കൊല്ലങ്കോട്: ഐക്യരാഷ്ട്ര സംഘടന 2018 അന്താരാഷ്ട്ര ശലഭവർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ശലഭോദ്യാനങ്ങൾ വിദ്യാലയങ്ങളിലും മറ്റ് പ്രദേശങ്ങളിലും പരമാവധി പ്രോത്സാഹിപ്പിക്കാൻ ദക്ഷിണേന്ത്യയിലെ തണൽ നടുന്നവരുടെ നാലാം വാർഷികയോഗം തീരുമാനിച്ചു.
പാലക്കാട് ജില്ലയ്ക്ക് അനുകൂലമായ കരിന്പനയുടെ പ്രചരണം തുടരുന്നതോടൊപ്പം വിവിധതരം ആലുകളും പ്രചരിപ്പിക്കാൻ യോഗം ധാരണയായി. ഭാരതപ്പുഴ സംരക്ഷണം പ്രവർത്തനമേഖലയിൽ ഉൾപ്പെടുത്തും.
പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ ആശ്രയം റൂറൽ ഡെവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ശലഭോദ്യാന നിർമ്മാണത്തിന് ആശ്രയം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ തുടക്കംകുറിച്ചു.
യോഗത്തിൽ പങ്കെടുത്ത പുതുതലമുറക്കാരി അലോഷ്യസും കൂട്ടരും ശലഭങ്ങളുടെ മാതൃസസ്യങ്ങളിൽപ്പെട്ട ഇലമുളച്ചി, ഗരുഡക്കൊട്ടി, പൊന്നരളി, തേന്മാവ് തുടങ്ങിയവയും വിവിധ നാടൻ പൂച്ചെടികളും നട്ടുപിടിപ്പിച്ചു. തുടർന്ന് കൊല്ലങ്കോട് ഉൗട്ടറ പരിസരത്ത് കരിന്പന വിത്തുകൾ പാകി ആലും നട്ടുപിടിപ്പിച്ചു.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എസ്.ഗുരുവായൂരപ്പൻ, പി.അരവിന്ദാഷൻ, ബോബൻ മാട്ടുമന്ത, പ്രഫ. കെ.പ്രതീഷ്, ശ്യാംകുമാർ തേങ്കുറിശി, പ്രഫുല്ലദാസ് രാജൻ, കെ.എ.അജേഷ്, വി.ചിത്ര, റീത്ത അരവിന്ദ്, നീനഭരത്, എ.ജി.ശശികുമാർ, മോഹൻദാസ് മന്പറം, വി.ആർ.പ്രിയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തന പരിപാടികൾ ആവിഷ്കരിച്ചത്.