ദുബായ്: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകൻ ഷക്കീബ് അൽ ഹസന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിന്റെ (ഐസിസി) വിലക്ക്. രണ്ടു വര്‍ഷം മുൻപ് ഒത്തുകളിക്കാൻ ആവശ്യപ്പെട്ടു വാതുവയ്പു സംഘം സമീപിച്ചകാര്യം ഷക്കീബ് മറച്ചുവച്ചതിന്റെ പേരിലാണ് നടപടി. രണ്ട് വർഷത്തേയ്ക്കാണ് താരത്തെ ഐസിസി വിലക്കിയത്. തൽക്കാലം ഒരു വർഷത്തെ വിലക്ക് അനുഭവിച്ചാൽ മതിയെന്നും ഐസിസി വ്യക്തമാക്കി.
മൂന്ന് തവണ വാതുവയ്പ് സംഘം ഷക്കീബിനെ സമീപിച്ചെന്നാണ് ഐസിസി കണ്ടെത്തൽ. വാതുവയ്പു സംഘം ഷക്കീബിനെ സമീപിച്ചെങ്കിലും താരം അതിനു വഴങ്ങിയില്ല. എന്നാല്‍ ഇക്കാര്യം ഐസിസിയെ അറിയിക്കേണ്ട ബാധ്യത ഷക്കീബിനുണ്ടായിരുന്നു. ഇതു രഹസ്യമാക്കി വച്ചതാണ് താരത്തിനു വിനയായത്.
എല്ലാ ഫോര്മാറ്റില്നിന്നുമാണ് താരത്തെ ഐസിസി വിലക്കിയത്. ഇത് ബംഗ്ലാദശിനു വന്‍ തിരിച്ചടിയാണ്. ഓൾറൗണ്ടർമാരുടെ ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് ഷക്കീബ്.
തെറ്റ് സമ്മതിക്കുന്നുവെന്ന് ഷക്കീബ് പറഞ്ഞു. ഐസിസിയെ വിവരമറിയിക്കാതിരുന്നത് തന്റെ പിഴവാണ്. ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുന്നത് ദുഃഖകരണമാണെന്നും ഷക്കീബ് പ്രതികരിച്ചു.