ധനകാര്യ സ്ഥാപനത്തിന് അഞ്ജാതന് തീയിട്ടതിനെത്തുടര്‍ന്ന് ഉള്ളിലിരുന്ന ഉടമ വെന്തുമരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദേശീയപാതയ്ക്ക് സമീപമുള്ള ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍ നിലയിലെ സ്ഥാപനത്തില്‍ സംഭവങ്ങളുടെയെല്ലാം തുടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ആയിരുന്നു.
കുപ്പായക്കോട് ഒളവക്കുന്നേല്‍ ഷാജു കുരുവിളയുടെ സ്വകാര്യ ധനകാര്യ സ്ഥാപനമായ മലബാര്‍ ഫിനാന്‍സില്‍ അതിക്രമിച്ച് കടന്ന അജ്ഞാതന്‍ മുഖത്ത് മുളക്പൊടി വിതറി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ദേഹത്ത് തീ പടര്‍ന്ന കുരുവിള പുറത്ത് വരാന്തയിലൂടെ ഓടി കെട്ടിടത്തിന് മുകളില്‍ നിന്നും താഴേയ്ക്ക് ചാടി ഓവുചാലിലേക്ക് വീഴുകയായിരുന്നു. ഉടന്‍ ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലാക്കി.
60 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുരുവിള ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ബൈക്കിലെത്തിയ ചുവന്ന ടീഷര്‍ട്ട് ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്നാണ് സമീപത്തെ കടക്കാര് നല്കിയ വിവരം. പെട്രോളൊഴിച്ച് തീയിട്ട ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു ഹെല്‍മറ്റും കോട്ടും കെട്ടിടത്തിന്റെ പുറകുവശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച മൂന്ന് ലക്ഷത്തിന്റെ വായ്പ ആവശ്യപ്പെട്ട് ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ വായ്പ നല്കാന് വിസമ്മതിച്ചു. ഇയാളായിരിക്കാം കൃത്യം നടത്തിയതെന്നാണ് സംശയം. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ ഷാജു ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. വീഡിയോ പോലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.