അങ്കമാലി: നടന് ദിലീപിന്റെ ഐഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന സര്‍വീസ് സെന്റര്‍ ഉടമയുടെ മരണം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്.
കൊടകര കോടാലി സ്വദേശി ഷലീഷ് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ അദ്ദേഹത്തിന്റെ സഹോദരന് ശിവദാസ് ആണ് അങ്കമാലി പോലീസില്‍ പരാതി നല്‍കിയത്.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതിന് പിന്നാലെയാണ് പുതിയ പരാതി.
അപകടത്തിന്റെ നിജസ്ഥിതി പുനരന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ പ്രധാന ആവശ്യം.
ദിലീപുമായി ഷലീഷ് നല്ല സൗഹൃദത്തിലായിരുന്നുവെന്നും ദിലീപിന്റെ എല്ലാ ഫോണുകളും ഷലീഷാണ് സര്‍വീസ് ചെയ്തിരുന്നതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
2020 ഓഗസ്റ്റ് 30ന് ഉച്ചയോടെ അങ്കമാലി ടെല്‍ക് മേല്‍പ്പാലത്തിന് സമീപം ഷലീഷ് ഓടിച്ചിരുന്ന ഡസ്റ്റര്‍ കാര്‍ റോഡിന് സമീപത്തെ ഇരുമ്പ് കൈവരിയിലിടിച്ചായിരുന്നു മരണം.
കൊടകരയില്‍നിന്ന് കാക്കനാട്ടേക്ക് പോകുകയായിരുന്നു ഷലീഷ്.
അപകടത്തില്‍ ഷലീഷ് തത്ക്ഷണം മരിച്ചു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാകാമെന്ന അനുമാനത്തിലാണ് പോലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.
സാധാരണ അപകടമെന്നനിലയില് കേസന്വേഷണം പൂര്‍ത്തിയാക്കി പോലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസായതിനാല്‍ തുടരന്വേഷണ സാധ്യത പരിശോധിക്കാന്‍ പോലീസ് നിയമോപദേശം തേടിയതായാണ് വിവരം.
ദിലീപ് പ്രതിയായ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഷലീഷിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തും.
ഇദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുമുമ്പ് നടന്ന കാര്യങ്ങളും മൊബൈല്‍ ഫോണ്‍ രേഖകളും ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് പരിശോധനക്ക് വിധേയമാക്കും.
ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് പിന്നാലെ സംവിധായകന് ബൈജു കൊട്ടാരക്കരയില്‍നിന്നു കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു.