മുക്കം : കൂടത്തായി കൊലപാതക കേസില്‍ ജോളിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രണ്ടാം ഭര്‍ത്താവ് ഷാജു. ജോളി തന്നെ വിവാഹം കഴിച്ചത് സാമ്പത്തിക താത്പര്യങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ്. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്കകം തന്നെ ജോളിയുടെ പ്രവര്‍ത്തനങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി തോന്നിയിരുന്നു എന്നും അദ്ദേഹം “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. ആദ്യ ഭാര്യയേയും മകളേയും ജോളി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുമ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞത്.
ഇതുകേട്ടപ്പോള്‍ മറ്റുള്ളവരെ പോലെ തനിക്കും അമ്പരപ്പാണ് ഉണ്ടായത്. ഇപ്പോഴും ജോളിയാണ് അവരെ കൊലപ്പെടുത്തിയതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. കൂടെ കഴിയുമ്പോള്‍ യാതൊരു അസ്വാഭാവികതയും ജോളിയുടെ പെരുമാറ്റത്തില്‍ കണ്ടിരുന്നില്ല. ജോളിയുടെ സാമ്പത്തിക കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്നും വഴക്ക് കൂടേണ്ടെന്ന് വിചാരിച്ച് പല കാര്യങ്ങളും താന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും ഷാജു പറഞ്ഞു. എന്‍ഐടിയില്‍ ജോലി ഉണ്ടെന്ന് പറഞ്ഞത് കള്ളമാണെന്ന് നാലു മാസങ്ങള്‍ക്ക് മുമ്പാണ് അറിഞ്ഞത്.
എന്ഐടിയിലേക്കാണെന്ന് പറഞ്ഞ് ബ്യൂട്ടി പാര്‍ലറിലേക്കായിരുന്നു ജോളി പോയിരുന്നത്. എല്ലാവരോടും നല്ല നിലയിലായിരുന്നു ജോളി പെരുമാറിയിരുന്നതെന്നും അവരെ പറ്റി യാതൊരാക്ഷേപവും ആര്‍ക്കും ഉണ്ടായിരുന്നില്ലെന്നും ഷാജു പറഞ്ഞു. ജോളി അമിതമായി ഫോണ്‍ വിളികള്‍ നടത്തിയിരുന്നു. ചില ദിവസങ്ങളില്‍ രാത്രി രണ്ടു മണി വരെ ഫോണ്‍ ചെയ്യാറുണ്ടായിരുന്നു.
ഒരിക്കല്‍ താന്‍ അത് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രമാണ് ജോളി തന്റെ കോടഞ്ചേരിയിലെ വീട്ടില്‍ താമസിച്ചിരുന്നത്. ജോളിയുമായുള്ള വിവാഹത്തിന് തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്നും സിലിയുടെ സഹോദരന് സിജോ നിര്‍ബന്ധിച്ചത് കൊണ്ടാണ് സിലി മരിച്ചു ഒരു വര്‍ഷത്തിനകം തന്നെ വിവാഹം നടന്നതെന്നും ഷാജു പറഞ്ഞു. തനന്റെ മക്കള്‍ക്ക് ഒരു അമ്മയെ കിട്ടുമല്ലോ എന്നോര്‍ത്താണ് വിവാഹത്തിന് സമ്മതിച്ചത്.
കൊലപാതകങ്ങളില്‍ ജോളിക്ക് മാത്രമാണ് പങ്കുള്ളതെന്ന് വിശ്വസിക്കുന്നില്ല. കൂട്ടുപ്രതികള്‍ ഉണ്ടാകാം. രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. താന്‍ നിരപരാധിയാണെന്ന കാര്യത്തില്‍ ഉറപ്പുണ്ട്.
താന്‍ കുറ്റം സമ്മതിച്ചെന്നും പൊട്ടിക്കരഞ്ഞെന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ അസത്യമാണ്. ജോളിയുടെ ഭര്‍ത്താവ് എന്ന നിലയില്‍ തന്നെ ചോദ്യം ചെയ്യുക മാത്രമാണ് ക്രൈംബ്രാഞ്ച് ചെയ്തത്. തന്നെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. റെമോ അടക്കമുള്ളവരുടെ ആരോപണങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും ഷാജു പറഞ്ഞു.
സിലി ഗര്‍ഭിണിയായിരുന്നപ്പോള്‍ ചിക്കന്‍പോക്സ് പിടിപെട്ടിരുന്നു. പിന്നീട് നിരവധി തവണ പലതരത്തിലുള്ള അവശതകളും രോഗലക്ഷണങ്ങളും സിലി കാണിച്ചിരുന്നു. മകള്‍ ആല്ഫൈന് ജനിച്ചപ്പോള്‍ ശാരീരികമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിയെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. സിലി മരിക്കുന്നതിന് അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ആയുര്‍വേദ ചികിത്സ ആരംഭിച്ചിരുന്നു.
ഇടയ്ക്കിടെ ഛര്‍ദ്ദിക്കുകയും അവശത കാണിക്കുകയും ചെയ്തിരുന്നു. അതിനാലാണ് ഇരുവരും മരിച്ചപ്പോള്‍ അസ്വാഭാവികത തോന്നാതിരുന്നതന്നും ഷാജു പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്താതിരുന്നതിനും കാരണം ഇതാണ്. കുട്ടിയുടെ മരണകാരണം എന്താണെന്ന് ഡോക്ടര്‍മാര്‍ക്ക് കൃത്യമായി പറയാന്‍ കഴിഞ്ഞിരുന്നില്ല.തന്റെ ഭാര്യയും കുട്ടിയും മരിച്ചപ്പോള്‍ ഉള്ളില്‍ ദുഃഖമുണ്ടായിരുന്നു.
താന്‍ വിവാഹം ചെയ്ത ശേഷം ജോളി ഗര്‍ഭഛിദ്രം നടത്തിയതായി അറിവില്ലന്നും എന്നാല്‍ റോയിയുടെ ഭാര്യയായിരുന്ന കാലത്ത് ഗര്‍ഭഛിദ്രം നടത്തിയിരുന്നതായി ജോളി തന്നോട് വെളിപ്പെടുത്തിയിരുന്നു എന്നും ഷാജു പറഞ്ഞു.പണത്തിനു വേണ്ടിയുള്ള അത്യാര്‍ത്തിയാണ് ജോളിയെ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന് ഷാജുവിന്റെ പിതാവ് സഖറിയ പറഞ്ഞു. ജോളിയുടെ ഇടപെടലുകളില്‍ യാതൊരു അസ്വാഭാവികതയും തോന്നിയിരുന്നില്ലെന്നും പോലിസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും ഷാജു വ്യക്തമാക്കി.