സ്വന്തം ലേഖകൻ
തൃശൂർ: ശക്തൻ പാലസ് പുതുമോടിയിൽ അണിഞ്ഞൊരുങ്ങി. ഒന്നേമുക്കാൽ കോടിയുടെ നവീകരണ വികസന പ്രവർത്തനങ്ങൾ പൂർത്തിയായതിന് പുറമെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വകയായി അഞ്ചു കോടി രൂപയുടെ ഫണ്ട് പാലസിന്റെ വികസനത്തിനായി അനുവദിക്കപ്പെട്ടിട്ടുണ്ട്.അഞ്ചുകോടിയുടെ ഫണ്ടിൽ നാലുകോടിയോളം രൂപയും കേന്ദ്രത്തിന്റേതാണ്. ബാക്കി സംസ്ഥാന സർക്കാരും വഹിക്കും.
പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറായിട്ടില്ലെങ്കിലും ശക്തൻ പാലസിനെ കേരളത്തിലെ മികച്ച മ്യൂസിയങ്ങളിലൊന്നാക്കുന്നതിനുള്ള സജ്ജീകരണങ്ങളായിരിക്കും ഈ തുക ഉപയോഗിച്ച് നടപ്പാക്കുകയെന്നാണ് സൂചന.തൃശൂർ നഗരത്തിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ ശക്തൻ തന്പുരാൻ കൊട്ടാരത്തെ കൂടുതൽ ആകർഷകമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
കൊട്ടാരം പെയിന്റു ചെയ്ത് മനോഹരമാക്കിയതിനൊപ്പം ഉദ്യാനവും മികവുറ്റതാക്കിയിട്ടുണ്ട്. ശക്തൻ തന്പുരാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നിടത്തേക്ക് നല്ല നടപ്പാത നിർമിച്ചു. സന്ദർശർക്കായി കൂടുതൽ ഇരിപ്പിടങ്ങൾ കൊട്ടാരവളപ്പിൽ സജ്ജമാക്കിയിട്ടുണ്ട്. പുതിയ ടോയല്റ്റ് ബ്ലോക്കും നിർമിച്ചു.കൊട്ടാരവളപ്പിൽ വൻമരങ്ങൾക്ക് പലതിനും തറകെട്ടിയിട്ടുണ്ടായിരുന്നില്ല. ചിലതിന്റെ തറ തകരുകയും ചെയ്തിരുന്നു. ഇവ നന്നാക്കുകയും പുതിയ തറകൾ മരങ്ങൾക്ക് നിർമിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി കൊട്ടാരത്തിനകത്തും പുറത്തും 27 സിസി ടിവി കാമറകൾ സ്ഥാപിച്ചു.
കൊട്ടാര വളപ്പിൽ പല ഭാഗങ്ങളിലായി 11 മിനിമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. സെൻസർ ഘടിപ്പിച്ചിട്ടുള്ള ഇവ സന്ധ്യയാകുന്നതോടെ ഓട്ടോമാറ്റിക്കായി തെളിയുകയും രാവിലെ ആറുമണിയോടെ തനിയെ ഓഫാവുകയും ചെയ്യും വിധമാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ശക്തൻ തന്പുരാൻ കൊട്ടാരം ക്യുറേറ്റർ കെ.വി.ശ്രീനാഥ് പറഞ്ഞു. അഗ്നിശമനസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഫയർ അലാറം സ്ഥാപിച്ചിട്ടുണ്ട്.ഇവയെല്ലാം സജ്ജീകരിക്കാൻ ചിലവായ ഒന്നേമുക്കാൽ കോടി രൂപ സംസ്ഥാന സർക്കാരാണ് നൽകിയത്.
മ്യൂസിയങ്ങളെക്കുറിച്ചുള്ള സങ്കൽപ്പം ഏറെ മാറിയിരിക്കുന്ന പുതിയ കാലഘട്ടത്തിൽ ശക്തൻ തന്പുരാൻ കൊട്ടാരത്തെ കേരളത്തിലെ മികച്ച മ്യൂസിയമാക്കി മാറ്റാനാണ് ഇനിയുള്ള പരിപാടി.മ്യൂസിയത്തിന്റെ പ്രദർശന രീതികളുടെ സമഗ്ര നവീകരണം, മ്യൂസിയം വളപ്പിന്റെ സന്പൂർണ വികസനം എന്നിവയായിരിക്കും വരാൻ പോകുന്ന അഞ്ചുകോടിയുടെ ബൃഹദ് പ്രൊജക്ട് ലക്ഷ്യമിടുന്നത്.
ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയാവുകയും ചരിത്രങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ശക്തൻ പാലസിന് മൂന്നു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 1993ലാണ് ഈ കൊട്ടാരം സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. 2005ൽ ഇവിടെ പുരാവസ്തു മ്യൂസിയം പ്രവർത്തനമാരംഭിച്ചു.ആറ് ഏക്കറിലധികം വിസ്തൃതമായ കൊട്ടാരം വളപ്പാണ് മ്യൂസിയത്തിലെത്തുന്നവരെ ആകർഷിക്കുന്നതിൽ പ്രധാനം.
അപൂർവങ്ങളായ സസ്യവൃക്ഷ ശേഖരമടങ്ങിയ പൈതൃകോദ്യാനവും സർപ്പക്കാവും വടക്കേച്ചിറ കുളത്തിലേക്കുള്ള കുളപ്പടവുകളുമെല്ലാം കേരളത്തിന്റെ പൈതൃകക്കാഴ്ചകളാണ്.തൃശൂർ നഗരത്തിന്റെ സൃഷ്ടാവും പെരുന്പടപ്പ് സ്വരൂപത്തിലെ ഉഗ്രപ്രതാപിയായ നാടുവാഴി ശക്തൻ തന്പുരാന്റെ സ്മൃതികുടീരവും കൊട്ടാരവളപ്പിലാണ്.
ഒന്നേമുക്കാൽ കോടി ചെലവഴിച്ച് നടത്തിയ പദ്ധതികളുടെ സമർപണവും അഞ്ചുകോടി രൂപയുടെ പുതിയ പദ്ധതികളുടെ ഉദ്ഘാടനവും 25ന് രാവിലെ 10ന് കൊട്ടാരം അങ്കണത്തിൽ പുരാവസ്തു പുരാരേഖ മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നിർവഹിക്കും. കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിക്കും.
തൃശൂരിന്റെ ടൂറിസം വികസനത്തിന് ശക്തൻ പാലസിന്റെ വികസനം പ്രധാനഘടകമാണ്. കേന്ദ്രവും സംസ്ഥാനവും അനുവദിച്ച അഞ്ചുകോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ വിനോദസഞ്ചാരികളുടേയും ചരിത്രശേഷിപ്പുകൾ തേടിയെത്തുന്നവരുടേയും പ്രിയപ്പെട്ട ഇടമായി തൃശൂരിലെ ശക്തൻ തന്പുരാൻ കൊട്ടാരംമാറും.