തൃശൂർ: ശക്തൻ നഗറിലെ ഹൈറോഡ് ജംഗ്ഷനിൽ മൂന്നു വർഷം മുന്പ് പണിത കൾവർട്ടിന്റെ കോണ്ക്രീറ്റ് കന്പികൾ അപകടകരമായ വിധത്തിൽ പുറത്ത്. റോഡിനു വിലങ്ങനെയുള്ള കനമുള്ള കന്പിയിൽ തട്ടി ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരും തിരക്കേറിയ നടുറോഡിൽ വീഴുമെന്ന അവസ്ഥയാണ്. മാത്രമല്ല, കലുങ്കിനു കാലക്രമേണ ബലക്ഷയം ഉണ്ടാകുകയും ചെയ്യും.
മഴക്കാലത്ത് ഈ പ്രദേശത്തുണ്ടായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ആറു മാസത്തോളം റോഡ് അടച്ചിട്ടു നിർമിച്ചതാണ് ഈ കൾവർട്ട്. 22 ലക്ഷം രൂപ ചെലവിട്ട് കൾവർട്ട് നിർമിച്ചെങ്കിലും ഈ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിഞ്ഞില്ല. ഇക്കണ്ടവാര്യ റോഡിലും മറ്റുമുള്ള വെള്ളം ചാലുകളിലേക്ക് ഒഴുകിയെത്താനുള്ള ശാസ്ത്രീയ ക്രമീകരണങ്ങൾ ഇല്ലാത്തതാണ് കാരണം.
റോഡുകൾക്ക് ഇരുവശത്തും ശാസ്ത്രീയമായി കാനകൾ നിർമിച്ചതു ശാസ്ത്രീയമായല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കാനകളിലൂടെ നീരൊഴുക്കിനുള്ള ഉയരവും സൗകര്യവും തർക്ക വിഷയമാണ്. പുതുതായി നിർമിച്ച കൾവർട്ടിന്റെ മെറ്റലുകൾ ഇളകിപ്പോയതിനാലാണ് കന്പി പുറത്തുചാടിയത്. കോർപറേഷൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കന്പിയിൽ തട്ടി യാത്രക്കാർ അപകടത്തിൽ അകപ്പെടുമെന്ന അവസ്ഥയാണ്.