വടകര: കൂടത്തായി കൊലപാതക പരന്പരയിൽ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു പ്രതിയാവുമോ ഇല്ലയോ എന്നായിരുന്നു ഏവർക്കും അറിയേണ്ടിയിരുന്നത്. കൃത്യത്തിനു പിന്നിൽ ജോളിയും ജ്വല്ലറിക്കാരും മാത്രമല്ല സ്വന്തക്കാരിൽ നിന്നും സഹായം ലഭിച്ചിച്ചുണ്ടാവുമെന്നും അത് ഷാജുവിൽ നിന്നു തന്നെയാവുമെന്നുമാണ് ഏവരും കരുതിയത്.
മരിച്ച റോയിയുടെ സഹോദരി റെഞ്ചി തോമസ് ഇക്കാര്യം അടിവരയിടുന്നുണ്ടായിരുന്നു. സ്വാഭാവികമായും ഏവരുടെയും കണ്ണുകൾ ഷാജുവിലേക്കായി. കൂടത്തായിലെ വീട്ടിൽ നിന്നു ഷാജു എന്തൊക്കെയോ കടത്തിയെന്നും വാർത്ത വന്നു. ഇതിനു പിന്നാലെയാണ് ഇയാൾക്കു നേരെയുണ്ടായ പോലീസ് നടപടി.
തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഒന്നര മണിക്കൂർ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലും ആറു മണിക്കൂർ വടകരയിലെ റൂറൽ എസ്പി ഓഫീസിലും ചോദ്യം ചെയ്യലിന് ഇരയായ ഷാജുവിന്റെ അറസ്റ്റ് ഉടനെന്നായിരുന്നു ചാനലുകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞത്. രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു മുതൽ ഷാജു കസ്റ്റഡിയിലാണെന്നും കുറ്റം സമ്മതിച്ചെന്നും വാർത്ത പുറത്തുവന്നു.
ഇയാളുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തുമെന്നും ശ്രുതിയുണ്ടായി. എന്നാൽ അപ്രതീക്ഷിതമായി ഷാജുവിനെ വിട്ടയച്ചെന്ന വിവരമാണ് റൂറൽ എസ്പി ഓഫീസിൽ നിന്നു വന്നത്. ഇതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട റൂറൽ എസ്പി കെ.ജി.സൈമണ് ഷാജുവിന്റെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചതായി പറഞ്ഞു.
കൊലപാതകത്തിലുള്ള ഷാജുവിന്റെ പങ്കു വ്യക്തമായിട്ടില്ലെന്നും ഇയാൾക്കെതിരെ വേണ്ടത്ര തെളിവുകളില്ലെന്നും എസ്പി വെളിപ്പെടുത്തി. കൂടാതെ, കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നും അവരെയെല്ലാം ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഷാജുവിന്റെ മൊഴി വിലയിരുത്തിയതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും.
ഇതോടൊപ്പം കേസുമായി ബന്ധപ്പെട്ട രാസപരിശോധനകൾ വിദേശത്ത് നടത്താൻ ഡിജിപി അനുമതി നൽകിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു. കേസിൽ നിലവിൽ അറസ്റ്റിലായ ജോളിയുടെ മൊഴി പൂർണമായും രേഖപ്പെടുത്തിയിട്ടുണ്ട്. ഷാജുവിന് ജില്ല വിട്ട് പുറത്തുപോകാൻ അനുമതിയില്ല.
എവിടെ പോയാലും പോലീസിനെ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴികൾ വിലയിരുത്തിയതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും എസ്.പി വ്യക്തമാക്കി.നേരത്തെ ഷാജുവിനെയും ജോളിയേയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളിൽ വ്യക്തത വരുത്തുന്നതിനാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ആദ്യ ഭാര്യ സിലിയെയും മകൾ ആൽഫൈനെയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കി നൽകിയെന്ന് ഷാജു അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ ഇത്തരമൊരു കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും പുറത്തുവരുന്നത് തെറ്റായ വാർത്തയാണെന്നും ഷാജു വ്യക്തമാക്കുകയുണ്ടായി.
തനിക്കെതിരെയുള്ള ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ്. തന്നെ കുരുക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. റോയിയുടെ ബന്ധുക്കൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ അത് കുരുക്കാനുള്ള ശ്രമമായാണ് കരുതുന്നത്.
മകൾ ആൽഫൈൻ മരിച്ച സമയത്ത് സംശയങ്ങൾ ഒന്നും തോന്നിയിരുന്നില്ല. അതുകൊണ്ടാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യേണ്ട എന്ന തീരുമാനമെടുത്തത്. എന്നാൽ പോസ്റ്റുമോർട്ടം ചെയ്യാമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും ഷാജു വ്യക്തമാക്കി. അന്വേഷണത്തോട് ഷാജു സഹകരിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൊഴി വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.