സ്വന്തം ലേഖകന്‍
തൃശൂര്‍: ശക്തന് പച്ചക്കറി മാര്‍ക്കറ്റിലെയും പരിസരത്തേയും തിരക്കു കുറയ്ക്കാന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ വിജയിച്ചു. ലോക്്ഡൗണ്‍ സമയമാണെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദിവസേന അറുനൂറോളം വാഹനങ്ങളാണ് ശക്തന് മാര്‍ക്കറ്റിലെത്തിയിരുന്നത്.
ജില്ലയിലേക്കുള്ള പച്ചക്കറിയും പലചരക്കും മറ്റും കൊണ്ടുപോകനായി എത്തിയിരുന്ന ചെറുകിട വ്യാപാരികളുടെ വണ്ടികളായിരുന്നു ഇവ. ചെറുകിട വ്യാപാരികള്‍ക്ക് മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന് പോലീസ് ടോക്കണ്‍ ഏര്‍പ്പെടുത്തിയതോടെ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ വ്യാപാരികള്‍ക്ക് മാര്‍ക്കറ്റിലേക്ക് വരാന്‍ സാധിക്കുന്നുള്ളു.
ഒന്ന്, രണ്ട് നമ്പറുകളുള്ള ടോക്കണുകള്‍ക്ക് മാര്‍ക്കറ്റില്‍ വരാന്‍ ദിവസവും നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ ഒന്നരാടം മാത്രമേ ഒരു വ്യാപാരിക്ക് മാര്‍ക്കറ്റില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളു. ഒരു ദിവസം വരുമ്പോള്‍ രണ്ടു ദിവസത്തേക്കുള്ള സാധനങ്ങള്‍ കൊണ്ടുപോകാനും നിര്‍ദ്ദേശമുണ്ട്.
ഈ നിയന്ത്രണം വിജയം കണ്ടതായി എസിപി വി.കെ.രാജു പറഞ്ഞു. ഇപ്പോള്‍ മുന്നൂറ് വണ്ടികളേ ഒരു ദിവസം ശക്തനിലെത്തുന്നുള്ളു. ശക്തന് പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും വാഴക്കുല, കായക്കുല, പൈനാപ്പിള്‍, തണ്ണിമത്തന് എന്നിവയെല്ലാം ശക്തന് സ്റ്റാന്‍ഡിലേക്ക് മാറ്റിയതും തിരക്കു കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്.
ബസുകളൊന്നുമില്ലാത്തതിനാല് ശക്തന് സ്റ്റാന്‍ഡ് ഒഴിഞ്ഞുകിടക്കുകയാണ്. ഇതുപയോഗപ്പെടുത്തിയതോടെ ഇരുപത് മുതല്‍ മുപ്പത് ലോഡ് വരെ അങ്ങോട്ട് പോകുന്നുണ്ട്.
പൊതുജനങ്ങള്‍ക്ക് ഫിഷ്മാര്‍ക്കറ്റില്‍ രാവിലെ ഒമ്പതിനു ശേഷവും പച്ചക്കറി മാര്‍ക്കറ്റില്‍ രാവിലെ എട്ടിനു ശേഷവുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഉച്ചയോടെ മാര്‍ക്കറ്റ് അടയ്ക്കും. അമ്പതോളം പോലീസുകാരെ ശക്തന്‍നഗറില്‍ തിരക്ക് നിയന്ത്രിക്കാനും മറ്റുമായി നിയോഗിച്ചിട്ടുണ്ട്.
കച്ചവടക്കാരുടേയും തൊഴിലാളികളുടേയും സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നതെന്ന് എസിപി പറഞ്ഞു. മാര്‍ക്കറ്റില്‍ ചരക്കിറക്കാന്‍ ഒരേസമയം അഞ്ചുവാഹനങ്ങള്‍ക്ക് മാത്രമേ അനുവാദമുള്ളു.
തൃശൂർ ശക്തൻ മാർക്കറ്റിൽ ചെറുകിട വ്യാപാരികൾക്കുള്ള ടോക്കൺ വാങ്ങാൻ എത്തിയവരുടെ നിര. -രാഷ്ട്രദീപിക.