പ്രദീപ് ഗോപി
ഷാജു ശ്രീധര്‍, മലയാളികള്‍ക്ക് സുപരിചിതമായ മുഖം. മിമിക്രി, സീരിയൽ, സിനിമകൾ എന്നിവയിലൂടെ കുടുംബസദസുകൾക്കു പ്രിയങ്കരനായ നടൻ. മൂന്നു പതിറ്റാണ്ടോളമായി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് ഷാജു. മിമിക്രിയിലൂടെയായിരുന്നു തുടക്കം. ഷാജു മിമിക്രിയിലേക്കു വരുന്ന കാലത്തു ടെലിവിഷന്‍ ചാനലുകൾ പോലും ഉണ്ടായിരുന്നില്ല. ടേപ്പ് റിക്കാര്‍ഡുകളുടെയും കാസറ്റുകളുടെയും കാലം.
മോഹന്‍ലാലിന്റെ ശബ്ദത്തിനൊപ്പം രൂപസാദൃശ്യവും വേദിയിലെത്തിച്ചാണ് ഷാജു ശ്രദ്ധേയനായത്. മോഹന്‍ലാലിന്റെയും ഷാജുവിന്റെയും പകുതി മുഖം ചേര്‍ത്തുവച്ചു പുറത്തു വന്ന ഒരു കാസറ്റ് കവര്‍ പോലും അക്കാലത്തുണ്ടായി. ഇന്നു സിനിമയില്‍ തന്റേതായ ഇടം നേടിയിരിക്കുന്നു ഷാജു.കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ, അർജുൻ അശോകൻ നായകനായ തീപ്പൊരി ബെന്നി എന്ന സിനിമയില്‍ ഏറെ വ്യത്യസ്തമായ മുഴുനീള കഥാപാത്രമായാണ് ഷാജു എത്തിയത്.
ഫെമിന ജോർജാണു നായിക. വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും വെളളിമൂങ്ങയുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് തീപ്പൊരി ബെന്നിയുടെ എഴുത്തും സംവിധാനവും. സിനിമയില്‍ എത്തിയിട്ട് 28 വര്‍ഷം ആയെങ്കിലും ഒരു നടന് എന്ന നിലയില്‍ പെര്‍ഫോം ചെയ്യാന്‍ അവസരം കിട്ടുന്നത് തീപ്പൊരി ബെന്നിയിലാണെന്നു ഷാജു ശ്രീധര്‍. ഇപ്പോഴും കരിയറിലെ ബെസ്റ്റ് എന്നു പറയാന്‍ കഴിയുന്ന ക്യാരക്ടറിനായി കാത്തിരിക്കുകയാണദ്ദേഹം.
* തീപ്പൊരി ബെന്നിയിലെ ബേബി
തീപ്പൊരി ബെന്നിയിൽ ബേബിയായിട്ടാണ് ഷാജു എത്തുന്നത്. നായകനൊപ്പം ആദ്യാവസാനമുള്ള ഹ്യുമർ കഥാപാത്രം. പലവിധ വേഷങ്ങൾ ഇട്ട് ഈ സിനിമയിൽ എത്തുന്നുണ്ടെങ്കിലും ഷര്‍ട്ടിടാത്ത ഒരു രംഗമാണ് പോസ്റ്ററായി വന്നത്. അതെന്തായാലും വൈറലായി. സാധാരണ സല്മാന് ഖാനൊക്കെ സിക്സ് പായ്ക്ക് കാണിക്കുന്ന പോസ്റ്ററുകളാണ് ഹിറ്റാകുന്നത്. എന്തായാലും സിക്സ് പായ്ക്ക് ഇല്ലാത്ത ഞങ്ങൾ കുറച്ചുപേരുടെ ഷർട്ടിടാത്ത പോസ്റ്ററും വൈറലായതിൽ സന്തോഷം.
* സൂപ്പർതാരങ്ങൾക്കൊപ്പം
അമിതാഭ് ബച്ചനും മഞ്ജു വാര്യര്‍ക്കുമൊപ്പമുള്ള രണ്ടാമത്തെ പരസ്യമാണ് അടുത്തയിടെ പുറത്തുവന്നത്. ആദ്യത്തേതില്‍ എനിക്കു കൂടുതല്‍ പ്രാധാന്യം ലഭിച്ചിരുന്നു. ആ പരസ്യം ചില വിവാദങ്ങളിലും പെട്ടിരുന്നു. അതു പിന്നീടു നീക്കംചെയ്തു. അമിതാഭ് ബച്ചനൊപ്പമുള്ള ആ പരസ്യത്തിലെ സ്ക്രീന്‍സ്പേസ് എന്റെ ലൈഫിലെയും കരിയറിലെയും വലിയ ഭാഗ്യമാണ്. അമിതാഭ് ബച്ചനും മഞ്ജു വാര്യര്‍ക്കും പുറമേ നാഗാര്‍ജുന, ശിവരാജ് കുമാര്‍, പ്രഭു, കത്രീന കെയ്ഫ് എന്നിവര്‍ക്കൊപ്പം ഒക്കെ ആ പരസ്യത്തിൽ അഭിനയിക്കാന്‍ കഴിഞ്ഞു.
