തൃശൂർ: ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ശക്തൻ സ്റ്റാൻഡും പരിസരവും ആക്രി വിൽപ്പനക്കാർ തന്പടിച്ച് വൃത്തിഹീനമാക്കുന്നതായി ആക്ഷേപം. ആക്രി വസ് തുക്കൾ കൂട്ടിയിടാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുമുള്ള ഇടമായി ശക്തൻ സ്റ്റാൻഡിനെ ഇതര സംസ്ഥാനക്കാരായ ആക്രി ക്കച്ചവടക്കാർ ഉപയോഗപ്പെടുത്തുന്നുവെന്നാണ് ബസ് ജീവനക്കാർ അടക്കമുള്ളവരുടെ പരാതി. ഇതുമൂലം മൂക്കുപൊത്തിയല്ലാതെ നടക്കാനാവില്ലെന്ന സ്ഥിതിയാണ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും ബസ് ജീവനക്കാർക്കും.
സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യാനുപയോഗിക്കുന്ന സ്ഥലത്താണ് ആക്രി വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നത്. പഴയ വാഹനങ്ങൾ ഉൾപ്പെടെ സ്റ്റാൻഡിൽ ഇട്ട് പൊളിച്ച് അവശിഷ്ടങ്ങൾ അവിടെത്തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.
ആക്രിക്കച്ചവടം നടത്തുന്നവർ രാത്രികാലങ്ങളിൽ തങ്ങുന്നതും സ്റ്റാൻഡിൽ തന്നെയാണ്.
മുപ്പതോളം പേരാണ് സ്റ്റാൻഡിൽ തന്പടിക്കുന്നത്. തമിഴ്നാട് സ്വദേശികളാണ് ഇവരിൽ ഭൂരിഭാഗവും. ഇവർ ഭക്ഷണം പാകം ചെയ്യുന്നതും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതും സ്റ്റാൻഡിന്റെ പരിസരത്തു തന്നെയാണ്. ബസ് സ്റ്റാൻഡിനോട് ചേർന്ന് കോർപറേഷൻ പണിത കാനയും പരിസരപ്രദേശങ്ങളുമാണ് ഇവർ മലമൂത്ര വിസർജനത്തിനായി ഉപയോഗിക്കുന്നത്.
രാത്രിയിൽ ഇവരുടെ കൂട്ടത്തിലുള്ള സ്ത്രീകൾ അടക്കമുള്ളവർ മദ്യലഹരിയിൽ വഴക്കുണ്ടാക്കുന്നതും പതിവാണ്. ഇവരിൽ ചിലർ നിരോധിത പുകലയില ഉൽപന്നങ്ങൾ തമിഴ്നാട്ടിൽ നിന്നെത്തിച്ച് വിൽപന നടത്തുന്നുണ്ടെന്നും പറയുന്നു. രാത്രികാലങ്ങളിൽ ബസ് സർവീസ് ഇല്ലാത്തതിനാൽ ശക്തൻ സ്റ്റാൻഡ് വിജനമായിരിക്കുന്നതും ഇവിടം സാമൂഹിക വിരുദ്ധർ ഉൾപ്പെടെയുള്ളവർ കൈയടക്കാൻ ഇടയാക്കുന്നുണ്ട്.
ശക്തൻ സ്റ്റാൻഡ് ആക്രിക്കാർ കയ്യടക്കുന്നതു സംബന്ധിച്ചു സിറ്റി പോലീസ് കമ്മീഷണർക്കും കോർപറേഷൻ സെക്രട്ടറിക്കും നിവേദനം നൽകുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി ജോസ് കുഴുപ്പിൽ പറഞ്ഞു.
ശക്തൻസ്റ്റാൻഡ് വൃത്തിഹീനമാക്കുന്നതിനെതിരേ ബസ് സ്റ്റാൻഡ് പരിസരത്തെ കച്ചവടക്കാരും രംഗത്ത് വന്നിട്ടുണ്ട്. സ്റ്റാൻഡിലെ മാലിന്യനീക്കം ഉൾപ്പെടെ കൃത്യമായി നിർവഹിക്കാൻ കോർപറേഷൻ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.