ധാക്ക: മത്സരത്തിനിടെ സ്റ്റംമ്പ് ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ. ഫേസ്ബുക്കിലൂടെയാണ് ഷാക്കിബ് ആരാധകരോട് മാപ്പ് പറഞ്ഞത്. തന്നെപ്പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരൻ ആ രീതിയിൽ പ്രതികരിക്കരുതായിരുന്നു.
എന്നാൽ ചിലപ്പോൾ നിർഭാഗ്യവശാൽ അത്തരം കാര്യങ്ങൾ സംഭവിക്കുന്നു. തന്റെ തെറ്റിന് ടീം, മാനേജുമെന്റ്, ടൂർണമെന്റ് സംഘാടകർ എന്നിവരോട് ക്ഷമ ചോദിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കില്ലെന്നും ഷാക്കീബ് ഫേസ്ബുക്കിൽ പറഞ്ഞു.
ധാക്ക പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മുഹമ്മദൻ സ്പോർടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രണ്ട് ഓവറുകളിലായി രണ്ട് തവണയാണ് ഷാക്കിബ് വിക്കറ്റിനോട് അരിശം തീർക്കുകയും അംപയറോട് തട്ടിക്കയറുകയും ചെയ്തത്. ലീഗിൽ മുഹമ്മദന്റെ താരമാണ് ഷാക്കിബ്.
ആദ്യം ബാറ്റു ചെയ്ത മുഹമ്മദൻ 20 ഓവറിൽ 145 റൺസെടുത്തു. മറുപടിയിൽ അഞ്ചാം ഓവറിൽ പന്തെറിയാൻ ഷാക്കിബ് എത്തിയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. അബഹാനിക്കായി ബാറ്റു ചെയ്യുന്നത് ബംഗ്ലദേശ് ടീമിൽ ഷാക്കിബിന്റെ സഹതാരമായ മുഷ്ഫിഖർ റഹീമായിരുന്നു.
ഒരു പന്തിൽ ഷാക്കിബ് മുഷ്ഫിക്കറിനെതിരെ എൽബിഡബ്ല്യു ആവശ്യപ്പെട്ട് അപ്പീൽ ചെയ്തു. എന്നാൽ അംപയർ ഔട്ട് അനുവദിക്കാതിരുന്നതോടെ പ്രകോപിതനായ താരം വിക്കറ്റിൽ തൊഴിച്ചു. പിന്നീട് അംപയറോടു തര്ക്കിക്കുകയും ചെയ്തു. സഹതാരങ്ങളെത്തിയാണ് ഷാക്കിബിനെ അനുനയിപ്പിച്ചത്.
5.5 ഓവറിൽ മഴയെ തുടർന്ന് കളി നിർത്തിയപ്പോഴും ഷാക്കിബിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. നോൺസ്ട്രൈക്കർ എൻഡിലേക്ക് ഓടിയടുത്ത താരം അംപയറോട് കയർത്ത് വിക്കറ്റ് വലിച്ചൂരി നിലത്തെറിഞ്ഞു.