പത്തനാപുരം: കഴുത്തില്‍ ഷാള്‍ മുറുകി ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. വിളക്കുടി കോട്ടവട്ടം ജങ്ഷനില്‍ ജോമോന് മത്തായിയുടെ ഭാര്യ ജയമോളാ(32)ണു മരിച്ചത്.
സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജയമോളുടെ പിതാവ് ക്ലീറ്റസിന്റെ മൊഴിയെത്തുടര്‍ന്നാണു ഭര്‍ത്താവ് ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30നായിരുന്നു പത്തനാപുരത്തെ നടുക്കിയ സംഭവം. പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിയമ്മയും മരുമകളും തമ്മിലുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് വിവരം.
ജോമോന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോള്‍ മത്തായിയും തമ്മില്‍ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തര്‍ക്കം നടന്നതായി പോലീസ് പറഞ്ഞു.
പിന്നീട് ജയമോള്‍ ശുചിമുറിയില്‍ കയറി. ഏറെ വൈകിയിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു ജയമോളുടെ മകള്‍ ശുചിമുറിയുടെ കതകു തള്ളിത്തുറന്നു നോക്കുമ്പോള്‍ ജയമോള്‍ അവശനിലയില്‍ നിലത്തു കിടക്കുന്നതാണു കണ്ടത്.
ഉടന്‍ പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. എന്നാല്‍ ജോമോന് ജയമോളെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മക്കള്‍: ദില്‍ന സാറ, ഫെബിന് മാത്യു.