പരിയാരം: കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മോഷ്ടിച്ചവർക്ക് റീപോളിംഗിൽ മറുപടി കൊടുക്കാനായതിന്റെ സന്തോഷത്തിലാണ് കെ.ജെ. ഷാലറ്റ്. പിലാത്തറ സി.എം. നഗർ സ്വദേശിനിയായ ഷാലറ്റ് ഭർത്താവ് വിനു സെബാസ്റ്റ്യനോടൊപ്പമാണ് ഇന്നലെ രാവിലെ എട്ടോടെ പിലാത്തറ എയുപി സ്കൂളിലെ ബൂത്തിലെത്തി തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഷാലറ്റ് പറഞ്ഞു.
കഴിഞ്ഞ മാസം 23 ന് നടന്ന വോട്ടെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ ചെയ്തതിനാൽ ഷാലറ്റിന് വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അന്നു വൈകുന്നേരം ബൂത്തിലെത്തിയ ഷാലറ്റ് അരമണിക്കൂർ നേരം ക്യൂവിൽ നിന്ന് തന്റെ തിരിച്ചറിയൽ രേഖയും സ്ലിപ്പും നൽകിയപ്പോഴാണ് വോട്ട് മറ്റാരോ ചെയ്തുപോയെന്നു മനസിലായത്.
താനറിയാതെ തന്റെ വോട്ടവകാശം മറ്റൊരാൾ വിനിയോഗിച്ചതിനെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ചോദ്യംചെയ്യുകയും ചെറിയതോതിൽ തർക്കമുണ്ടാകുകയും ചെയ്തെങ്കിലും ഉദ്യോഗസ്ഥർ നിസഹായരായി കൈമലർത്തി. ഇതോടെ വോട്ട് ചെയ്യാനാവാതെ ഷാലറ്റിന് തിരിച്ചുപോകേണ്ടി വന്നു.
റീപോളിംഗ് പ്രഖ്യാപിച്ചതോടെയാണ് ഷാലറ്റിന് സ്വന്തം വോട്ട് ചെയ്യാൻ അവസരം കിട്ടിയത്. വോട്ട് ചെയ്തു പുറത്തിറങ്ങിയ ഷാലറ്റ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ ഇരച്ചുകയറിയ സിപിഎം പ്രവർത്തകർ ബഹളം വച്ചതിനെത്തുടർന്ന് പോലീസ് വാഹനത്തിലാണ് ഇവരെ വീട്ടിലെത്തിച്ചത്.