കണ്ണൂർ: കടുത്ത ചൂടേറ്റ് തളരുന്പോൾ ഒന്ന് തണുപ്പിക്കാൻ ഷെയ്ക്ക് കുടിക്കുന്നവർ ജാഗ്രതൈ… കുടിക്കുന്നതിന് മുൻപ് പാലിന്റെ കവർ ഒന്ന് ശ്രദ്ധിച്ച് കാലാവധി നോക്കിയാൽ ആരോഗ്യത്തിന് കുഴപ്പം ഒന്നും വരില്ല.. ഇല്ലെങ്കിൽ വയറിനുള്ള പണി പാലിൻ വെള്ളത്തിൽ കിട്ടും.
കാരണം ആഴ്ചകളും മാസങ്ങളും പഴക്കമുള്ള കവർ പാലാണ് ഷെയ്ക്കിനു ഉപയോഗിക്കുന്നതെന്നാണ് കണ്ണൂർ കോർപറേഷൻ പരിധിയിലെ ആരോഗ്യവിഭാഗം കണ്ടെത്തിയിരിക്കുന്നത്.
സാധാരണ കവറിലുള്ള പാൽ തണുപ്പിച്ച് കട്ടിയാക്കിയാണ് മിക്ക കൂൾബാറുകാരും ഷെയ്ക്കിന് ഉപയോഗിക്കുന്നത്. എന്നാൽ, ഷെയ്ക്ക് അടക്കമുള്ള ജ്യൂസ് ഉത്പന്നങ്ങൾക്ക് പ്രത്യേക തരത്തിലുള്ള കവർ പാൽ മിൽമ തയാറാക്കിയിട്ടുണ്ട്.
ഇതിന് വില കൂടുതൽ നല്കേണ്ടതിനാൽ വാങ്ങുവാൻ ആരും തയാറാകുന്നില്ല. ഒരു കവർ പാലിന് പരമാവധി അഞ്ചുദിവസമാണ് കാലാവധിയുള്ളത്.
എന്നാൽ കാൾടെക്സ് കെഎസ്ആർടിസിയ്ക്കു സമീപത്തെ മിൽമ ഷോപ്പ്, ജ്യൂസ് സെന്റർ എന്നിവടങ്ങളിൽ നിന്നും പിടികൂടിയ കവർ പാൽ ആഴ്ചകൾ പഴക്കമുള്ളതാണ്. കോർപറേഷൻ ഹെൽത്ത് സ്ക്വാഡാണ് ഇന്നലെ നടന്ന റെയ്ഡിൽ പഴകിയ പായ്ക്കറ്റ് പാലുകൾ പിടിച്ചെടുത്തത്.
പരിശോധനകൾ കർശനമാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. മണിപ്രസാദ്, സി.ഹംസ എന്നിവർ നേതൃത്വം നല്കി.