കാണ്‍പുർ: ബംഗ്ലാദേശ് സൂപ്പർ ഓൾ റൗണ്ടർ ഷക്കീബ് അൽ ഹസൻ ട്വന്റി-20 ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നാരംഭിക്കാനിരിക്കേയാണ് തന്റെ വിരമിക്കൽ തീരുമാനം ഷക്കീബ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്. മുപ്പത്തേഴുകാരനായ ഷക്കീബ് ടെസ്റ്റിൽനിന്നുള്ള വിരമിക്കൽ തീയതിയും പ്രഖ്യാപിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ അടുത്ത വർഷം നടക്കുന്ന ഹോം ടെസ്റ്റ് പരന്പരയോടെ രാജ്യാന്തര റെഡ് ബോൾ ക്രിക്കറ്റിനോടും വിടപറയുമെന്നും ഷക്കീബ് അറിയിച്ചു. 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുശേഷമായിരിക്കും 50 ഓവർ വേദിയിൽനിന്ന് ഷക്കീബ് വിരമിക്കുക എന്നാണു സൂചന.
ഐസിസി ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ബൗളരാണ് ഷക്കീബ്. ലോകകപ്പിൽ 43 മത്സരങ്ങളിൽ 50 വിക്കറ്റ് ഈ ഇടംകൈ സ്പിന്നറിനുണ്ട്.
ബംഗ്ലാദേശിനായി 129 ട്വന്റി-20യിൽ ഇറങ്ങി. 13 അർധസെഞ്ചുറി അടക്കം 2551 റണ്‍സ് നേടി, 149 വിക്കറ്റും ഉണ്ട്. 70 ടെസ്റ്റിൽ 242 വിക്കറ്റും 4600 റണ്‍സും നേടി. 247 ഏകദിനങ്ങളിൽനിന്ന് 317 വിക്കറ്റും 7570 റണ്‍സും സ്വന്തമാക്കി.