കോഴിക്കോട്: തെന്നിന്ത്യയെ ഒരുകാലത്ത് ഇളക്കി മറിച്ച നടി ഷക്കീല പങ്കെടുക്കാനിരുന്ന ട്രെയിലർ ലോഞ്ചിന് മാൾ അധികൃതർ അനുമതി നിഷേധിച്ചതായി സംവിധായകന്റെ ആക്ഷേപം.
ഒമർ ലുലു സംവിധാനം ചെയ്ത “നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചാണ് ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ചു നടത്താനിരുന്നത്.
എന്നാൽ ചടങ്ങിൽ ഷക്കീല പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞതോടെ മാൾ അധികൃതർ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് സംവിധായകന്റെ ആരോപണം.
ഷക്കീലയെ മാറ്റി നിർത്തി സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ മാത്രം പങ്കെടുത്തുകൊണ്ടുള്ള പരിപാടിക്ക് അനുമതി നൽകാമെന്ന് മാൾ അധികൃർ പറഞ്ഞെങ്കിലും തങ്ങൾ പരിപാടി ഉപേക്ഷിക്കുകയായിരുന്നുവെന്ന് സംവിധായകൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കി.
ഇത്തരം അനുഭവങ്ങൾ തനിക്ക് ആദ്യമല്ലെന്ന് ഷക്കീലയും പ്രതികരിച്ചു. കാലങ്ങളായി താൻ അനുഭവിച്ചുവരുന്നതാണിത്.
എന്തുകൊണ്ടാണ് തന്നെ അംഗീകരിക്കാത്തതെന്ന് മനസിലാകുന്നില്ലെന്നും അവർ വ്യക്തമാക്കി.
സുരക്ഷാ പ്രശ്നങ്ങൾ കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ് മാൾ അധികൃതരുടെ വിശദീകരണം. നേരത്തെ മാളിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിക്കിടെ നടിമാർക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായിരുന്നു.