ഞാനും ജയമാലിനിയും ബിക്കിനിയിട്ടാല്‍ നന്നാകില്ല, ശരീര സൗന്ദര്യവുമില്ല; ജനിച്ചു വളര്‍ന്നത് വിദേശത്തുമല്ല; എന്തു കൊണ്ട് സണ്ണി ലിയോണ്‍ സ്വീകരിക്കപ്പെടുന്നെന്നും തങ്ങള്‍ പരിഹസിക്കപ്പെടുന്നെന്നും വ്യക്തമാക്കി ഷക്കീല…

സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത ചില അഭിനേതാക്കളുണ്ട് അവരില്‍ ഒരാളാണ് ഷക്കീല. ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ മലയാളക്കര കീഴടക്കിയ താരറാണിയായിരുന്നു ഷക്കീല. ഇപ്പോള്‍ ബി ഗ്രേഡ് സിനിമകളില്‍ നിന്നും മുഖ്യധാരയിലേക്ക് മാറിയെങ്കിലും ആരാധകര്‍ക്ക് അവര്‍ ഇപ്പോഴും പഴയ ഷക്കീല തന്നെയാണ്.

താന്‍ പങ്കെടുക്കുന്ന എല്ലാ അഭിമുഖങ്ങളിലും സണ്ണി ലിയോണിനെക്കുറിച്ചുള്ള ചോദ്യം നേരിടേണ്ടി വരാറുണ്ടെന്ന് തുറന്നു പറയുകയാണ് ഷക്കീല. മുന്‍ പോണ്‍ താരമായ സണ്ണി സ്‌നേഹിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തില്‍ തന്നെപ്പോലുള്ള ബിഗ്രേഡ് സിനിമാക്കാര്‍ക്ക് ഇപ്പോഴും പുച്ഛവും പരിഹാസവും തന്നെയാണ് നേരിടേണ്ടി വരുന്നതെന്ന് ഷക്കീല പറയുന്നു.

ഞാനും ജയമാലിനിയുമെല്ലാം ബിക്കിനിയിട്ടാല്‍ നന്നാകില്ല. ശരീര സൗന്ദര്യവുമില്ല. പിന്നെ ജനിച്ച് വളര്‍ന്നത് വിദേശ രാജ്യങ്ങളിലുമല്ല. ഇത് തമാശയായി എടുക്കേണ്ട ഒരു വിഷയമല്ല. അല്‍പ്പം ഗൗരവമുള്ള കാര്യമാണ്. എന്നോട് പല അഭിമുഖങ്ങളിലും ഇതേ ചോദ്യം പലരും ചോദിക്കാറുണ്ട്.

ഒരിക്കല്‍ മലയാളത്തിലെ നടന്‍മാര്‍ ഒരു സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ വന്ന സണ്ണിക്കൊപ്പം ചിത്രമെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അത് ഒരു നല്ല മാറ്റമായി ഞാന്‍ കരുതുന്നു. ഞങ്ങളെപ്പോലുള്ളവരെ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ പലരും അവരുടെ സിനിമ ഓടിക്കാന്‍ സണ്ണിയെ കൊണ്ടുവരുന്നു.

എന്റെ സിനിമകണ്ട് കുട്ടികള്‍ വഴിതെറ്റുമെന്ന് പറഞ്ഞ് മാതാപിതാക്കളടക്കം നിരവധി പേര്‍ ഒരുകാലത്ത് എനിക്കെതിരെ വന്നിട്ടുണ്ട്. അവരോട് ഞാന്‍ പറഞ്ഞത് ഇത്രമാത്രം. ആദ്യം കുട്ടികളുടെ അച്ഛന്‍മാര്‍ എന്റെ സിനിമ കാണാതിരിക്കൂ. എന്നിട്ട് കുട്ടികളെ ഉപദേശിക്കൂ.

രജനികാന്ത് സാര്‍ സിഗരറ്റ് വലിക്കുന്ന രംഗം ഒരുപാട് സിനിമകളിലുണ്ട്. അതുകണ്ട് സിഗരറ്റ് വലിച്ച് കുട്ടികള്‍ ചീത്തയാകുമെന്ന് ആരും പറഞ്ഞിട്ടില്ല. അദ്ദേഹം പുകവലിക്കെതിരെ അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതുകേട്ട് ആരും പുകവലി നിര്‍ത്തിയിട്ടില്ല. ഷക്കീല പറയുന്നു.

തനിക്ക് ഒരുപാട് പണമുണ്ടായിരുന്നുവെങ്കില്‍ താന്‍ പോയസ് ഗാര്‍ഡനില്‍ വീടും കോടികളുടെ കാറും വാങ്ങിക്കുമായിരുന്നെന്നും അനാഥ മന്ദിരങ്ങളില്‍ പോയി കുട്ടികളെ ദത്തെടുത്ത് സംരക്ഷിക്കുമായിരുന്നുവെന്നും ഷക്കീല പറയുന്നു.

കൊച്ചു കുഞ്ഞുകള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് തക്കതായ ശിക്ഷ നമ്മുടെ സമൂഹം നല്‍കുന്നില്ല. ഗള്‍ഫില്‍ കൊടുക്കുന്ന ശിക്ഷകള്‍ പോലെ കഠിനമായിരിക്കണം എങ്കില്‍ മാത്രമേ അത് ആവര്‍ത്തിക്കാതിരിക്കൂ ഷക്കീല നയം വ്യക്തമാക്കുന്നു.

 

Related posts