സ്വന്തം ലേഖകൻ
തൃശൂർ: ശക്തൻ പച്ചക്കറി മാർക്കറ്റ് തുറക്കുന്നതിനു മുന്നോടിയായി പീടികമുറികൾക്ക് ആരോഗ്യവകുപ്പിന്റെയും വ്യാപാരികളുടേയും നേതൃത്വത്തിൽ നന്പരിട്ടു. ഒന്ന്, രണ്ട് എന്നീ നന്പരുകളാണ് ഷട്ടറുകളിൽ രേഖപ്പെടുത്തിയത്.
ഒന്നിടവിട്ട കടകളാണ് നാളെ മുതൽ തുറക്കുക. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒന്നാം നന്പർ രേഖപ്പെടുത്തിയ കടമുറികൾ തുറക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രണ്ട് എന്നു രേഖപ്പെടുത്തിയ പീടികമുറികളാണു തുറക്കുക. മാർക്കറ്റിലേക്കു വരുന്നവരുടെ തിരക്കു നിയന്ത്രിക്കാനാണ് ഈ ക്രമീകരണം ഏർപ്പെടുത്തുന്നത്.
പച്ചക്കറി മൊത്തവ്യാപാരികൾക്ക് ഈ നിയന്ത്രണം സ്വീകാര്യമാണെങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കണമെന്നാണു ശക്തനിലെ പലചരക്കു വ്യാപാരികൾ ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിച്ചിട്ടില്ല.
ശക്തൻ മാർക്കറ്റിൽ പുലർച്ചെ മൂന്നിനു പച്ചക്കറി ലോറികളിൽനിന്ന് ചരക്കിറക്കും. രാവിലെ മൊത്തവ്യാപാരികൾ വിവിധ സ്ഥലങ്ങളിൽനിന്ന് എത്തുന്ന വ്യാപാരികൾക്കു മൊത്തവ്യാപാരം നടത്താം. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ വാങ്ങാൻ വരാൻ അനുമതി നൽകൂ. രാവിലെ ഒന്പതു മുതലാണു ചില്ലറ വ്യാപാരം അനുവദിക്കുക.
കോവിഡ് ബാധിച്ചില്ലെന്ന പരിശോധനാ ഫലവും ആധാർ കാർഡും ഫോട്ടോയുമായി തൃശൂർ ഈസ്റ്റ് പോലീസിൽനിന്ന് അനുമതി വാങ്ങുന്നവർക്കു മാത്രമേ കടമുറികൾ തുറക്കാൻ അനുമതി നൽകൂ. അറുപതു വയസു കഴിഞ്ഞവർ കടയിൽ വരരുതെന്നാണു നിർദേശം.
കോർപറേഷന്റെ നേതൃത്വത്തിൽ കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും പരിശോധനയ്ക്കു വിധേയരായവർക്ക് സർട്ടിഫിക്കറ്റു നൽകിയിട്ടില്ല. വ്യാപാരികളും തൊഴിലാളികളും 14 ദിവസം ക്വാറന്റൈനിൽ ഇരുന്നതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പോലീസിന്റെ നിലപാട്.
ഇത്തരം രേഖകൾ ഹാജരാക്കാൻ കഴിയാത്ത വ്യാപാരികൾക്കു കടകൾ തുറക്കാൻ അനുമതി നൽകില്ല. ഇതേസമയം, ശക്തൻ മാർക്കറ്റ് തത്കാലം തുറക്കേണ്ടെന്ന് ശക്തനിലെത്തന്നെ ചില സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയുമായി ബന്ധപ്പെട്ട സംഘടനയ്ക്കാണ് ഈ നിലപാട്.