നുന്നുണ്ടെന്നും ഷാജു പറഞ്ഞു. പക്ഷെ ഇതെല്ലാം ഷാജുവിന്റെ തന്ത്രമാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
എന്തൊക്കെ തന്ത്രങ്ങൾ ആവിഷ്ക്കരിച്ചാലും ഷാജു പ്രതിപട്ടികയിൽ ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു. സുഹൃത്തായ അഭിഭാഷകുമായി ഷാജു ബന്ധപ്പെട്ടിരുന്നതായും ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചു. ജോളിയും ഷാജുവും ഇപ്പോൾ പരസ്പരം പഴിചാരുന്നതുപോലും തന്ത്രമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
അതേസമയം ഷാജുവിനും അച്ഛന് സക്കറിയയ്ക്കും ഇതെല്ലാം അറിയാമായിരുന്നു എന്ന് തന്നെയാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് സക്കറിയയെയും ഷാജുവിനെയും വിളിച്ച് വരുത്തിയതും. ജോളിയുടെ വിശദമായ മൊഴി ഒക്ടോബര്‍ മൂന്നാം തീയതി എടുത്തിരുന്നു എന്നാണ് പോലീസ് പറയുന്നത്.
അന്ന് ഷാജുവും ഒപ്പമുണ്ടായിരുന്നു. അന്ന് ഷാജുവിന്റെ മൊഴിയും രേഖപ്പെടുത്തിയതാണ്. ഈ മൊഴിയില്‍ ചില വിശദീകരണങ്ങള്‍ വേണമായിരുന്നു. അതിനാലാണ് വീണ്ടും ഷാജുവിനെ വിളിച്ച് വരുത്തിയതെന്നും വിശദമായി മൊഴി രേഖപ്പെടുത്തിയതെന്നും റൂറല്‍ എസ്പി കെ ജി സൈമണ്‍ പ്രതികരിച്ചു.