ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നടി ഷക്കീല. ഇപ്പോഴിതാ താരം നടൻ വിജയ്യെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
അഴകിയ തമിഴ് മകന് എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോള്‍, ഞാന്‍ സംവിധാകനോട് ആദ്യം പറഞ്ഞത്, എനിക്ക് വിജയ്ക്കൊപ്പം കോമ്പിനേഷന്‍ സീൻ ഒന്നും വയ്ക്കരുത് എന്നാണ്. അങ്ങനെയുണ്ടെങ്കില്‍ ഞാന്‍ വരില്ല എന്നും പറഞ്ഞിരുന്നു.
അതിന് കാരണം, ഒരു കാലത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍ അദ്ദേഹം മാറി, എന്റെ സാഹചര്യങ്ങളും മാറി. അദ്ദേഹം കൂടുതല്‍ ആരോടും സംസാരിക്കില്ല എന്ന് എല്ലാവരും പറയുന്നു. അപ്പോള്‍ സെറ്റില്‍ ഒരുമിച്ചുണ്ടായിട്ടും സംസാരിച്ചില്ലെങ്കില്‍ എനിക്കതു വിഷമമാവും.
അതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കില്ല എന്നു പറഞ്ഞത്. പക്ഷെ സെറ്റിലെത്തി, ആദ്യത്തെ ഷോട്ട് തന്നെ വിജയ്ക്കൊപ്പമായിരുന്നു. അദ്ദേഹം സെറ്റില്‍ എത്തിയപ്പോള്‍ മുതല്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എങ്ങനെ പ്രതികരിക്കും എന്നൊന്നും അറിയില്ല, അറിയാമോ, ഓര്‍മയുണ്ടോ എന്നും അറിയില്ല. എന്നാല്‍ അദ്ദേഹം എന്നെ ദൂരെനിന്നു കണ്ടതും, ഹായ് ഷക്കീ എന്നു പറഞ്ഞു വിളിച്ചു.
അന്ന് സുഹൃത്തുക്കളായിരുന്ന കാലത്ത് വിളിക്കുന്ന പേരാണ് ഷക്കീ എന്നത്. അന്നും അദ്ദേഹം അതോര്‍ത്ത് വിളിച്ചതില്‍ എനിക്ക് അതിശയം തോന്നി. പെട്ടന്ന് ഞാന്‍ സ്റ്റക്ക് ആയി. സെറ്റില്‍ എല്ലാവരും തിരിഞ്ഞുനോക്കി. അടുത്തുവന്നാണ് അതു പറഞ്ഞിരുന്നതെങ്കില്‍ പോലും അത്രയും ഷോക്ക് ഉണ്ടാകുമായിരുന്നില്ല.