മ്യൂണിക്: ഫുട്ബോൾ ലോകത്തിലെ അപൂർവനേട്ടം സ്വന്തമാക്കി സ്വിറ്റ്സർലൻഡ് താരം ഹെർദൻ ഷാക്കിരി. യുവേഫ യൂറോ കപ്പ് ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ സ്കോട്ലൻഡിനെതിരേ ഗോൾ നേടിയതോടെയാണ് ഷാക്കിരി ചരിത്രത്താളുകളിൽ ഇടംപിടിച്ചത്.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ സ്കോട് മക്ടോമിനെയുടെ ഗോളിൽ സ്കോട്ലൻഡ് ലീഡ് നേടി. 26-ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് ഷാക്കിരി തൊടുത്ത ലോംഗ് റേഞ്ച് സ്കോട്ടിഷ് വലയുടെ വലത് മേൽത്തട്ടിൽ തുളഞ്ഞിറങ്ങി.
അതോടെ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള താരങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കാത്ത നേട്ടമാണ് ഷാക്കിരി കൈപ്പിടിയിലാക്കിയത്.
അവസാനം നടന്ന മൂന്ന് ഫിഫ ലോകകപ്പിലും യൂറോ കപ്പിലും ഗോൾ നേടുന്ന ഏക കളിക്കാരനായി ഷാക്കിരി. 2014, 2018, 2022 ലോകകപ്പുകളിലും 2016, 2020, 2024 യൂറോ കപ്പിലും സ്വിസ് ജഴ്സിയിൽ ഷാക്കിരി വലകുലുക്കി.
അഞ്ചടി ഏഴ് ഇഞ്ച് മാത്രമാണ് ഷാക്കിരിയുടെ ഉയരം. യൂഗോസ്ലാവ്യയിൽ ജനിച്ച ഷാക്കിരിയുടെ കുടുംബം 1992ൽ സ്വിറ്റ്സർലൻഡിലേക്ക് കുടിയേറുകയായിരുന്നു.
സ്കോട്ലൻഡും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരം 1-1 സമനിലയിൽ പിരിഞ്ഞതോടെ ഗ്രൂപ്പിൽനിന്ന് ജർമനി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. രണ്ടു മത്സരങ്ങളും ജയിച്ച ജർമനിക്ക് ആറു പോയിന്റായി. രണ്ടു മത്സരം പൂർത്തിയാക്കിയ സ്വിറ്റ്സർലൻഡിന് നാലും സ്കോട്ലൻഡിന് ഒരു പോയിന്റുമാണ്.