നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നും ഇന്ന് മലയാള സിനിമയ്ക്ക് തന്നെ ഭയമാണെന്നും ഷക്കീല. ഒരു കാലത്ത് മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച നടിയാണ് ഷക്കീല. താരം അഭിനയിച്ച കിന്നാരത്തുമ്പികള്‍ അക്കാലത്തെ സൂപ്പര്‍ഹിറ്റുകളിൽ ഒന്നായിരുന്നു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിൽ ‘സദാചാരം എന്ന മിഥ്യ’ എന്ന വിഷയത്തില്‍ ഷക്കീല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷക്കീല എന്ന വാക്ക് ഒരു ബ്രാന്‍ഡ് ആക്കിയത് മലയാള സിനിമയാണെന്നും പക്ഷേ ഇന്ന് മലയാള സിനിമയ്ക്ക് തന്നെ ഭയമാണെന്നും താരം പറഞ്ഞു.
കിന്നാരത്തുമ്പികള്‍ എന്ന സിനിമയിൽ എനിക്ക് അഞ്ച് ദിവസത്തേക്ക് ലഭിച്ച പ്രതിഫലം 25000 രൂപയാണ്. പക്ഷേ, ആ സിനിമ വലിയ ഹിറ്റായി മാറി. അതിന് ശേഷം വന്ന കാതര എന്ന സിനിമ പത്ത് ദിവസത്തെ ഷൂട്ട് ആയിരുന്നു. കാതരയ്ക്ക് ഒരു ദിവസം തനിക്ക് ലഭിച്ചത് 10, 000 രൂപയാണ് എന്നും താരം പറഞ്ഞു.
താനിത്രയും കാലം സിനിമയില്‍ നിന്ന് സമ്പാദിച്ചതെല്ലാം കുടുംബത്തിന് കൊടുത്തു. ഇന്ന് എന്റെ കൈയില്‍ ഒന്നുമില്ല. അതിനാല്‍ തന്നെ ഇന്‍കം ടാക്സിനെ ഭയക്കേണ്ട കാര്യമില്ല. കിട്ടിയ സമ്പാദ്യം മറ്റൊരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ല എന്നും ഷക്കീല വ്യക്തമാക്കി. നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നും എന്നാല്‍ അത് തുറന്നു പറയാന്‍ ചിലര്‍ക്ക് മടിയാണ് എന്നും ഷക്കീല കൂട്ടിച്ചേർത്തു.