സ്വന്തം ലേഖകൻ
തൃശൂർ: ശക്തൻനഗറിലെ മൽസ്യ മാർക്കറ്റിനു മുന്നിലെ ’പൊള്ളാച്ചി മാർക്കറ്റ്’ പൊളിക്കുന്നു. മതിൽകെട്ടി സംരക്ഷിച്ച് വാഹനങ്ങൾക്കു പാർക്കു ചെയ്യാനുള്ള സ്ഥലമാക്കി മാറ്റാനാണു പരിപാടി. ഹൈക്കോടതി ഉത്തരവനുസരിച്ചാണു കൈയേറ്റ കച്ചവടക്കാരായ തമിഴ്നാട്ടുകാരെ ഒഴിപ്പിക്കുന്നത്. കൈയേറ്റങ്ങൾ പൊളിച്ചുനീക്കാൻ ജെസിബിയുമായി ഇന്നു രാവിലെ എത്തിയ കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരേ പ്രതിഷേധവുമായി തമിഴ് സ്ത്രീകൾ തടഞ്ഞു. സംഘർഷത്തിനിടയിൽ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.
സ്ഥലത്ത് എത്തിയ ഈസ്റ്റ് പോലീസ് എസ്ഐ ഇടപെട്ട് തത്കാലം ഒത്തുതീർപ്പുണ്ടാക്കി. ഉച്ചക്കു രണ്ടു മണിക്കുമുന്പേ കൈയേറ്റ കച്ചവടക്കാർ സാധനങ്ങളുമായി സ്ഥലംവിടാമെന്നാണ് ധാരണ. ഉച്ചയ്ക്കു രണ്ടിന് പോലീസ് സംരക്ഷണത്തോടെ കൈയേറ്റങ്ങൾ പൊളിച്ചുനീക്കാനാണ് കോർപറേഷന്റെ തീരുമാനം. ഇവിടെ മതിൽ കെട്ടാൻ ഇന്നുതന്നെ ജെസിബി ഉപയോഗിച്ച് ഇവിടെ തറയ്ക്കുള്ള കുഴിയെടുക്കും.
ഇന്നു രാവിലെ കൈയേറ്റങ്ങൾ പൊളിക്കുമെന്നു ഏതാനും ദിവസം മുന്പും ഇന്നലേയും മുന്നറിയിപ്പു നൽകിയിരുന്നതാണ്. ഒഴിഞ്ഞുപോകാമെന്നു വാക്കുതന്നിരുന്നതുമാണെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്. പച്ചക്കറി മാർക്കറ്റിൽനിന്ന് മൽസ്യമാർക്കറ്റിലേക്കുള്ള ഭാഗത്താണ് അനധികൃത കൈയേറ്റം.
രാജൻ പല്ലൻ മേയറായിരിക്കേ ശക്തൻ മാർക്കറ്റ് കോണ്ക്രീറ്റ് ചെയ്തതിനു ശേഷം കോർപറേഷനിൽ എൽഡിഎഫ് ഭരണം വന്നതിനു പിറകേയാണ് ഈ പ്രദേശം തമിഴ് സ്ത്രീകൾ കൈയേറി കച്ചവടം തുടങ്ങിയത്. തുടക്കത്തിലേ വിഷയം രാഷ്ട്രദീപിക ഫോട്ടോ സഹിതം കോർപറേഷൻ അധികൃതർക്കു മുന്നിൽ അവതരിപ്പിച്ചെങ്കിലും ഗൗനിച്ചില്ല.
സ്ഥലം കൈയേറി തമിഴ്നാട്ടുകാരായ എണ്പതോളം പച്ചക്കറി കച്ചവടശാലകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇവരിലേറെയും സ്ത്രീകളാണ്. മൊത്തം നൂറ്റന്പതോളം തമിഴ്നാട്ടുകാരാണ് ഈ പ്രദേശം കൈയടക്കിയിരിക്കുന്നത്. കൈയേറ്റക്കാരെ കുടിയിരുത്തിയ ബിജെപി- ബിഎംഎസ് നേതാവ് ഓരോ കൈയേറ്റക്കാരിൽനിന്നും ദിവസേനെ മുന്നൂറു മുതൽ അഞ്ഞൂറു രൂപവരെയാണു ഗണ്ടാപിരിവു നടത്തുന്നതെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്
. ഈയിനത്തിൽ ദിവസേനെ ഇയാൾ ഇരുപത്തയ്യായിരം രൂപ പിരിച്ചെടുക്കുന്നുണ്ടത്രേ. ഇവിടെയുള്ള അനധികൃത കച്ചവടക്കാർ ഇടപാടുകാർക്കു പച്ചക്കറിയിട്ടു നൽകുന്ന പ്ലാസ്റ്റിക് കവറുകളുടെ മൊത്തവ്യാപാരിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു.