ന്യൂഡൽഹി: ധനകാര്യ കമ്മീഷൻ അംഗം ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഗവർണറായി നിയമിച്ചു. ഉർജിത് പട്ടേൽ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. മൂന്നു വർഷത്തേക്കാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.മുൻ ധനകാര്യസെക്രട്ടറിയായ ദാസ് തമിഴ്നാട്ടിൽനിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ്. ധനമന്ത്രി അരുൺ ജെയ്റ്റിലിയുടെ അടുപ്പക്കാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്.
തിങ്കളാഴ്ചയായിരുന്നു ഉർജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജി. റിസർവ് ബാങ്കിന്റെ സ്വയംഭരണം ഇല്ലാതാക്കാനും ബാങ്കിന്റെ മൂലധനത്തിൽ കുറേ ഭാഗം എടു ക്കാനും കേന്ദ്ര ധനമന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ മാസങ്ങളായി ചെറുത്തുനിൽക്കുകയായിരുന്നു പട്ടേൽ.
ഈ വെള്ളിയാഴ്ച റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക് ടർ ബോർഡ് ചേരാനിരുന്നതാണ്. കഴിഞ്ഞ 19നു ചർച്ച പൂർത്തിയാകാത്ത ചില വിവാദ വിഷയങ്ങൾ അന്നു ചർച്ച ചെയ്യേണ്ടിയിരുന്നു. ഈ സാഹചര്യത്തി ലായിരുന്നു രാജി. 2016 സെപ്റ്റംബർ നാലിനു ചുമതലയേറ്റ പട്ടേലിന് അടുത്ത സെപ്റ്റംബർ വരെ കാലാവധി ഉണ്ടായിരുന്നു.