ശക്തികുളങ്ങര: ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ശക്തികുളങ്ങര സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ സപ്തതി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. വർണശബളമായി നടക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം രാവിലെ 10ന് കൊല്ലം മേയർ വി.രാജേന്ദ്രബാബു നിർവഹിക്കും. സ്കൂൾ മാനേജർ ഫാ.ലെജു ഐസക് ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രഥമധ്യാപിക റ്റി.എ. മേരിക്കുട്ടി റിപ്പോർട്ട് അവതരിപ്പിക്കും. കൊല്ലം കാത്തലിക്ക് സ്കൂൾ എഡ്യൂക്കേഷൻ സെക്രട്ടറി ഫാ.ബിനു തോമസ് മുഖ്യപ്രഭാഷണം നിർവഹിക്കും.
സ്കോളർഷിപ്പ് വിതരണവും അനുമോദനവും ഫാ.ജഗദീഷ് നിർവഹിക്കും. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ ജെ.വൈ.ജോൺസണു യാത്രയയപ്പും അധ്യാപക-രക്ഷാകർത്തൃ സംഗമവും നടക്കും. മലയാളം-ഇംഗ്ലീഷ് മീഡിയം സ്കൂളായ ഈ വിദ്യാലയത്തിന് കഴിഞ്ഞ വർഷം പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടാൻ കഴിഞ്ഞു.
ഹൈസ്ക്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിൽ പ്രവർത്തിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനം, നൂറ് വിദ്യാർഥികൾക്ക് ഒരേ സമയം ആഹാരം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഭക്ഷണശാല, നവീകരിച്ച ലൈബ്രറി ബ്ലോക്ക്, മനോഹരമായ പൂന്തോട്ടം, വിശാലമായ കളിസ്ഥലം , കാര്യക്ഷമമുള്ള പിടിഎ, എസ്ആർജി ,സ്റ്റാഫ് അസോസിയേഷൻ സയൻസ് ക്ലബ്, മാത്സ്ക്ലബ്, ഐടി ക്ലബ്, സോഷ്യൽസയൻസ് ക്ലബ് , മനുഷ്യാവകാശ ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, എക്കോ ക്ലബ്, ആരോഗ്യ ക്ലബ് , സ്പോർട്സ് ക്ലബ് തുടങ്ങിയവയും എൻസിസി ബാൻഡ് സംഘം എന്നിവ സ്കൂളിന്റെ മികവു തെളിയിക്കുന്നു.
മുംബൈയിൽ നടന്ന ദേശീയ സ്ക്കൂൾ ഗെയിംസിൽ ടെന്നീസ് മത്സരത്തിന്റെ കേരളാ ടീം മാനേജർ ആയതും ഇതേ സ്കൂളിലെ കായികധ്യാപകൻ പി. റ്റി .ഷാജിയായിരുന്നു. ശക്തമായ എൻസിസിയും ആർമിവിംഗ് അധ്യാപകൻ ഡേവിഡിന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാലയ സംബന്ധമായ ക്ലറിക്കൽ ജോലികൾ ബോബി ഐസക്കിന്റെ നേതൃത്വത്തിൽ നടക്കുന്നു.
മികവുറ്റ തരത്തിൽ ഒരു പറ്റം അധ്യാപകർ പഠന, കലാ-കായിക രംഗത്ത് വിദ്യാർഥികളെ മികവുറ്റവരാക്കി മാറ്റുന്നു.
കരുത്തുറ്റ പിടിഎ, എംപിടിഎ, അധ്യാപകർ ഇവർക്ക് നേതൃത്വം നൽകുന്ന പ്രഥമാധ്യാപിക റ്റി.എ. മേരിക്കുട്ടി, പിടിഎ പ്രസിഡന്റ് ജോൺ ബ്രിട്ടോ എന്നിവരുടെ സേവനം സ്കൂളിന് വളരെയേറെ പ്രചോദനം ചെയ്യുന്നു. പൂർവവിദ്യാർഥികൾ, ഇടവക, അജപാലന സമിതി എന്നിവർ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഒരുമയോടെ പ്രവർത്തിക്കുന്നുയ