ഞങ്ങളുടെ ദാമ്പത്യജീവിതം 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇത്രയും വര്‍ഷമായോ എന്ന് പറയുമ്പോഴാണ് നമ്മള് അതിനെക്കുറിച്ച് ചിന്തിക്കുക. പിന്നെ ജീവിതത്തില്‍ വിഷമഘട്ടങ്ങളിലൂടെ പോയിട്ടുണ്ടെങ്കില്‍ നമ്മള് അതേ പിന്നീട് ഓര്‍മിക്കുകയുള്ളൂ. ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നു വന്നിട്ടുള്ള ആളാണ് ഞാന്‍. 50 രൂപ ശമ്പളത്തിലാണ് ഞാന്‍ മിമിക്രിയിലേക്ക് കടന്നുവരുന്നത് എന്ന് ഷാജു ശ്രീധർ.
അന്ന് മൈക്ക് എടുക്കണം, ബോക്സ് സെറ്റ് ചെയ്യണം, സ്റ്റേജിലെ കാര്യങ്ങള്‍ സെറ്റ് ചെയ്യണം. 16 വയസ്സുള്ളപ്പോള്‍ മുതല്‍ സ്റ്റേജുകള്‍ കയറി ഇറങ്ങിയ ആളാണ്. അതെല്ലാം ചെയ്താല്‍ കിട്ടുന്ന 50 രൂപയും കൊണ്ട് ഭക്ഷണം കൂടി കഴിച്ചാല്‍ ബാക്കി പത്തു രൂപയെ എന്റെ കൈയില്‍ ഉണ്ടാവുകയുള്ളൂ. നിനക്ക് ഇതല്ലാതെ വേറെ എന്തെങ്കിലും പണിക്ക് പോയിക്കൂടെ എന്ന് വീട്ടുകാര്‍ ചോദിക്കും.
അങ്ങനെ 50 രൂപ ശമ്പളത്തില്‍ നിന്ന് തുടങ്ങി അത് 100 ആവുകയും ഇന്നത്തെ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്തു. എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. പക്ഷേ ഭാര്യ ചാന്ദിനി ജീവിച്ചത് വേറെ സാഹചര്യത്തിലാണ്. എന്‍ജിനീയറായ അച്ഛന്റെയും രണ്ട് ആങ്ങളമാരുടെയും കൂടെ പെറ്റ് ആയി വളര്ന്നവള് ആണ്.
അങ്ങനെയുള്ള ഒരാള്‍ എന്റെ ജീവിതത്തിലേക്ക് വന്ന് എങ്ങനെ അഡ്ജസ്റ്റ് ചെയ്യും എന്നതായിരുന്നു എന്റെ മുന്നിലുള്ള ടാസ്ക്. വിവാഹത്തിനു മുന്‍പ് ഞാന്‍ ഇവളെ എന്റെ വീട്ടില്‍ കൊണ്ടുപോയി. ചെറിയ വീട് ആണെന്നും വീട്ടിലെ സാഹചര്യങ്ങളുമൊക്കെ കാണിച്ചു കൊടുത്തിരുന്നു. പക്ഷേ, ഇതൊക്കെ അവള് അഡ്ജസ്റ്റ് ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എല്ലാം അഡ്ജസ്റ്റ് ചെയ്യുന്ന ഭാര്യ ഉള്ളതാണ് ഷാജു ശ്രീധർ.