* മിമിക്രിക്കാരുടെ ചാകരക്കാലം
എനിക്കു തോന്നുന്നത് ഞാന്‍ സിനിമയിലെത്തിയ സമയത്ത് ഈ രംഗത്തെ 60 ശതമാനം ആള്‍ക്കാരും മിമിക്രിക്കാരായിരുന്നു. അതൊരു ചാകരക്കാലമായിരുന്നു. ആ കൂട്ടത്തിൽ അവരുടെ ഒപ്പം സിനിമയിലെത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യംതന്നെ. 11 മിമിക്രിക്കാരെ വച്ച് മിമിക്സ് ആക്ഷന്‍ 500 എന്നൊരു സിനിമ പ്ലാന്‍ ചെയ്ത സമയമായിരുന്നു അത്. അബി, നാരായണന്‍കുട്ടി, നവാസ്, കോട്ടയം നസീര്‍ തുടങ്ങിയവരെ വച്ചുള്ള സിനിമയിലൂടെ ഈ രംഗത്തു തുടക്കം കുറിക്കാനായി.
* ലാലേട്ടന്റെ അനിയൻവേഷം നഷ്ടം
മാമ്പഴക്കാലം എന്ന സിനിമയില്‍ ലാലേട്ടന്റെ അനിയനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അങ്ങനെയൊരു വേഷം ചെയ്യുക വലിയ മോഹമായിരുന്നു. ടി.എ. ഷാഹിദ് എന്ന എഴുത്തുകാരന് ആ വേഷത്തെക്കുറിച്ച് എന്നോടു പറയുകയും ചെയ്തിരുന്നു. അതു നഷ്ടമായത് വലിയ സങ്കടമായി. എങ്കിലും ഇന്നും സിനിമയില്‍ നില്ക്കാന് കഴിയുന്നു എന്നതില്‍ സംതൃപ്തിയുണ്ട്.
* മൈക്കിൽ ഫാത്തിമ, അറ്റ്, തുണ്ട്…
തീപ്പൊരി ബെന്നിക്കു പിന്നാലെ ശേഷം “മൈക്കിൽ ഫാത്തിമ’, ഞാൻ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്ന “അറ്റ്’ എന്നിവ പുറത്തുവരും. ഇപ്പോള്‍ ചെയ്യുന്നത് വെബ്സീരിസാണ്. നീന ഗുപ്തയും റഹ്മാനും ജോയ് മാത്യുവും ഒക്കെ അഭിനയിക്കുന്ന വലിയൊരു ഗ്രൂപ്പിന്റെ ഗംഭീര പ്രോജക്ടാണത്. ബിജു മേനോനും ഷൈന്‍ ടോം ചാക്കോയും അഭിനയിക്കുന്ന “തുണ്ട്’ ആണ് അടുത്തതായി ചെയ്യാൻ പോകുന്ന സിനിമ.
* പിന്നാലെ മക്കളും
മക്കൾ: നന്ദന, നീലാഞ്ജന. നന്ദന അഭിനയിച്ച “സ്റ്റാന്‍ഡേര്‍ഡ് 10 ഇ 99 ബാച്ച്’ എന്ന സിനിമ വൈകാതെ റിലീസ് ചെയ്യും. ഇളയ മകള്‍ നീലാഞ്ജന “അയ്യപ്പനും കോശിയും’ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ മകളായി അഭിനയിച്ചിരുന്നു. പിന്നെ “ബ്രദേഴ്സ് ഡേ’ തുടങ്ങി ഒന്നുരണ്ടു പടങ്ങളും അവൾ ചെയ്തിട്ടുണ്ട്.
ഭാര്യ ചാന്ദ്നിയും അഭിനേത്രിയാണ്. മക്കള്‍ റീൽസ് ചെയ്യുന്നതിനൊപ്പം കൂടിയായിരുന്നു ഈ പ്ലാറ്റ്ഫോമിലേക്കുള്ള എന്റെ തുടക്കം. പിന്നീടു അവരെ പങ്കെടുപ്പിച്ചു ഞാനും റീൽ ചെയ്യാൻ തുടങ്ങി. എന്നേക്കാൾ കൂടുതല്‍ പെര്‍ഫോമന്‍സ് ചെയ്യുന്നത് അവരാണ്. പലപ്പോഴും അവര്‍ ചെയ്യുന്ന വീഡിയോകള്‍ക്കാണ് ഞാന്‍ ചെയ്യുന്നവയേക്കാള്‍ റീച്ച് കൂടുതൽ.