തൃശൂർ: കോവിഡ് 19 സമൂഹവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട ശക്തൻ പച്ചക്കറി മാർക്കറ്റ് 15 നു ശേഷം തുറക്കാൻ തീരുമാനം. മന്ത്രി എ.സി. മൊയ്തീന്റെ സാന്നിധ്യത്തിൽ ചേർന്ന വ്യാപാരി – തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണു തീരുമാനം.
മാർക്കറ്റ് കമ്മറ്റി രൂപീകരിച്ച ശേഷം വ്യാപാരികളുടെയും തൊഴിലാളികളുടെ പട്ടിക തയാറാക്കി അധികാരികൾക്കു സമർപ്പിക്കും. അതിനുശേഷം നിബന്ധനകൾക്കു വിധേയമാണ് പച്ചക്കറി മാർക്കറ്റ് തുറക്കുക.
മേയർ, ജില്ലാ കളക്ടർ, സിറ്റി കമ്മീഷണർ, ഡിഎംഒ, വ്യാപാരി-തൊഴിലാളി പ്രതിനിധികൾ എന്നിവരടങ്ങിയ കമ്മിറ്റി ഒരുക്കങ്ങൾ വിലയിരുത്തിയതിനുശേഷം മാത്രമാവും പച്ചക്കറിമാർക്കറ്റ് തുറക്കുക. ആദ്യഘട്ടത്തിൽ പച്ചക്കറി മാർക്കറ്റ് മാത്രമാണു തുറക്കുക.
ഇതിന്റെ പ്രവർത്തനങ്ങളും തിരക്കും പരിശോധിച്ച് അനുകൂല സാഹചര്യമാണെങ്കിൽ വരും ദിവസങ്ങളിൽ മത്സ്യ-ഇറച്ചി മാർക്കറ്റുകളും തുറക്കും.
കർശന നിബന്ധനകളിലൂടെയാവും മാർക്കറ്റിന്റെ പ്രവർത്തനം. കടകളുടെ എണ്ണവും തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തും. കോവിഡ് പരിശോധന കഴിഞ്ഞ് ഫലം നെഗറ്റീവ് ആയ വ്യാപാരികളേയും തൊഴിലാളികളേയും മാത്രമേ മാർക്കറ്റിലേക്കു വരാൻ അനുവദിക്കുകയുള്ളൂ.
60 വയസു കഴിഞ്ഞവരെ മാർക്കറ്റിനകത്ത് അനുവദിക്കില്ല. മാർക്കറ്റ് കമ്മിറ്റി നൽകുന്ന വിശദമായ നിർദേശങ്ങൾ പരിഗണിച്ചാണു മാർക്കറ്റ് തുറക്കുന്ന കാര്യം തീരുമാനിക്കുക.
തൊഴിലാളികൾക്കും വ്യാപാരികൾക്കും ചുമട്ട് തൊഴിലാളികൾക്കും പ്രത്യേക തിരിച്ചറിയൽ കാർഡ് അനുവദിക്കും. ഷിഫ്റ്റ് സന്പ്രദായം നടപ്പിലാക്കും.
നിരീക്ഷണത്തിൽ ഇരിക്കേണ്ട ചില വ്യാപാരികൾ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ പോയി കച്ചവടം നടത്തുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
വഴിയോര തട്ടുകടകളും ആദ്യഘട്ടത്തിൽ അനുവദിക്കില്ല. ശക്തൻമാർക്കറ്റ് കേന്ദ്രീകരിച്ച് വ്യാപാരികൾക്കും തൊഴിലാളികൾക്കും മാത്രമായി ആവശ്യമെങ്കിൽ പ്രത്യേക നിരീക്ഷണ സൗകര്യം ഏർപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
സമൂഹവ്യാപനം കുറയ്ക്കാൻ ഇതുപകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. യോഗത്തിൽ ഗവ. ചീഫ് വിപ്പ് കെ. രാജൻ, മേയർ അജിത ജയരാജൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ, ഡിഎംഒ ഡോ. കെ.ജെ. റീന, ഡിഎസ്ഒ ടി. അയ്യപ്പദാസ്, വ്യാപാരി-തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.