മുക്കം: കൂടത്തായി കൊലപാതക പരമ്പരയിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മൊഴി പുറത്ത് വന്നപ്പോൾ ആകാംക്ഷയും ആശങ്കയുമായി ആനയംകുന്ന് ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർഥികളും നാട്ടുകാരും.
ആനയാംകുന്ന് ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ഷാജു. അധ്യാപകനെന്ന നിലയിൽ ഏറെ പ്രിയപ്പെട്ടവനായിരുന്ന ഷാജു ഇത്തരമൊരു കൃത്യത്തിൽ പങ്കാളിയായത് അവിശ്വസനീയമാണെന്ന് ഷാജു പഠിപ്പിച്ച വിദ്യാർഥികൾ പറയുന്നു.
ക്ലാസ് മുറികളിൽ ആരും പരിഭവം പറയാത്ത അധ്യാപകനായിരുന്നു. തെറ്റുകൾ കാണുമ്പോൾ പ്രധാനാധ്യാപകനെ വിളിച്ചു വരുത്തി ശിക്ഷ വാങ്ങി കൊടുക്കാറായിരുന്നു പതിവ്. ആരോടും കൂടുതൽ സംസാരിക്കാൻ നിൽക്കാറില്ല. എന്തെങ്കിലും ചോദ്യങ്ങൾ ചോദിച്ചാൽ അതിനുള്ള മറുപടി മാത്രം നൽകുക മാത്രം ചെയ്യും. തന്നെയും വധിക്കുമെന്ന ഭയം കൊണ്ടായിരുന്നു ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന വിവരം മറച്ചു വെച്ചതെന്നാണ് ഷാജു മൊഴി നൽകിയിരിക്കുന്നതന്നാണ് പറയുന്നത് .
രണ്ടാം ഭാര്യയും കേസിലെ മുഖ്യ പ്രതിയുമായ ജോളിയുടെ സുഹൃത്തുക്കൾ വലിയ സ്വാധീനമുള്ളവരായിരുന്നുവെന്നും ഷാജു അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.