ചെന്നൈ: കോണ്‍ഗ്രസിൽ ചേർന്ന നടി ഷക്കീല തമിഴ്നാട് കോണ്‍ഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിൽ പ്രവർത്തിക്കും.
ഇതിന്റെ സംസ്ഥാന ജറനൽ സെക്രട്ടറി എന്ന നിലയിലാവും പ്രവർത്തിക്കുക. വരുന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്നു വ്യക്തമാക്കിയിട്ടില്ല.
തീർത്തും അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോണ്‍ഗ്രസിലേക്കുള്ള ഷക്കീലയുടെ വരവ്.
സിനിമാനടി എന്നതിനേക്കാൾ ഉറച്ച നിലപാടുള്ള വ്യക്തി എന്ന നിലയിൽ ശ്രദ്ധേയയായ ഷക്കീലയുടെ വരവ് കോണ്‍ഗ്രസിനു ഗുണമാകുമെന്നാണ് വിലയിരുത്തൽ.
നൂറിലേറെ സിനിമകളിൽ അഭിനയിച്ച ഷക്കീല ഇപ്പോൾ സിനിമാ തിരക്കുകളിൽനിന്ന് ഒഴിവായി ചെന്നൈയിൽ താമസിക്കുകയാണ്. മനുഷ്യാവകാശ പ്രശ്നങ്ങളിൽ അവരുടെ നിലപാട് ശ്രദ്ധേയമായിരുന്നു.
അഭിനയജീവിതത്തിന്റെ തുടക്കത്തിൽ മാദക സിനിമകളിലൂടെയാണ് ഷക്കീല അറിയപ്പെട്ടത്.
കേരളത്തിൽ അത്തരം സിനിമകൾ വലിയ തരംഗമായിരുന്നു. സൂപ്പർതാര ചിത്രങ്ങൾക്കുപോലും ഷക്കീലയുടെ സിനിമകൾ വെല്ലുവിളിയായി.
അടുത്തയിടെ ഷക്കീലയുടെ ജീവിതത്തെ അടിസ്ഥാനമാക്കി അതേ പേരിൽ ബോളിവുഡിൽ ബയോപിക് പ്രദർശനത്തിന് എത്തിയിരുന്നു. സീരിയലുകളിലും ടിവി ഷോയിലും അവർ പ്രവർത്തിക്കുന്നുണ്ട്.
ദത്തുപുത്രിയും ട്രാൻസ്ജെൻഡറുമായ മികൾ മില്ലയെ കഴിഞ്ഞദിവസമാണ് ഷക്കീല പരിചയപ്പെടുത്തിയത്.
തന്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂർണമായ സമയങ്ങളിൽ മില്ലയാണ് ജീവിക്കാനുള്ള കരുത്ത് നൽകിയതെന്നാണ് മകളെ പരിചയപ്പെടുത്തി ഷക്കീല പറഞ്ഞത്.